അരുണാചല്‍ പ്രദേശിലെ തവാങില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഏഴു സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ സൂക്ഷിച്ചത് വിവാദമാകുന്നു. വേണ്ട വിധത്തിലുള്ള സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് മൃതദേഹം കാര്‍ഡ്ബോര്‍ഡില്‍ സൂക്ഷിക്കേണ്ടി വന്നതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിഞ്ഞ് കാര്‍ഡ് ബോര്‍ഡിലാക്കി അയച്ച മൃതദേഹത്തിന്റെ ചിത്രങ്ങള്‍ റിട്ട. ലെഫ്റ്റണല്‍ ജനറല്‍ എച്ച് എസ് പനാഗാണ് പുറത്തു വിട്ടത്.

‘മാതൃരാജ്യത്തിനായി ഏഴു സൈനികര്‍ വെയിലത്തിറങ്ങി. പക്ഷെ ഇങ്ങനെയാണ് അവര്‍ തിരിച്ചു വന്നത്’ എന്ന വാചകങ്ങളോടു കൂടിയാണ് പനാഗ് ട്വിറ്ററിലൂടെ ചിത്രങ്ങള്‍ പുറത്തു വിട്ടത്. സൈനികരോടു കാണിച്ച അനാദരവിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവരുന്നത്.
വെള്ളിയാഴ്ചയായിരുന്നു ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥരും രണ്ട് പൈലറ്റും മരിച്ചത്. സമുദ്ര നിരപ്പില്‍ നിന്നും 17,000 അടി ഉയരത്തിലാണ് അപകടം സംഭവിച്ചത്. ഇവിടേക്ക് ഹെലികോപ്റ്ററില്‍ ഏഴു ശവപ്പെട്ടികള്‍ എത്തിക്കാന്‍ സാധിക്കില്ല. അതിനാലാണ് മൃതദേഹങ്ങള്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ കൊണ്ടുവന്നതെന്നാണ് സേനയുടെ വിശദീകരണം.

 

വിഷയത്തോട് പ്രതികരിച്ച സേനയുടെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ കേണല്‍ അമാന്‍ ആനന്ദ്, നടപടികളെ ആദ്യം പിന്തുണച്ചുവെങ്കിലും പിന്നീട് നടന്നത് ചട്ടലംഘനമാണെന്ന് സമ്മതിച്ചു. മരിച്ച സൈനികര്‍ക്ക് സൈനിക ബഹുമതികള്‍ നല്‍കണം എന്നും അദ്ദേഹം പറഞ്ഞു.

ഗുവാഹത്തി ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം തടിപ്പെട്ടികളിലേക്ക് മാറ്റിയിരുന്നു. എല്ലാ സൈനിക ബഹുമതികളോടും കൂടിയാണ് ഇവരുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചതെന്നും സൈന്യം ട്വിറ്ററിലൂടെ അറിയിച്ചു.