ആശ്രിത നിയമനത്തിലൂടെ ജോലി സ്വന്തമാക്കാൻ പിതാവിനെ കൊലപ്പെടുത്തി മകൻ. ജാർഖണ്ഡിലെ രാംഗർഹിലാണ് സംഭവം. പിതാവ് മരിച്ചാൽ ലഭിക്കുന്ന ആശ്രിതനിയമനത്തിനായാണ് 35കാരനായ തൊഴിൽരഹിതനായ യുവാവ് പിതാവിനെ കൊലപ്പെടുത്തിയത്.
ഇയാളുടെ പിതാവ് കൃഷ്ണ രാം (55) സെൻട്രൽ കോൾ ഫീൽഡ്സ് ലിമിറ്റഡിലെ (സിസിഎൽ) ജോലിക്കാരനായിരുന്നു. ഈ ജോലി കരസ്ഥമാക്കാനാണ് 35കാരനായ മൂത്തമകൻ കൊലപ്പെടുത്തിയത്. രാംഗർഹ് ജില്ലയിലെ ബർക്കകാനയിൽ സിസിഎല്ലിന്റെ സെൻട്രൽ വർക്ക്ഷോപ്പിൽ ഹെഡ് സെക്യൂരിറ്റി ഗാർഡായിരുന്നു കൃഷ്ണ റാം. വ്യാഴാഴ്ച പുലർച്ചെയാണ് കഴുത്തിനു മുറിവേറ്റ് മരിച്ച നിലയിൽ കൃഷ്ണയെ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രിയോടെ മകൻ കൃഷ്ണ രാമിനെ ബർക്കകാനയിൽ വച്ച് കഴുത്തുമുറിച്ച് കൊലപ്പെടുത്തിയെന്ന് സബ് ഡിവിഷനൽ പോലീസ് ഓഫിസർ (എസ്ഡിപിഒ) പ്രകാശ് ചന്ദ്ര മഹ്തോയുടെ നേതൃത്വത്തിലെ അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും കൃഷ്ണയുടെ മൊബൈൽ ഫോണും സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു.
തനിക്ക് സിസിഎല്ലിൽ ജോലി ലഭിക്കുന്നതിനായാണ് പിതാവിനെ കൊലപ്പെടുത്തിയെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. സിസിഎല്ലിന്റെ വ്യവസ്ഥകൾ പ്രകാരം ജീവനക്കാരൻ തന്റെ സേവന കാലയളവിൽ മരിച്ചാൽ, ആ ജീവനക്കാരനെ ആശ്രയിക്കുന്ന കുടുംബാംഗത്തിന് ജോലി നൽകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!