ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്
“ഓർമ്മകൾ വേണം, നമ്മുടെ സംസ്കാരവും പൈതൃകവും മറക്കാതിരിക്കാനും വരും തലമുറയ്ക്ക് പകർന്നുകൊടുക്കാനും അവയൊക്കെ നശിക്കാതെ സൂക്ഷിക്കയും വേണം” ആരോട് പറയാൻ !
എന്റെ വല്യപ്പന്റെ അപ്പനെ ഞാൻ കണ്ടിട്ടില്ല. പക്ഷെ നല്ലതുപോലെ അറിയാം. കുട്ടിക്കാലത്ത് ഓടിച്ചാടി നടന്ന പഴയ തറവാടിന്റെ കൊത്തുപണികൾ നിറഞ്ഞ നിരയിൽ വളരെ ബ്ളാക് ആൻഡ് വൈറ്റ് ഫോട്ടോകൾ നിരന്നു നിറഞ്ഞുനിന്നിരുന്നു. കുടുംബത്തിലെ പഴയതലമുറയിലെ അച്ചായന്മാരും അപ്പാപ്പന്മാരും ചുരുക്കം ചില അമ്മച്ചിമാരും പേരമ്മമാരും സിസ്തു പാസ്സായതിന്റെ നിറം മങ്ങിക്കൊണ്ടിരുന്ന ചില്ലിട്ട ഫോട്ടോകൾ ആയിരുന്നു അവയിൽ പലതും. പിന്നെ കുറെ കളർപ്പടങ്ങൾ ഉണ്ടായിരുന്നത് , ഈശോ മറിയം ഔസേപ്പും തിരുവത്താഴവും ക്രൂശിൽക്കിടക്കുന്ന യേശുനാഥന്റെ ദയനീയമായ ചിത്രവും, കുടുംബത്തിൽ മരിച്ചുപോയ തിരുമേനിയുടെയും ഒക്കെ പടങ്ങൾ ആയിരുന്നു . എന്നാൽ അവയിൽനിന്നൊക്കെയും വ്യത്യസ്തമായി ഇന്നും ഓർമ്മയിൽ നിൽക്കുന്ന രണ്ട് എണ്ണ ഛായാ ചിത്രങ്ങൾ ഉണ്ടെന്നു പറയേണ്ടിയിരിക്കുന്നു . ഒന്നു, മുൻപ് പറഞ്ഞ വല്യപ്പച്ചന്റെ അപ്പൻ, വലിയ തലേക്കെട്ടും കെട്ടി, പിച്ചളകെട്ടിയ സിംഹമുഖമുള്ള കൈപ്പിടിയിൽ വലതുകൈപ്പത്തിയും അമർത്തിപ്പിടിച്ചു, കസവു നേര്യതും ചാർത്തി, നരച്ച കൊമ്പൻമീശയും വിരാജിച്ചു, ഉണ്ടക്കണ്ണുകൊണ്ട് കൃത്യം എന്നെ നോക്കുന്നതുപോലെയുള്ള ആ പടം. രണ്ടാമത്തേത് , കുടുംബത്തിൽപ്പെട്ട ഒരു അപ്പാപ്പൻ രണ്ടാംലോകമഹായുദ്ധത്തിനു മുമ്പേ ബ്രിട്ടീഷ് പൈലറ്റ് ആയിരിക്കുമ്പോൾ മൗണ്ട് ആബുവിൽ വിമാനം തകർന്നതിൽ ഒരു പൊടിപോലും കിട്ടാതെ കടന്നുപോയ അദ്ദേഹം വീരപുരുഷനായി പൈലറ്റിന്റെ യൂണിഫോമിൽ തൊപ്പിയും സ്യൂട്ടിൽ നിറയെ മെഡലുകളുമായി വീടിന്റെ നിരയിൽതൂങ്ങിക്കിടന്നിരുന്നത്. ഇവയെല്ലാം കുടുംബത്തിന്റെ സ്മാരകങ്ങളായിരുന്നു , ഓർമ്മകൾ ആയിരുന്നു , പൈതൃകത്തിൽ എന്നും അഭിമാനപുരസ്സരം ഓർമ്മയിലിരിക്കുന്ന ചരിത്രത്തിലെ ചില ഏടുകൾ വെളിവാക്കുന്ന താളിയോലകൾപോലെ!
