ശ്വാസകോശവും ഹൃദയവും ഒരുമിച്ചു നിലച്ചതാണ് മയക്കുവെടി വച്ചു പിടികൂടിയ തണ്ണീർക്കൊമ്പന്റെ മരണകാരണം എന്ന് കർണാടക വനംവകുപ്പ്. ആനയുടെ ഇടത് തുടയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നുവെന്ന് വെറ്റിനറി സർജൻ വ്യക്തമാക്കി. ബന്ധിപ്പൂർ രാമപുരയിലെ ആന ക്യാമ്പിലായിരുന്നു തണ്ണീർക്കൊമ്പന്റെ പോസ്റ്റ്‌മോർട്ടം നടന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളില്‍ ലഭിക്കുമെന്ന് കർണാടക പിസിസിഎഫ് സുഭാഷ് മാൽഖഡെ അറിയിച്ചു.
വയനാട് മാനന്തവാടിയെ വിറപ്പിച്ച കാട്ടാന തണ്ണീർക്കൊമ്പൻ ഇന്ന് രാവിലെയാണ് ചരിഞ്ഞത്. ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിൽ വച്ചായിരുന്നു ആന ചരിഞ്ഞതെന്ന് കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. ഇന്നലെ 5.35 ഓടെയാണ് ആനയെ മയക്കുവെടി വെച്ചത്. 6.20ന് ആദ്യ ബൂസ്റ്റർ നല്‍കി. പിന്നാലെ ആനയുടെ കാലില്‍ വടംകെട്ടിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിന് അടുത്തേക്ക് എത്തിച്ചു. രത്രി 10 മണിയോടെയാണ് തണ്ണീർക്കൊമ്പനെ അനിമൽ ആംബുലസിലേക്ക് കയറ്റി ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലേക്ക് കൊണ്ടുപോയത്.
ചെറിയ ഇടവേളയിൽ രണ്ടുതവണ മയക്കുവെടി ദൗത്യത്തിന് ഇരയായ ആനയാണ് തണ്ണീർക്കൊമ്പൻ. ആളും ബഹളവും കൂടിയത് ആനയെ ഭയപ്പെടുത്തിയിരിക്കാമെന്നാണ് കർണാടക പിസിസിഎഫ് സുഭാഷ് മാൽഖഡെ പറയുന്നത്. ആനയുടെ ശരീരത്തിൽ കണ്ടെത്തിയ പഴക്കമുള്ള മുറിവിൽ നിന്ന് പഴുപ്പ് മട്ടിടങ്ങളിലേക്ക് വ്യാപിച്ചിരുന്നു.
ആൾക്കൂട്ടത്തിനിടയിൽ ഏറെ നേരം നിന്നതും, ദൗത്യം നീണ്ടതും ആനയ്ക്ക് സമ്മർദം കൂട്ടിയെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ രണ്ട് മണിയോടെ രാമപുരത്തെ ക്യാമ്പിൽ എത്തിച്ചപ്പോൾ, ആന കുഴഞ്ഞ് വീഴുകയായിരുന്നു. രാമാപുരത്ത് കേരള – കർണാടക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ആനയുടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഒരാഴ്ച്ചയ്ക്കകം പുറത്തുവരും.
Leave a Reply