പ്രാത്ഥനകൾ വിഫലമായില്ല, ലോകം കണ്ണിമചിമ്മാതെ കാത്തുനിന്ന രാപ്പകലുകള്‍ക്കൊടുവില്‍ തായ്്ലന്‍ഡ് ഗുഹയിലെ രക്ഷാദൗത്യം വിജയിച്ചു. 12 കുട്ടികളെയും ഫുട്ബോള്‍ കോച്ചിനെയും ദിവസങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് രക്ഷിച്ചത്. ജൂണ്‍ 23നാണ് കുട്ടികളും കോച്ചും ഗുഹയില്‍ അകപ്പെട്ടത്. നാലുദിവസം നീണ്ട രക്ഷാദൗത്യമാണ് ലോകം മുഴുവന്‍ നീണ്ട പ്രാര്‍ഥനകള്‍ക്ക് ഒടുവില്‍ പൂര്‍ത്തിയായത്. കുട്ടികളും കോച്ചും ആരോഗ്യത്തോടെ ഇരിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ചരിത്രമെഴുതി ദൗത്യം പൂര്‍ത്തിയാകുമ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ച സന്നദ്ധ പ്രവര്‍ത്തകന്‍ സങ്കടപ്പൊട്ടായി ബാക്കിയാകുന്നു. ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ലെങ്കിലും തായ് സൈന്യത്തെ ഉദ്ധരിച്ചാണ് വാർത്താ ഏജൻസികൾ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് പ്രാദേശികസമയം രാവിലെ 10.08 നാണ് രക്ഷാദൗത്യം പുനരാരംഭിച്ചത്. 19 ഡൈവർമാരാണ് ഇന്ന് ഗുഹയ്ക്കകത്തേക്കു പ്രവേശിച്ചത്. കനത്തമഴയുടെ ആശങ്കയിൽ എത്രയും വേഗം രക്ഷാപ്രവർത്തനം പൂർത്തിയാക്കാനായിരുന്നു ശ്രമം. അതാണ് വിജയം കാണുന്നത്.

അതേസമയം, ലോകകപ്പ് ഫൈനലിന് എത്താനാകുംവിധം രക്ഷപ്രാപിക്കട്ടെയെന്നു കുട്ടികളെ ഫിഫ ആശംസിച്ചെങ്കിലും കുട്ടികൾക്കു ഫൈനലിന് എത്താനാകില്ലെന്നാണു വിവരം. ആരോഗ്യപരിശോധനകളുടെ ഭാഗമായി രക്ഷപ്പെട്ട കുട്ടികൾ ഒരാഴ്ചയെങ്കിലും ആശുപത്രിയിൽ തുടരേണ്ടതായി വരും. വരുന്ന ഞായറാഴ്ച, ജൂലൈ 15നാണ് ലോകകപ്പ് ഫൈനൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രക്തപരിശോധന, ശ്വാസകോശ എക്സ്റേ, ഹൃദയം, കണ്ണുകൾ എന്നിവയുടെ പ്രത്യേക പരിശോധന തുടങ്ങി മാനസികനില വിലയിരുത്തുന്നതുവരെ വിവിധ ആരോഗ്യപരിശോധനകൾക്കു കുട്ടികളെ വിധേയമാക്കുന്നതിനാലാണിതെന്നു തായ് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഡോ. ജെസാദ ചൊക്ദാംറോങ്സുക് അറിയിച്ചു.

ടെറ്റനസ്, റാബിസ് രോഗപ്രതിരോധത്തിനുളള മരുന്നുകൾക്കൊപ്പം ഐവി ഡ്രിപ്പുകളും ആശുപത്രിയിലാക്കിയ കുട്ടികൾക്കു നൽകുന്നുണ്ട്. ആദ്യസംഘത്തിലുണ്ടായിരുന്ന കുട്ടികളുടെ ശരീരതാപനില ഏറെ താഴ്ന്ന നിലയിലായിരുന്നു. രണ്ടു കുട്ടികൾക്കു ശ്വാസകോശത്തിൽ പ്രശ്നങ്ങൾ കണ്ടു. അടിയന്തര ചികിൽസ ലഭ്യമാക്കിയതോടെ ഇവരുടെ നില മെച്ചപ്പെട്ടതായി ചൊക്ദാംറോങ്സുക് പറഞ്ഞു.