പഴയ കൊത്തുപണികളുള്ള പിത്തളമൊട്ടുകൾ തറച്ച അറയും നിരയും, കോട്ടയം നഗരസഭാധ്യക്ഷൻ ആയിരുന്ന ടി .കെ. ഗോപാലകൃഷ്ണപ്പണിക്കർ തന്റെ “ഇന്ദ്രപ്രസ്ഥം” ഹോട്ടൽസമുച്ചയത്തിന്റെ ലോബിയും റിസപ്ക്ഷൻകൗണ്ടറും അലങ്കരിക്കാൻ പിൽക്കാലത്തു പൊളിച്ചുകൊണ്ടുപോയപ്പോൾ, അന്നത്തെ ഫോട്ടോകളിൽ പലതും വീടിന്റെ ഏതോ മൂലയിലും തട്ടിൻ പുറത്തും ചേക്കേറിയെന്നത് മറ്റൊരു ദയനീയ ചരിത്രമായതും മറച്ചുവെക്കുന്നില്ല. വല്യപ്പന്റെയോ എന്റെയോ പടം ഭിത്തിയിൽ കാണുന്നില്ലെങ്കിലും, ഇന്നത്തെ തലമുറ അവരുടെ കാര്യം മാത്രം നോക്കി ജീവിക്കാൻ മിടുക്കരായതിന്റെ പിന്നിൽ അതിജീവനത്തിന്റെ പുത്തൻ ചരിത്രങ്ങൾ മാത്രമേയുള്ളു.
പക്ഷെ മഹത്തായ രാഷ്ട്രങ്ങൾക്ക് ഇന്നിന്റെ സംഭവവികാസങ്ങൾ, ഇന്നലെയുടെ ചരിത്രങ്ങളിൽ കെട്ടിപ്പൊക്കിയ വിജയകഥകൾ മാത്രമാണ്. എന്നാൽ ഒരു രാജ്യത്തിന്റെ ചരിത്രം ഉറങ്ങുന്നത്, ഗവേഷകന്റെ ചരിത്രപുസ്തകത്തിലും, മ്യൂസിയത്തിലും മാത്രമല്ല, പൂർവ പിതാക്കന്മാർ പടുത്തുയർത്തിയ സ്മാരകങ്ങളിലും അന്നത്തെ അവരുടെ പൂർണ്ണകായ പ്രതിമകളിലും കൂടെയാണ്. ഇൻഡ്യാക്കാർക്കു വടിയും പിടിച്ചു അർദ്ധനഗ്നനായി നിൽക്കുന്ന അവരുടെ രാഷ്ട്രപിതാവിന്റെ പ്രതിമ എന്നും ആദരവിന്റെ, സ്വാതന്ത്ര്യ ലബ്ധിയുടെ ബഹുമാനസൂചകമാണ്. അതേപോലെ തന്നെ നമ്മുടെ രാജ്യം പടുത്തുയർത്താൻ സഹായിച്ച ചരിത്രപുരുഷന്മാരുടെ പ്രതിമകളും നമ്മുടെ മനസ്സിലെ സ്മാരകശിലകളായും, സാംസ്കാരിക പൈതൃകങ്ങളായി പരിരക്ഷിച്ചുകൊണ്ടുമിരിക്കുന്നത്, നമ്മുടെ ചരിത്രം ലോകത്തിനു തുറന്നുകാട്ടുന്ന സത്യങ്ങൾ മാത്രമാണ് .ഇക്കാര്യത്തിൽ ഇൻഡ്യാ മഹാരാജ്യം വളരെ വിശാലമനസ്കർ തന്നെയാണ്. പക്ഷെ ആരെങ്കിലും മഹാത്മാഗാന്ധിജിയുടെ പ്രതിമ തകർത്താൽ, ജാതിമതഭേദമെന്യേ ഒരു ഇൻഡ്യാക്കാരനും അത് സഹിക്കാനാവില്ല, പ്രതികരിക്കാനും മടിക്കില്ല. പാവപ്പെട്ട ഇൻഡ്യാക്കാരന്റെ പാവപ്പെട്ട സംസ്കാരമായിട്ടു ആരും അതിനെ തള്ളിക്കളയേണ്ടതില്ല.
