ന്യൂസ് ഡെസ്ക്

ഇന്ത്യാ പാക് അതിർത്തി സംഘർഷത്താൽ കൂടുതൽ കലുഷിതമാവുന്നു. ഇന്ത്യൻ പൈലറ്റിനെ പിടികൂടിയെന്ന പാകിസ്താന്റെ അവകാശവാദത്തിനു പിന്നാലെ ഇന്ത്യൻ പൈലറ്റ് ഇതുവരെ തിരിച്ചെത്തിയില്ലെന്ന് സ്ഥിരീകരണം വന്നു. വിദേശ കാര്യ വക്താവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിത്.

മിഗ് 21 ബൈസൺ ജെറ്റിൽ സഞ്ചരിച്ച പൈലറ്റിനെയാണ് കാണാതായതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ തങ്ങളുടെ കസ്റ്റഡിയിലാണെന്ന് നേരത്തെ പാകിസ്താൻ അവകാശപ്പെട്ടിരുന്നു. കസ്റ്റഡിയിലുള്ള പൈലറ്റിന്റെ വീഡിയോയടക്കം അവർ പുറത്തു വിട്ടിരുന്നു. എന്നാൽ കാണാതായ പൈലറ്റിന്റെ വിശദ വിവരങ്ങൾ ഇന്ത്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പാക് വ്യോമാതിർത്തി കടന്ന രണ്ട് ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടെന്നും പൈലറ്റിനെ കസ്റ്റഡിയിലെടുത്തുവെന്നും പാക് സൈനിക മേജർ ജനറൽ എ ഗഫൂർ അവകാശപ്പെട്ടിരുന്നു. ഒരു വിമാനം പാക് അധീന കശ്മീരിലും മറ്റൊന്ന് ഇന്ത്യൻ അതിർത്തിക്കുള്ളിലും വീണെന്നാണ് പാകിസ്താൻ അവകാശപ്പെടുന്നത്.