ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വീടുകൾ കൊള്ളയടിക്കാൻ പുതിയ തന്ത്രവുമായി മോഷ്ടാക്കൾ. ഏതൊക്കെ വീടുകളിൽ മോഷണം നടത്തണമെന്നത് മുൻകൂട്ടി തീരുമാനിക്കും; അതും വ്യത്യസ്തമായ രീതിയിലൂടെ. രാത്രി വാതിൽപടികളിൽ കിഡ്നി ബീൻസ് ഒഴിക്കുന്ന മോഷ്ടാക്കൾ പിറ്റേന്ന് അത് വീട്ടുടമസ്ഥർ വൃത്തിയാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും. വീടുകളിൽ ആൾതാമസം ഉണ്ടോയെന്ന് അറിയാനുള്ള ശ്രമമാണിതെന്ന് ഹോം സെക്യൂരിറ്റി വിദഗ്ധർ പറഞ്ഞു. കിഡ്നി ബീൻസ് നീക്കം ചെയ്യാതെ കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് മോഷണം നടക്കുക.

കേൾക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും ഇത്തരം മോഷണ രീതി ഇപ്പോൾ വ്യാപകമാണെന്ന് ഹോം സെക്യൂരിറ്റി വിദഗ്ധർ മുന്നറിയിപ്പ് നൽകി. മലയാളികൾ ഉൾപ്പെടെയുള്ള ഏഷ്യൻ വംശജർ പാർക്കുന്ന വീടുകളെയാണ് മോഷ്ടാക്കൾ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. സ്വർണവും പണവും ഉൾപ്പെടുള്ള വിലപിടിപ്പുള്ള വസ്തുക്കൾ വീട്ടിനുള്ളിൽ ഉണ്ടാകുമെന്ന് മോഷ്ടാക്കൾ കരുതുന്നു.

 

അതിനാൽ വിചിത്രമായ അടയാളങ്ങൾ ശ്രദ്ധിക്കാനും സാധ്യമായ ഇടങ്ങൾ വൃത്തിയാക്കാനും ആളുകൾ ശ്രദ്ധിക്കണം. മാഞ്ചസ്റ്ററിലാണ് ഈ മോഷണ രീതി വ്യാപകമായി കണ്ടുവരുന്നത്‌. മുൻവാതിലിന്റെ താക്കോൽ ദ്വാരത്തിന് മുകളിൽ സെല്ലോടേപ്പ് സ്ട്രിപ്പ് ഒട്ടിച്ചു ആളുകൾ വീട്ടിനുള്ളിൽ ഉണ്ടോയെന്നു പരിശോധിക്കുന്ന രീതിയും തുടർന്നുവരുന്നു. കുടുംബാംഗങ്ങളോടോ വിശ്വസ്തരായ അയൽക്കാരോടോ വീട് നിരീക്ഷിക്കാൻ ആവശ്യപ്പെട്ട ശേഷം ദൂരയാത്ര പോകുന്നതാണ് ഉചിതമെന്നും ഹോം സെക്യൂരിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.