പ്രത്യുതാ, സമ്പന്നമായ അമേരിക്കയിൽ അടുത്തകാലത്ത് നടമാടിക്കൊണ്ടിരുന്നത് എത്രയോ അപലപനീയമായിരുന്നു. ഇവിടെ ഇന്ത്യയിലെപ്പോലെ നിരവധി പാർട്ടികളോ, വിഭാഗീയതകളോ ഉണ്ടായിരുന്നില്ല. കറമ്പനും വെളുമ്പനും പിന്നെക്കുറേ ബ്രൗൺ നിറക്കാരും, സ്വാതന്ത്ര്യം വേണ്ടതിലധികം ആസ്വദിച്ചു ജീവിച്ചു വരികയായിരുന്നു. പല കേസുകളിലും പ്രതിയായും ജയിൽവാസം പലപ്പോഴും അനുഭവിച്ചിട്ടുള്ള ഫ്ലോയിഡ് എന്ന കറുമ്പനെ , വെളുമ്പനായ ഒരു പോലീസുകാരൻ പിടിച്ചു കയ്യാമം വെച്ചതിന്റെ പിന്നാലെ ബലപ്രയോഗം നടത്തി, കഴുത്തിൽ കാൽമുട്ട് കുത്തി ശാസം മുട്ടിച്ചു കൊന്നുവെന്നത് തികച്ചും ദയനീയം തന്നെ. അതിന് പോലീസുകാരന് കടുത്ത ശിക്ഷ തന്നെ കൊടുക്കുകയും വേണം. എന്നാൽ അതിന്റെ പേരിൽ വംശീയതയും വർണ്ണവിവേചനവും വെറുപ്പും ആളിക്കത്തിച്ചുകൊണ്ടു സംഘടിതമായി നിരവധി വ്യാപാരസ്ഥാപനങ്ങളും സ്വകാര്യ വാഹനങ്ങളും കൊള്ളയടിച്ചു അഗ്നിക്കിരയാക്കിയതിന്റെ പിന്നിൽ, ആരുടെയൊക്കെയോ സ്ഥാപിത താല്പര്യങ്ങൾ ഉണ്ടെന്നു സ്പഷ്ടമാണ്. സാംസ്കാരത്തിന്റെയും അമേരിക്കയുടെയും ചരിത്രം നൂറ്റാണ്ടുകളായി വിളിച്ചോതുന്ന പല ചരിത്രപുരുഷന്മാരുടെയും പ്രതിമകൾ തല്ലിത്തകർത്തുകളഞ്ഞു .
