ന്യൂസ് ഡെസ്ക് , മലയാളം യുകെ
യു.കെയുടെ കൊച്ചു വാനമ്പാടിയെന്ന് വിളിപ്പേരുള്ള ടെസ്സ ജോൺ ക്രിസ്തുമസിനെ വരവേൽക്കുന്നത് ഒരു പിടി നല്ല ഗാനങ്ങളുമായാണ്. മഹാമാരിയുടെ കാലഘട്ടത്തിൽ മനസ്സിനും കാതുകൾക്കും കുളിർമ പകരുന്നതാണ് യൂട്യൂബ് ചാനലിലൂടെ ആസ്വാദകർക്കായി സമർപ്പിച്ചിരിക്കുന്ന ഗാനങ്ങൾ . പൂനെ സ്വദേശി മായാ ജേക്കബ് രചന നിർവഹിച്ച ഗാനങ്ങൾക്ക് ഈശോയുടെ പാട്ടുകാരൻ എന്നു വിളിപ്പേരുള്ള ഫാ. മാത്യൂസ് പയ്യമ്പള്ളിയാണ് സംഗീതം നൽകിയിരിക്കുന്നത്, റിയാ കമ്മ്യൂണിക്കേഷന്റെ ബാനറിൽ വിൻസൺ തോമസ് നിർമ്മിച്ചിരിക്കുന്ന ഗാനത്തിന്റെ ഓർക്കസ്ട്ര ബിനു മധുരമ്പുഴയുടേതാണ്.
നൃത്തം, പ്രസംഗം, പദ്യപാരായണം ബൈബിൾ ക്വിസ് തുടങ്ങിയവയിൽ പ്രാഗല്ഭ്യം തെളിയിച്ചിരിക്കുന്ന പതിനാലുകാരിയായ ടെസ്സയുടെ മാതാപിതാക്കൾ കേംബ്രിഡ്ജിൽ താമസിക്കുന്ന കോട്ടയം സ്വദേശികളായ സ്റ്റാൻലി തോമസും സൂസൻ ഫ്രാൻസിസുമാണ്. കാര്യമായ സംഗീത പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത കുടുംബത്തിൽ നിന്ന് വന്ന ടെസ്സ സൂസൻ ജോണിന്റെ ഗാനങ്ങൾ ഇതിനോടകം ആലാപന ശൈലി കൊണ്ടും സ്വരമാധുരി കൊണ്ടും ആസ്വാദക ശ്രദ്ധ നേടിയിരിക്കുന്നു. യാദൃശ്ചികമായി ടെസ്സയുടെ പാട്ട് കേൾക്കാൻ ഇടയായ ന്യത്താധ്യാപികയായ ലക്ഷ്മി ടീച്ചറാണ് ടെസ്സ സൂസൻ ജോണിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ് സംഗീതം പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത മാതാപിതാക്കളെ ബോധ്യപ്പെടുത്തിയത്. 14 വയസ്സിനിടെ നിരവധി സംഗീത ആൽബങ്ങളിലാണ് ഇതിനോടകം ടെസ്സ പാടിയിരിക്കുന്നത് . കെ. എസ്. ചിത്ര ,എം. ജി. ശ്രീകുമാർ , ജി. വേണുഗോപാൽ തുടങ്ങിയവർക്കൊപ്പം നിരവധി സ്റ്റേജ് പ്രോഗ്രാമുകളിൽ ഇതിനോടകം ടെസ്സ പാടിയിട്ടുണ്ട് . എന്തായാലും സംഗീതലോകത്തെ നാളെയുടെ വാഗ്ദാനമായ ടെസ്സ യു.കെ മലയാളികൾക്ക് അഭിമാനമാണ് . ടെസ്സയുടെ ക്രിസ്തുമസ് ഗാനങ്ങൾ കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Leave a Reply