സ്കൂളുകള്‍ തുറക്കാന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കി. മാതാപിതാക്കളുടെ രേഖാ മൂലമുള്ള അനുമതിയുണ്ടെങ്കില്‍ മാത്രം വിദ്യാര്‍ഥികള്‍ സ്കൂളില്‍ പോയാല്‍ മതി. ഹാജറിന്‍റെ കാര്യത്തില്‍ കടുംപിടുത്തമുണ്ടാകില്ല. വീട്ടിലിരുന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുവാദം നല്‍കും. ഈ മാസം 15 മുതല്‍ ഘട്ടംഘട്ടമായി സ്കൂള്‍ തുറക്കാനാണ് മാര്‍ഗരേഖ. സ്കൂളില്‍ അണുനശീകരണം നടത്തണം. ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കണം. സാമൂഹിക അകലം പാലിച്ചായിരിക്കണം വിദ്യാര്‍ഥികളുടെ ഇരിപ്പിടങ്ങള്‍. സ്കൂളിലുള്ള മുഴുവന്‍ സമയവും വിദ്യാര്‍ഥികളും അധ്യാപകരും മറ്റു ജീവനക്കാരും മാസ്ക് ധരിക്കണം. സ്കൂളില്‍ പരിപാടികളും ചടങ്ങുകളും അനുവദിക്കില്ല. അടിയന്തരസാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കര്‍മസമിതികള്‍ രൂപീകരിക്കണം. തിരക്കൊഴിവാക്കാന്‍ കഴിയുംവിധം പിരീഡുകളും പരീക്ഷകളും ക്രമീകരിക്കണം. പാഠപുസ്തകങ്ങള്‍ സ്കൂള്‍ തുറക്കും മുന്‍പ് ലഭ്യമാക്കണം. സംസ്ഥാനങ്ങള്‍ക്ക് അവിടുത്തെ സാഹചര്യം അനുസരിച്ച് കൂടുതല്‍ മാര്‍ഗനിര്‍ദേശം തയ്യാറാക്കാമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.