വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളിൽ പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. രക്ഷാപ്രവർത്തനം പൂർണമായും എൻ.ഡി.ആർ.എഫിനും സംസ്ഥാന സേനകൾക്കും കൈമാറുമെന്ന് സൈന്യം അറിയിച്ചു.

ഹെലികോപ്റ്റർ ഉപയോ​ഗിച്ചുള്ള തിരച്ചിനും ബെയിലി പാലം ശക്തിപ്പെടുത്തുന്നതിനും നിയോഗിച്ചിട്ടുള്ള സൈനികർ മാത്രമേ സ്ഥലത്ത് തുടരൂ. തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, ബെം​ഗളൂരു ബറ്റാലിയനുകളിലെ 500 അം​ഗ സംഘമാണ് മുണ്ടക്കൈ, ചൂരൽമല മേഖലകളിൽനിന്ന് തിരികെ പോകുന്നത്.

സൈന്യത്തിന് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും ഔദ്യോ​ഗിക യാത്രയയപ്പ് നൽകി. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും എ.കെ.ശശീന്ദ്രനും പങ്കെടുത്ത ചടങ്ങിൽ വിവിധ സൈനിക വിഭാ​ഗങ്ങളിലെ മേധാവികളെ ആദരിച്ചു.

ദുരന്തഭൂമിയിൽ ജനങ്ങളും സർക്കാരും നൽകിയ പിന്തുണയ്ക്ക് സൈന്യം നന്ദി പറഞ്ഞു. സൈന്യത്തിന്റെ സേവനത്തിന് മന്ത്രിമാരും നന്ദി രേഖപ്പെടുത്തി. അ​ഗ്നിരക്ഷാ സേന എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, പോലീസ് ഉൾപ്പെടെയുള്ള സേനവിഭാ​ഗങ്ങളേ ഇനി തിരച്ചിലിന് ഉണ്ടാകൂ.