പാക്ക് വംശജനായ ബ്രിട്ടിഷ് അക്രമി യുഎസിലെ ടെക്സസിലുള്ള ജൂതപ്പള്ളിയിൽ റാബിയെ അടക്കം ബന്ദിയാക്കിയ സംഭവത്തിൽ 2 പേരെ അറസ്റ്റ് ചെയ്തു. മാഞ്ചസ്റ്ററിലും ബർമിങ്ങാമിലുമായാണ് അറസ്റ്റ്. ഇവരെ ചോദ്യം ചെയ്തുവരുന്നു. നേരത്തേ അറസ്റ്റ് ചെയ്ത 2 കൗമാരക്കാരെ നിരപരാധികളെന്നു ബോധ്യപ്പെട്ടു വിട്ടു.
ജൂതപ്പള്ളിയിൽ ആരാധനയ്ക്കിടെ തോക്കു ചൂണ്ടി 4 പേരെ ബന്ദികളാക്കി 10 മണിക്കൂർ പരിഭ്രാന്തി സൃഷ്ടിച്ച മാലിക് ഫൈസൽ അക്രമിനെ(44) എഫ്ബിഐ കമാൻഡോ സംഘം വധിച്ചിരുന്നു. ‘ലേഡി അൽ ഖായിദ’ എന്നു വിളിപ്പേരുള്ള വിവാദ പാക്ക് ന്യൂറോ സയന്റിസ്റ്റ് ആഫിയ സിദ്ദിഖിയെ യുഎസ് ജയിലിൽനിന്നു മോചിപ്പിക്കണമെന്നായിരുന്നു അക്രമിന്റെ ആവശ്യം.
വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ബ്ലാക്ബേൺ നിവാസിയായിരുന്ന ഇയാൾ ടെക്സസിലെ അതിക്രമത്തിനിടെ സഹോദരൻ ഗുൽബാറിനെ ഫോൺ ചെയ്തിരുന്നു. ബ്രിട്ടനിലിരുന്ന് സഹോദരൻ നടത്തിയ അനുനയ ശ്രമം പരാജയപ്പെട്ടു. മാനസികദൗർബല്യമുള്ള അക്രം എങ്ങനെ യുഎസിൽ എത്തിയെന്നാണ് ബ്രിട്ടനിലെ പരിചയക്കാർ അദ്ഭുതപ്പെടുന്നത്.
Leave a Reply