ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മലയാളി യുവാവിനെ ദേശിയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) അറസ്റ്റ് ചെയ്തു. വയനാട് ജില്ലയിലെ മാനന്തവാടി സ്വദേശിയായ റിയാസ് എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാള്‍ മാനന്തവാടി ബിലാക്കാട് സ്വദേശി ദിനേശന് എന്നയാളാണെന്നും പേരുമാറ്റി പത്താന്‍കോട്ടില്‍ കഴിഞ്ഞുവരുകയായിരുന്നുവെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് സമീപ പ്രദേശങ്ങളിലെ ലോഡ്ജുകളില്‍ എന്‍.ഐ.എ നടത്തിയ തെരച്ചിലിന് ഒടുവിലാണ് അറസ്റ്റ്. റിയാസിനൊപ്പം അഞ്ച് മാലിദ്വീപ് സ്വദേശികളും പിടിയിലായിരുന്നു. ഇവരെക്കുറിച്ച് നടത്തിയ വിശദ അന്വേഷണത്തില്‍ റിയാസിന്റെ ഫോണില്‍നിന്നും പാകിസ്താനിലേക്ക് നിരവധി ഫോണ്‍കോളുകള്‍ പോയതായി കണ്ടെത്തിയിരുന്നു. ഇയാള്‍ നല്കിയ റിയാസ് എന്ന പേര് കള്ളമാണെന്നും ദിനേശനെന്നാണ് യഥാര്‍ത്ത പേരെന്നും തെളിഞ്ഞതോടെ എന്‍.ഐ.എ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മലയാളിയാണെന്ന കണ്ടെത്തലില്‍ ദിനേശനെകുറിച്ച് അന്വേഷിക്കാന്‍ കേരള പോലീസിന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നിര്‍ദേശം നല്കി. തുടര്‍ന്ന് മാനന്തവാടി പോലീസ് നടത്തിയ അന്വേഷണത്തില്‍ സ്പിരിറ്റുകേസില്‍ പ്രതിയായി 13 വര്‍ഷം മുമ്പ് സൗദി അറേബ്യയിലേക്ക് നാടുവിട്ടയാളാണ് ദിനേശനെന്നും കണ്ടെത്തി. രാജ്യംവിട്ട ദിനേശന് പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു എന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നല്കുന്ന സൂചന. നാടുവിട്ടതിന് ശേഷം ഇയാള്‍ കുടുംബവുമായി ബന്ധപ്പെട്ടിരുന്നില്ല. ഇടത്തരം കുടുംബത്തില്‍നിന്നുള്ളയാളാണ് ദിനേശന്.