നൈജീരിയയിലെ സ്‌കൂളില്‍നിന്ന് സായുധ സംഘം തട്ടിക്കൊണ്ടുപോയ ഇരുന്നൂറിലേറെ കുട്ടികളെ രക്ഷിക്കാന്‍ സൈന്യം രംഗത്ത്. നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിന്റെ നിര്‍ദേശപ്രകാരമാണ് സൈന്യം കുട്ടികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിരിക്കുന്നത്. എട്ടിനും 15നും ഇടയില്‍ പ്രായമുള്ള 287 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്.
നെജീരിയയിലെ കടുന സംസ്ഥാനത്തെ ഒരു പട്ടണമായ കുരിഗയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് കഴിഞ്ഞ ദിവസം പ്രദേശവാസികളെ വീണ്ടും ആശങ്കയിലാഴ്ത്തിയ സംഭവം നടന്നത്. സ്‌കൂള്‍ അസംബ്ലിക്കായി കുട്ടികള്‍ ഗ്രൗണ്ടില്‍ ഒത്തുകൂടിയപ്പോള്‍ മോട്ടോര്‍ സൈക്കിളുകളില്‍ തോക്കുകളുമായി നിരവധി പേര്‍ ഇരച്ചുകയറുകയായിരുന്നു. വെടിയുതിര്‍ത്ത ശേഷമാണ് ഇവര്‍ കുട്ടികളെ തട്ടിക്കൊണ്ട് പോയത്. ആക്രമണത്തിനിടെ ഒരാള്‍ വെടിയേറ്റ് മരിച്ചതായി പ്രദേശവാസികള്‍ പറയുന്നു.
ജൂനിയര്‍ സ്‌കൂളില്‍ നിന്ന് 187 കുട്ടികളെയും പ്രൈമറി ക്ലാസുകളില്‍ നിന്ന് 100 കുട്ടികളെയുമാണ് അക്രമികള്‍ കൊണ്ടുപോയത്.
ഒരാഴ്ചയ്ക്കുള്ളില്‍ പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ തട്ടിക്കൊണ്ടുപോകലാണ് ഇതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പോലീസും സൈന്യവും ഊര്‍ജിതമായി അന്വേഷിക്കുന്നുണ്ടെങ്കിലും ദിനം പ്രതിയെന്നോണം തങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ഒരിക്കലും പരിഹാരമുണ്ടാകാത്തതിന്റെ നിരാശയിലാണ് ഇവിടുത്തെ സാധാരണക്കാര്‍ ജീവിതം തള്ളിനീക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നൈജീരിയയില്‍ നിന്നും ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത് 687 പേരെയാണ്. മാര്‍ച്ച് മൂന്നിന് ബോര്‍ണോ സംസ്ഥാനത്തെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്ന് 400 പേരെയെങ്കിലും ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി.
2014-ല്‍ ചിബോക്ക് ഗ്രാമത്തിലെ ഒരു സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയതിന്റെ പത്താം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പുതിയ സംഭവം ഉണ്ടായത്. അന്ന് 276 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെയാണ് ബോക്കോ ഹറാം തട്ടിക്കൊണ്ടുപോയത്. അവരില്‍ 98 പേര്‍ ഇപ്പോഴും തീവ്രവാദികളുടെ കസ്റ്റഡിയിലാണ്. പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും ക്രിസ്തുമത വിശ്വാസികളായിരുന്നു.
2002-ല്‍ സ്ഥാപിതമായ ബോക്കോ ഹറാം എന്ന സംഘടന ആയിരക്കണക്കിന് നൈജീരിയക്കാരുടെ മരണത്തിനും തട്ടിക്കൊണ്ടുപോകലിനും ഉത്തരവാദികളായ ഇസ്ലാമിക തീവ്രവാദ സംഘടനയാണ്.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ 50,000-ലധികം ക്രിസ്ത്യാനികളാണ് നൈജീരിയയില്‍ കൊല്ലപ്പെട്ടത്. നൈജീരിയയിലെ ജനസംഖ്യയില്‍ ഏകദേശം 48.1% ക്രിസ്ത്യാനികളും 50% മുസ്ലീങ്ങളും ആണ്.
നൈജീരിയയുടെ വടക്ക് പശ്ചിമ മേഖലയില്‍ മാത്രമായി പന്ത്രണ്ടിലധികം സായുധ സംഘങ്ങളാണ് പിടിമുറുക്കിയിട്ടുള്ളത്. വലിയ മോചനദ്രവ്യം ആവശ്യപ്പെട്ട് ഗ്രാമീണരെ തട്ടിക്കൊണ്ടു പോകുന്നത് ഇവിടെ പതിവാണ്. തട്ടിക്കൊണ്ടു പോകലിന് ഏറെയും ഇരയാകുന്നത് സ്ത്രീകളും കുട്ടികളുമാണ്.
ബൊക്കോ ഹറാം എന്ന തീവ്രവാദി സംഘടന രൂപം കൊണ്ടതോടെയാണ് നൈജീരിയയിലെ ക്രൈസ്തവ വിരുദ്ധത ശക്തി പ്രാപിച്ചത്. ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ നിരവധി ക്രൈസ്തവരെയാണ് ബൊക്കോ ഹറാം തീവ്രവാദികള്‍ കൊന്നെടുക്കുന്നത്. അതിനൊപ്പം ഫുലാനി തീവ്രവാദികളും കൂടി നരഹത്യ തുടര്‍ന്നതോടെ ക്രൈസ്തവരുടെ ദുരിതം പൂര്‍ത്തിയായി. 2015-ല്‍ മാത്രം 7,000-ത്തോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. 14 ദശലക്ഷം പേര്‍ അവരുടെ വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.
Leave a Reply