ചരിത്രത്തിലുടനീളം ഇതുപോലെ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയതിനു തക്കതായ കാരണങ്ങൾ ഉണ്ടായിരുന്നു. റഷ്യയിൽ പൊട്ടിപ്പുറപ്പെട്ട ബോൾഷെവിക് വിപ്ലവത്തിൽ , മില്യൺകണക്കിനാളുകൾ പിടഞ്ഞു മരിച്ചു. വിപ്ലവകാരികൾ തങ്ങളുടെ രാജ്യത്തിന്റെ സാസ്കാരികപൈതൃകത്തിന്റെ കണികപോലും അവശേഷിപ്പിക്കാതിരിക്കാൻ കൊട്ടാരങ്ങളും, പള്ളികളും, കലാശേഖരങ്ങളും, പ്രമാണങ്ങളും നശിപ്പിച്ചെന്നു മാത്രമല്ല , റഷ്യയുടെ സർവാധികാരിയായിരുന്ന സാർ അലക്സാണ്ടർ മൂന്നാമന്റെ വെങ്കലപ്രതിമയും തരിപ്പണമാക്കി .ചൈനയിലെ 1966ലുണ്ടായ സാംസ്കാരിക വിപ്ലവത്തിനും സമാനമായ നശീകരണ പ്രവണത നടമാടി. 20 മില്യണിലധികം ജനങ്ങൾ കൊല്ലപ്പെട്ടു. പുരാതന സ്മാരകങ്ങൾ , കലാരൂപങ്ങൾ എന്നിവക്കുപുറമെ , ഷാങ്ഡോങിലെ 2000വർഷത്തെ ചരിത്രങ്ങൾ ഉറങ്ങുന്ന കൺഫ്യൂഷ്യസ് ടെമ്പിൾ വരെ തകർത്തുകളഞ്ഞത്, ചൈനീസ് ജനത എന്നും വേദനയോടെ മാത്രമേ സ്മരിക്കയുള്ളു. ഇറാക്കിലെ സദ്ധാം ഹുസ്സൈന്റെ കിരാതവാഴ്ചയുടെ അവസാനം, അദ്ദേഹത്തെ വധിച്ചതോടൊപ്പം, ആ ചരിത്രം മറന്നുകളയാനായി സദ്ധാമിന്റെ പ്രതിമകൾ വലിച്ചു താഴെയിട്ടു ജനങ്ങൾ തൊഴിക്കുന്നതു മാത്രമേ, ഈ വിഷയത്തിന് ഉപോത്ബലകമായി ഓർമ്മയിലുള്ളു.
പക്ഷേ അമേരിക്കകാരന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് ? ഈ കോവിഡ് കാലത്ത് സാമൂഹിക അകലവും മാസ്കും ധരിച്ചുകൊണ്ട് സ്വന്തം ജീവൻ പരിരക്ഷിക്കാൻ ഓരോ വ്യക്തിയും പാടുപെടുമ്പോൾ, വംശീയവെറിയും ഛിദ്രവാസനകളും പെട്ടെന്ന് തലപൊക്കാൻ തക്കതായ കാരണങ്ങൾ വല്ലതുമുണ്ടോ? അതോ സ്ഥാപിത താല്പര്യങ്ങൾ ഉള്ള സംഘടനകൾ വെറുതെ വികാര വിക്ഷോഭങ്ങൾക്കു തിരി കൊളുത്തി വിട്ടതാണോ ? അമേരിക്കയുടെ സാംസ്കാരിക പൈതൃകങ്ങളെപ്പറ്റി വേണ്ട അവബോധമില്ലാത്ത വിദ്യാർത്ഥികളെയും യുവാക്കളെയും, ഈ രാജ്യം ഒരു വിധത്തിലും സഹായിക്കില്ലെന്ന തെറ്റിദ്ധാരണ വളർത്തിയത് എങ്ങനെയാണ് ?
കറുത്ത വർഗ്ഗക്കാരുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം വെളുമ്പരാണ്, ചില ക്രിസ്തീയ മൂരാച്ചി വിഭാഗങ്ങളാണ് തുടങ്ങിയ ചിന്താഗതികൾ അവരിൽ കുത്തിവെയ്ക്കപ്പെട്ടത് എങ്ങനെയാണ് ? കൊളമ്പസ് അമേരിക്കയിൽ വന്നതെങ്ങനെയാണെന്നോ, ആരുമായിട്ടാണ് അദ്ദേഹം ചർച്ചകൾ നടത്തിയതെന്നോ , ഇന്ന് വിപ്ലവം അഴിച്ചുവിട്ട പലർക്കും അറിയില്ലായിരിക്കാം.
