നഗരസഭാ കൗൺസിൽ ഹാളിൽനിന്ന് കേരള കോൺഗ്രസ്‌ (എം) അംഗം ജോസ് ചീരാംകുഴിയുടെ എയർപോഡ് കാണാതായ സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. കഴിഞ്ഞ ദിവസം ഒരാൾ പാലാ പോലീസ് സ്റ്റേഷനിൽ എയർപോഡ് എത്തിച്ചു നൽകിയിരുന്നു. കാണാതായ എയർപോഡ് ഇത് തന്നെയാണോയെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ശാസ്ത്രീയപരിശോധന പോലീസ് ആരംഭിച്ചു.

എയർപോഡ് സ്റ്റേഷനിൽ എത്തിച്ചുനൽകിയ ആളുടെ വിശദമൊഴി രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഇപ്പോൾ ലഭിച്ച എയർപോഡ് ജോസ് ചീരാംകുഴിയുടേതാണെന്ന് തെളിഞ്ഞാൽ കേസിൽ തുടർനടപടികളെടുക്കുമെന്ന് പാലാ എസ്.എച്ച്.ഒ. ജോബിൻ ആന്റണി പറഞ്ഞു. എയർപോഡ് കോടതിയിൽ ഹാജരാക്കിയതായും പോലീസ് പറഞ്ഞു. പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കഴിഞ്ഞ ജനുവരിയിലാണ് എയർപോഡ് കാണാതായെന്ന്‌ ജോസ് ചീരാംകുഴി കൗൺസിൽ ഹാളിൽ ആരോപണമുന്നയിച്ചത്.

സി.പി.എം.പാർലമെന്ററി പാർട്ടി നേതാവ് ബിനു പുളിക്കക്കണ്ടമാണ് എയർപോഡ് കൊണ്ടുപോയതെന്നും ആരോപണമുന്നയിച്ചിരുന്നു. ഇതിനെതിരേ ബിനു പുളിക്കക്കണ്ടം രംഗത്തെത്തിതോടെ രാഷ്ട്രീയ വിവാദമായി. ഭരണകക്ഷിയായ ഇടതുമുന്നണിയിൽ കേരള കോൺഗ്രസ്‌ എമ്മും സി.പി.എമ്മും തമ്മിലുള്ള തർക്കമായി ഇതുമാറി. കേരള കോൺഗ്രസ്‌(എം) ചെയർമാൻ ജോസ് കെ.മാണിക്കെതിരേയും ആരോപണങ്ങളുമായി ബിനു പുളിക്കക്കണ്ടം രംഗത്തെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൊതുവിവാദങ്ങൾ അവസാനിപ്പിക്കാൻ സി.പി.എമ്മും കേരള കോൺഗ്രസ്‌ എമ്മും കൗൺസിലർമാർക്ക് കർശന നിർദേശം നൽകിയിരുന്നു. ജോസ് ചീരാംകുഴിയുടെ പരാതിയെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

എന്നാൽ, കേസന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. എയർപോഡിൽനിന്നുള്ള സന്ദേശങ്ങൾ ഇടയ്ക്ക് ഫോണിന്റെ ഉടമയ്ക്ക് ലഭിച്ചിരുന്നു.

കുറച്ചുകാലം എയർപോഡ് ലണ്ടനിലുണ്ടെന്ന് സന്ദേശങ്ങളിലൂടെ വ്യക്തമായിരുന്നതായി ജോസ് ചീരാംകുഴി പോലീസിനോട് പറഞ്ഞിരുന്നു. ഇതിനിടയാണ് പുതിയ ഒരാൾ എയർപോഡുമായി പ്രത്യക്ഷപ്പെട്ടത്.