തിരുവനന്തപുരം∙ ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. കൊച്ചിയിലെ എസ്ഐടി ഓഫിസിൽ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. മറ്റ് പ്രതികളുടെ മൊഴികളും ഇതിനെ പിന്തുണയ്ക്കുന്നതായാണ് വിവരം.
ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എസ്ഐടി ഓഫിസിലേക്ക് വിളിപ്പിച്ച രാജീവിനെ, ചോദ്യം ചെയ്യലിനിടെയാണ് കസ്റ്റഡിയിലെടുത്തത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയും ഇടപാടുകളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് എസ്ഐടിയുടെ നീക്കം. നേരത്തെ ഹൈക്കോടതി നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം, ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷണം ആരംഭിച്ചു. കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ പിഎംഎൽഎ വകുപ്പുകൾ പ്രകാരം ഇസിഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ള പ്രതികളുടെ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുക. കേന്ദ്ര ഏജൻസിയുടെ അന്വേഷണം കൂടി ആരംഭിച്ചതോടെ കേസ് കൂടുതൽ ഗൗരവമേറിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.











Leave a Reply