ദമ്പതികൾക്കായി നേവിയുടെ നേതൃത്വത്തിൽ മീനച്ചിലാറ്റിൽ തിരച്ചിൽ. കുമരകത്ത് എത്തിയ നേവിസംഘം വൈകീട്ട് മൂന്നോടെയാണ് തെരച്ചിൽ ആരംഭിച്ചത്. എന്നാൽ, കാര്യമായ സൂചനയൊന്നും ലഭിച്ചിട്ടില്ല. വെള്ളിയാഴ്ചയും തിരച്ചിൽ തുടരും. താഴത്തങ്ങാടി ഭാഗത്തായിരുന്നു വ്യാഴാഴ്ച പരിശോധന. പ്രത്യേക ക്യാമറ ഉപയോഗിച്ച് പുഴയുടെ അടിത്തട്ട് പരിശോധിക്കുന്ന സംഘം സംശയമായി എന്തെങ്കിലും ഉണ്ടോയെന്ന് ഇൗ ഭാഗത്ത് മുങ്ങിപരിശോധിക്കുകയാണ് ചെയ്യുന്നത്. വ്യാഴാഴ്ച കുമരകം പൊലീസ് സ്റ്റേഷനിലെത്തിയ നേവി സംഘം പൊലീസുമായി ചർച്ച നടത്തി. ഇതിൽ പരിശോധിക്കേണ്ട സ്ഥലങ്ങളുടെ വിവരങ്ങൾ പൊലീസ് കൈമാറി. കാര് ഉൾപ്പെടെ പുഴയിലേക്ക് മുങ്ങിയിട്ടുണ്ടോയെന്ന് അറിയാനാണ് പരിശോധന. നേരത്തെ ഫയർ ഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ പുഴയിൽ തെരച്ചിൽനടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
കാണാതായിട്ട് മൂന്ന് ആഴ്ച പിന്നിടുമ്പോഴും കുമ്മനം അറുപുറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെപ്പറ്റി ഒരു തുമ്പും ലഭിക്കാത്തതിലനെ തുടർന്നാണ് ജില്ലാ പൊലീസ് നേവിയുടെ സഹായം തേടിയത്.
ഹർത്താൽ ദിനമായിരുന്ന ഏപ്രിൽ ആറ് വ്യാഴാഴ്ച രാത്രി ഒമ്പതോടെ പുറത്തുനിന്ന് ഭക്ഷണം കഴിക്കാനെന്നുപറഞ്ഞ് വീട്ടിൽനിന്ന് കാറിൽ പുറപ്പെട്ട ദമ്പതികൾ പിന്നീട് തിരിച്ചുവന്നില്ല. ഒരുമാസം മുമ്പ് വാങ്ങിയ പുതിയ മാരുതി വാഗൺ ആർ കാറിലായിരുന്നു ഇവർ പുറത്തുപോയത്. പുതിയ കാറിന്റെ ലോൺ ഒഴികെ സാമ്പത്തിക ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു. ഹാഷിം പഴ്സോ, എ.ടി.എം കാർഡോ, ലൈസൻസോ ഒന്നും വീട്ടിൽനിന്ന് കൊണ്ടുപോയിരുന്നില്ല. ഇരുവരും മൊബൈൽ ഫോണും കൊണ്ടുപോയിരുന്നില്ല. ഇവർ സഞ്ചരിച്ചിരുന കാർ കണ്ടെത്താൻ സി.സി ടി.വി പരിശോധനകളും പൊലീസ് തുടരുകയാണ്. എന്നാൽ,മൂന്നാഴ്ച കഴിഞ്ഞിട്ടും ഒരുതുമ്പും ലഭിച്ചിട്ടില്ല. ഇടുക്കി അടക്കമുള്ള ജില്ലകളിലും തമിഴ്നാട്ടിയും പൊലീസ് തെരച്ചിൽ തുടരുന്നു. ഇടുക്കി ജില്ലയിലെ പരുന്തുംപാറ അടക്കമുള്ള മേഖലകളിൽ ഹെലിക്യാം ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു.സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചിരുന്നെങ്കിലും വിവരമൊന്നുമില്ല.
കാർ വെള്ളത്തിൽ വീണെന്ന അഭ്യൂഹത്തെ തുടർന്ന് മീനച്ചാലാറ്റിലും കൈവഴികളിലും ഫയർഫോഴ്സിന്റെ സഹായത്തോടെ തിരച്ചിൽ നടത്തിയത്. എട്ടാംതീയതി മൂന്നാറിൽ ഇവരുടെ വാഹനം കണ്ടതായി മണർകാട് സ്വദേശിയായ കാർ ഡ്രൈവർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അവിടെയും പരിശോധന നടത്തി. ഇതിനിടെ ഇവരെ കണ്ടെന്ന് അഭ്യൂഹം പരന്ന എല്ലായിടത്തും പൊലീസ് അന്വേഷണം നടത്തി. എന്നാൽ ഒരിടത്തുനിന്ന് സുപ്രധാനമായ ഒരുവിവരവും ലഭിച്ചില്ല.
എരുമേലി പൊന്തപുഴ വനത്തിൽ തെരച്ചിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാണാതായ ദമ്പതികള്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
Leave a Reply