ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ടെസ്കോ സൂപ്പർ മാർക്കറ്റിൽ നിന്നും ട്രോളിയിൽ നിറയെ കുക്കിംഗ് ഓയിൽ വാങ്ങി തന്റെ കാറിൽ നിറയ്ക്കുന്ന കസ്റ്റമറുടെ വീഡിയോ ദൃശ്യമാണ് ഇപ്പോൾ ബ്രിട്ടണിൽ വൈറലായിരിക്കുന്നത്. ഇന്ധനവില ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിലാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം. സൂപ്പർ മാർക്കറ്റിൽ എത്തിയ മറ്റൊരു കസ്റ്റമറായ മാർക്ക് റെയിൻഫോർഡാണ് ഈ ദൃശ്യം പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇന്ധനവില എവിടെയെത്തി നിൽക്കുന്നു എന്ന അടിക്കുറിപ്പോടെ ആയിരുന്നു ഈ വീഡിയോ ദൃശ്യം പോസ്റ്റ് ചെയ്യപ്പെട്ടത്. ഈ വീഡിയോയ്ക്ക് നിരവധി കമന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. പലപ്പോഴും കാണുമ്പോൾ പരിഹാസകരമായി തോന്നുമെങ്കിലും, ജനങ്ങളുടെ അവസ്ഥ പ്രതിസന്ധിയിലാണെന്ന് പോസ്റ്റ് ചെയ്ത മാർക്ക് വ്യക്തമാക്കി. ബുധനാഴ്ച രാവിലെ ഡീസൽ വില റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഡീസൽ വില നിലവിൽ ഒരു ലിറ്ററിന് 1.76 പൗണ്ടും പെട്രോളിന് 1.64 പൗണ്ടുമാണ് ഉള്ളത്.
ഈ പ്രവർത്തി മൂലം വാഹനത്തിന്റെ എഞ്ചിന് ഉണ്ടാകാവുന്ന തകരാറുകളെ സംബന്ധിച്ചും വീഡിയോയ്ക്ക് പുറകെ ചർച്ചയായിരുന്നു. വെജിറ്റബിൾ ഓയിലിൽ നിന്നും ബയോ ഡീസൽ ഉണ്ടാക്കാൻ സാധ്യമാണെങ്കിലും, നേരിട്ട് കുക്കിംഗ് ഓയിൽ വാഹനത്തിലേക്ക് ഒഴിക്കുന്നത് എഞ്ചിന് തകരാർ ആണെന്നാണ് വാഹന കമ്പനികൾ വ്യക്തമാക്കുന്നത്.
Leave a Reply