ലണ്ടന്‍: സൂപ്പര്‍മാര്‍ക്കറ്റ് വമ്പനായ ടെസ്‌കോ തങ്ങളുടെ 1700 തസ്തികകളിലുള്ള ജീവനക്കാരെ ഒഴിവാക്കുന്നു. യുകെയിലൊട്ടാകെയുള്ള സ്റ്റോറുകളിലെ ഷോപ്പ് ഫ്‌ളോര്‍ ജീവനക്കാരെയാണ് ഒഴിവാക്കുന്നത്. തങ്ങളുടെ സ്റ്റാഫിംഗ് ഘടന ലളിതമാക്കുന്നതിനായാണ് ചില തസ്തികകള്‍ ഇല്ലാതാക്കുന്നതെന്നാണ് കമ്പനി വിശദീകരിക്കുന്നത്. പീപ്പിള്‍ മാനേജര്‍, കോംപ്ലിയന്‍സ് മാനേജര്‍ തുടങ്ങിയ തസ്തികകള്‍ ഇതനുസരിച്ച് ഇനി മുതല്‍ ടെസ്‌കോയുടെ സ്‌റ്റോറുകളിലും ഫുള്‍ഫില്‍മെന്റ് സെന്ററുകളിലും ഉണ്ടാവില്ല. 226 സ്റ്റോറുകളിലെ കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് മാനേജര്‍ പോസ്റ്റുകളും ഒഴിവാക്കിയവയില്‍ പെടുന്നു.

ഉപഭോക്താക്കളുമായി ഇടപെടുന്നതിനും അവരുടെ സേവനങ്ങള്‍ക്കും ലൈന്‍ മാനേജര്‍മാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കി. തസ്തികകള്‍ ഇല്ലാതാകുമ്പോള്‍ അധികം വരുന്ന ജീവനക്കാര്‍ക്ക് അവസരം നല്‍കേണ്ടി വരുന്നത് ടെസ്‌കോയിലെ ജീവനക്കാര്‍ക്കിടയില്‍ പ്രതിസന്ധിയുണ്ടാക്കിയേക്കും. എന്നാല്‍ മാറ്റങ്ങളുടെ ഭാഗമായി ഡിസ്ട്രിബ്യൂഷന്‍, സ്റ്റോര്‍, ഫുള്‍ഫില്‍മെന്റ് മേഖലകളിലായി 900 അധിക തസ്തികകള്‍ സൃഷ്ടിക്കുമെന്നാണ് ടെസ്‌കോ അവകാശപ്പെടുന്നത്. തങ്ങളുടെ വ്യവസായം മത്സരക്ഷമതയുള്ളതും ഭാവിയെ ലക്ഷ്യമിട്ടുള്ളതുമാക്കുന്നതിനായാണ് ഈ മാറ്റങ്ങള്‍ വരുത്തുന്നതെന്ന് ടെസ്‌കോ യുകെ, അയര്‍ലന്‍ഡ് സിഇഒ, മാറ്റ് ഡേവിസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ മാറ്റങ്ങള്‍ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കുകയും ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും കാര്യങ്ങള്‍ കൂടുതല്‍ ലളിതമാക്കുകയും ചെയ്യുമെന്നും ഡേവിസ് പറഞ്ഞു. തസ്തികകള്‍ ഒഴിവാക്കുമ്പോള്‍ പരമാവധി ജീവനക്കാര്‍ക്ക് കമ്പനിയില്‍ അവസരങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്നും ഡേവിസ് വ്യക്തമാക്കി. കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും തങ്ങളുടെ അംഗങ്ങള്‍ക്ക് സംരക്ഷണം നല്‍കാനുള്ള നടപടികള്‍ ഉറപ്പാക്കുമെന്നുമാണ് ട്രേഡ് യൂണിയനുകള്‍ പ്രതികരിക്കുന്നത്.