ന്യൂസ് ഡെസ്ക് മലയാളം യുകെ

നെയ്യാറ്റിൻകര അതിയന്നൂർ പഞ്ചായത്തിലെ വെൺപകൽ നടുതോട്ടം കോളനിയിൽ രാജൻ (47 )ഭാര്യ അമ്പിളി (40) എന്നിവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും കുടിയൊഴിപ്പിക്കാൻ എത്തിയ പോലീസും കോടതിയിലെ ആമീനും നോക്കിനിൽക്കെ, പെട്രോൾ ഒഴിച്ച് ലൈറ്റർ കത്തിച്ച് ആത്മഹത്യാഭീഷണി മുഴക്കിയതും, തടയാൻ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലിനെ തുടർന്നു നടന്ന അപകടത്തിൽ ഇരുവരും ഗുരുതരമായ പൊള്ളലേറ്റ് മരണപ്പെട്ടതും കേരളീയ ജനതയുടെ മനസാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവമാണ്. കോടതിയിൽനിന്ന് സ്റ്റേ വരാൻ അരമണിക്കൂർ മാത്രം ശേഷിക്കെ വസ്തുവിന്റെ ഉടമസ്ഥ എന്ന് അവകാശപ്പെടുന്ന വസന്തയുടെ പരാതിയിൽ കോടതിയിൽ നിന്നുണ്ടായ ഉത്തരവ് പാലിക്കാൻ എത്തിയ പോലീസ് തിടുക്കം കാട്ടിയതായി വ്യാപകമായ പരാതി ഉയർന്നു. ഡിസംബർ 20 ന് നടന്ന അപകടത്തെത്തുടർന്ന് ദമ്പതിമാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. താൻ മരിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഭയപ്പെടുത്താൻ മാത്രമാണ് പെട്രോളൊഴിച്ചതെന്നും രാജൻ മരണ മൊഴി നൽകിയിരുന്നു.

അനാഥരായ കുട്ടികൾക്ക് സർക്കാർ വീട് നിർമ്മിച്ചു നൽകുമെന്നും സംരക്ഷണവും വിദ്യാഭ്യാസ ചെലവും വഹിക്കുമെന്നും അറിയിച്ചിരുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് സർക്കാർ പരിശോധിക്കും. സർക്കാർ വാഗ്ദാനം സ്വീകരിക്കുന്നതായി കുട്ടികൾ മാധ്യമങ്ങളോട് പറഞ്ഞു.പരാതിക്കാരി കള്ളക്കേസ് കൊടുത്തു തങ്ങളെ വേട്ടയാടുകയാണെന്ന് കുട്ടികൾ ആരോപിക്കുന്നുണ്ട്. സമാനമായ രീതിയിൽ വസന്ത കോളനിയിൽ താമസിക്കുന്ന മറ്റു പല കുടുംബങ്ങൾക്കും എതിരെ പരാതികൾ നൽകിയിട്ടുണ്ട്. പണവും സ്വാധീനവും ഉപയോഗിച്ച് താഴെതട്ടിലുള്ളവരെ മനപ്പൂർവ്വം ഉപദ്രവിക്കുകയാണ് ഇവരെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


തലചായ്ക്കാൻ ഇടമില്ലാതെ,പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചു കെട്ടിയ കൂരയിൽ നിന്നും പുറത്താക്കപ്പെടേണ്ടി വരുന്നതിന്റെ നീറ്റലിലാവണം രാജൻ അവസാനത്തെ ശ്രമമായ ആത്മഹത്യാഭീഷണി മുഴക്കിയത്. മാനസിക ബുദ്ധിമുട്ടുകൾ ഉള്ള ഭാര്യയുടെ പ്രയാസം അറിയാവുന്ന രാജൻ തെരുവിൽ ഉറങ്ങുന്നവർക്ക് തന്റെ ദിവസ വേതനത്തിൽ നിന്നും ഒരു പങ്ക് മാറ്റിവെച്ച് അന്നം നല്കുന്ന വ്യക്തിയായിരുന്നു. ക്രമസമാധാന പരിപാലനത്തിനായി പ്രവർത്തിക്കേണ്ട പൊലീസ് സാഹചര്യത്തിന് യോജിക്കാത്ത തരത്തിലുള്ള ധാർഷ്ട്യം കാട്ടുന്നതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. വഴിമുട്ടുന്നവൻ ജീവിതം അവസാനിപ്പിക്കുക എന്ന രീതിയിലുള്ള നിരവധി വാർത്തകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.

ലൈഫ് മിഷൻ പോലെയുള്ള പദ്ധതികളിലൂടെ ഒന്നരലക്ഷത്തോളം കുടുംബങ്ങൾക്ക് കിടപ്പാടം നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. എങ്കിൽപോലും മരിച്ചാൽ അടക്കാൻ ഒരുതുണ്ട് ഭൂമിയില്ലാത്ത രണ്ടര ലക്ഷം കുടുംബങ്ങൾ ഔദ്യോഗിക കണക്കിലും നാല് ലക്ഷത്തോളം കുടുംബങ്ങൾ ഈ കണക്കിൽ പെടാതെയും കേരളത്തിൽ ജീവിക്കുന്നു. കേരളത്തിലെ 79% ദളിതരും കഴിയുന്നത് 26,119 കോളനികളിലാണ്. ഭൂരഹിതരായ അനേകം ആദിവാസികളും തോട്ടം തൊഴിലാളികളും മത്സ്യത്തൊഴിലാളികളും കേരളത്തിൽ ഉണ്ട്. കണക്കുകളിൽ പെടാതെ പോകുന്ന ഇത്തരം കുടുംബങ്ങളിലേക്ക് പദ്ധതികൾ എത്താതിരിക്കുന്നത് വ്യവസ്ഥിതിക്കു നേരെ ഉയർന്നു നിൽക്കുന്ന ചൂണ്ടുവിരലാണ്.നമ്മളിതിന് ഉത്തരം പറയേണ്ടതുണ്ട്.