ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബുധനാഴ്‌ച രാവിലെ ലണ്ടനിലെ ജയിലിൽ നിന്നും രക്ഷപ്പെട്ട തീവ്രവാദിയെന്ന് സംശയിക്കുന്ന മുൻ സൈനികന് വേണ്ടിയുള്ള തിരിച്ചിൽ രാജ്യവ്യാപകമായി ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. സൈനിക താവളത്തിൽ വ്യാജ ബോംബുകൾ ഉപേക്ഷിച്ചുവെന്നാരോപിച്ച് ലണ്ടനിലെ എച്ച്എംപി വാൻഡ്‌സ്‌വർത്ത് ജയിലിൽ വിചാരണയ്ക്കായി കാത്തിരിക്കുകയായിരുന്ന ഇരുപത്തൊന്നുകാരനായ ഡാനിയേൽ ആബേദ് ഖാലിഫാണ് കഴിഞ്ഞദിവസം ജയിൽ ചാടിയത്. ജയിലിന്റെ അടുക്കളയിലൂടെ ആണ് ഇയാൾ രക്ഷപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം.
ജയിലിന്റെ അടുക്കളയിലേക്ക് ഭക്ഷണ സാധനങ്ങളുമായി എത്തിയ ഫുഡ് ഡെലിവറി വാനിന്റെ അടിയിൽ ഇയാൾ തന്നെ കെട്ടിയിട്ട് ആണ് രക്ഷപ്പെട്ടത്. ഇതേ തുടർന്ന് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമെല്ലാം അധിക സുരക്ഷാ പരിശോധന കർശനമാക്കിയിരിക്കുകയാണ്. എത്തരത്തിലാണ് ഇയാൾ ജയിലിൽ നിന്ന് രക്ഷപ്പെട്ടത് എന്ന് കണ്ടെത്തുവാൻ പ്രിസൺ സർവീസ് ഉദ്യോഗസ്ഥർ മെട്രോപോളിറ്റൻ പോലീസ് അധികൃതമായി ചേർന്ന് അന്വേഷണത്തിൽ പങ്കുകൊള്ളുന്നുണ്ട്. തെക്ക്-പടിഞ്ഞാറൻ ലണ്ടനിലെ ബി കാറ്റഗറി ജയിലായ എച്ച്എംപി വാൻഡ്‌സ്‌വർത്തിൽ നിന്ന് ഏകദേശം രാവിലെ 7:50 ന് രക്ഷപ്പെട്ടതിന് മുൻപ് ഖാലിഫ് അടുക്കളയിലായിരുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ആറടി 2 ഇഞ്ച് ഉയരമുള്ള ഇയാളെ ജയിൽ ഷെഫിന്റെ യൂണിഫോമായ വെള്ള ടീ ഷർട്ടും ചുവപ്പും വെള്ളയും കലർന്ന ചെക്കഡ് ട്രൗസറും ധരിച്ചാണ് അവസാനമായി കണ്ടതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇയാൾ പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കാനുള്ള സാധ്യത കുറവാണെങ്കിലും കണ്ടെത്തുന്നവർ തനിയെ കീഴ്പ്പെടുത്താൻ ശ്രമിക്കാതെ ഉടൻതന്നെ പോലീസിനെ അറിയിക്കണമെന്നുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. 2019 ലാണ് ഖാലിഫ് സൈന്യത്തിൽ ചേർന്നത്. ഭീകരപ്രവർത്തനത്തിനു സഹായിക്കുകയും, അതോടൊപ്പം തന്നെ ശത്രുവിന് ഉപകാരപ്രദമായ വിവരങ്ങൾ ശേഖരിച്ചു കൊടുക്കുകയും ചെയ്തു തുടങ്ങിയ കുറ്റങ്ങൾ ആരോപിക്കപ്പെട്ട് വിചാരണ കാത്ത് റിമാൻഡിലായിരുന്നു ഇയാൾ. നിലവിലെ സാഹചര്യത്തിൽ രാജ്യത്തുടനീളം ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണങ്ങൾ നടന്നുവരികയാണ്.
Leave a Reply