കൊളംബസ് അമേരിക്കയിൽ നൂറ്റാണ്ടുകൾക്കു മുമ്പേ വന്നതുകൊണ്ടാണല്ലോ ഇന്ന് കാണുന്ന വെളുമ്പനും കറമ്പനും ബ്രൗണനും അമിതമായ സ്വാതന്ത്ര്യം അനുഭവിച്ചു കൊണ്ട്, കൊളംബസ്സിന്റെ പ്രതിമ തല്ലിത്തകർക്കാൻ മുമ്പോട്ട് വന്നത് !. 1984 ൽ പ്രസിഡന്റ് ആയിരുന്ന റീഗൻ ബാൾട്ടിമോറിൽ അനാച്ഛാദനം ചെയ്ത, അമേരിക്കയുടെ രാഷ്ട്രപിതാവിന്റെ സ്ഥാനത്തു നിൽക്കുന്ന കൊളംബസ്സിന്റെ പൂർണ്ണകായ പ്രതിമ പറിച്ചുമാറ്റി ഇന്നർ ഹാർബറിൽ കൊണ്ടുപോയി മറിച്ചിട്ടപ്പോൾ മറിചകറുത്തവന്റെ ജീവനെല്ലാം വിലപ്പെട്ടതായോ ? കറുത്തവന്റെ മാത്രമല്ല, എല്ലാവരുടെ ജീവനും തുല്യ വിലയും മഹത്വവുമുള്ളതാണെന്ന വിവേക ചിന്തയ്ക്കു മുൻതൂക്കം കൊടുക്കാൻ നമ്മൾ എന്തെ മറന്നുപോയി?
168 വർഷങ്ങൾക്കുമുമ്പേ അടിമത്വം അവസ്സാനിപ്പിക്കുന്ന ചരിത്രപ്രാധാന്യമുള്ള വിളംബര പ്രസംഗം നടത്തിയ ഫ്രഡറിക് ഡഗ്ളാസ്സ് എന്ന മഹാത്മാന്റെ പ്രതിമ റോചെസ്റ്ററിലെ പാർക്കിൽ നിന്നും ജൂലൈ അഞ്ചാം തീയതി, പറിച്ചുമാറ്റി അടുത്തുള്ള നദിയിൽ മുക്കിയപ്പോൾ , അമേരിക്കയിലെ വംശീയ വെറി അവസാനിച്ചോ ?
യുവാക്കൾ തൊഴിലില്ലാതിരിക്കയും കടക്കെണിയിൽ മുങ്ങി നട്ടം തിരിയുകയും ചെയ്യുമ്പോൾ, വെറുപ്പും വിവരക്കേടും അവരുടെ ബുദ്ധിയെ തകിടം മറിക്കുവാൻ വെറുതെ ഒരു ഫ്ലോയ്ഡ് തരംഗം മതിയെന്ന് അമേരിക്ക ലജ്ജയോടെ അനുഭവിച്ചറിഞ്ഞപ്പോൾ , ലോകമാസകലം ആശ്ചര്യത്തോടെ ആ ഭ്രാന്തൻ വിപ്ലവത്തെ പുച്ഛത്തോടെ വീക്ഷിച്ചിരിക്കാം , എന്നല്ലാതെ ഇപ്പോൾ എന്ത് ചിന്തിക്കാൻ !!
വംശീയതയും വർഗീയതയും തൊലിക്കറുപ്പും കൊണ്ട് കറപിടിച്ചു മങ്ങിയ ചില്ലുകൊട്ടാരങ്ങൾ തച്ചുടക്കണം. ന്യായവും നീതിയും സമാധാനവും യാതൊരു പക്ഷപാതവുമില്ലാതെ നിലനിർത്തേണ്ടത് അതാത് രാജ്യത്തെ ഗവെർന്മെന്റിന്റെ പരമപ്രധാനമായ ചുമതലയാണ്. അതിന് സാധിച്ചില്ലെങ്കിൽ, ഇതുപോലെയുള്ള നശീകരണ പ്രവണതയുമായി ഏതെങ്കിലും ഒരു വിഭാഗം ഇറങ്ങിത്തിരിച്ചാൽ, ഈ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകങ്ങളും, ചരിത്ര സ്മാരകങ്ങളും നിലനിർത്താൻ നന്നേ പാടുപെടേണ്ടിവരും.
Leave a Reply