ചങ്ക് തകർക്കും കാഴ്ച, ബീഹാറിലെ ബഗല്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലെ യാത്രക്കാരും ജീവനക്കാരുമെല്ലാം ഞായറാഴ്ച സാക്ഷികളായത്. അമ്മ മരിച്ചതറിയാതെ അമ്മയോടൊട്ടി കിടന്നുറങ്ങുന്ന ഒരു മൂന്ന് വയസുകാരൻ. റെയില്‍വേ പൊലീസാണ് മരിച്ച നിലയില്‍ മുപ്പത്തിയഞ്ചുകാരിയായ സ്ത്രീയെ കണ്ടെത്തിയത്.

ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ തറയിലാണ് മൃതദേഹം കിടന്നിരുന്നത്. അമ്മ മരിച്ചത് അറിയാതെ  അമ്മയോട് ചേര്‍ന്ന് കിടന്നുറങ്ങുകയായിരുന്നു കുഞ്ഞ്. ബോധരഹിതയായി കിടക്കുകയാണെന്ന് കരുതി, സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡോക്ടര്‍മാര്‍ മരണം ഉറപ്പിക്കുകയായിരുന്നു.

കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്കും കൈമാറി. ഇപ്പോള്‍ ഒരു ചൈല്‍ഡ് കെയര്‍ ഹോമിലാണ് ഈ കുഞ്ഞ് ഉള്ളത്.പട്ടിണി മൂലമാണ് സ്ത്രീ മരിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന സൂചന. കുഞ്ഞും പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. ഇക്കാര്യം പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. കുഞ്ഞിന് ആവശ്യമായ ചികിത്സ നിലവില്‍ നല്‍കിവരുന്നുണ്ട്.

അമ്മയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം 72 മണിക്കൂറോളം മോര്‍ച്ചറിയില്‍ സൂക്ഷിച്ചെങ്കിലും ഇവരുടെ ബന്ധുക്കളാരും അന്വേഷിച്ച് എത്തിയില്ല. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരുമായി ബന്ധപ്പെട്ട ആരെയും കണ്ടെത്താൻ പൊലീസിനുമായില്ല. തുടര്‍ന്ന് അധികാരികളുടെ മേല്‍നോട്ടത്തില്‍ തന്നെ ഇവരുടെ സംസ്കാരം നടത്തുകയായിരുന്നു.

പ്ലാറ്റ്ഫോമിലെ സിസിടിവി പരിശോധിച്ചപ്പോള്‍ സ്ത്രീയും കുഞ്ഞും ശനിയാഴ്ചയോടെയാണ് ഇവിടെയെത്തിയതെന്ന്  പൊലീസിന്  മനസിലാക്കാനായി. അന്ന് രാത്രി തന്നെ ഇവര്‍ മരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരേക്കും അറിവായിട്ടില്ല. 2020ല്‍ മുസാഫര്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലും സമാനമായൊരു സംഭവം നടന്നിരുന്നു. അമ്മ മരിച്ചതറിയാതെ അമ്മയെ ഉണര്‍ത്താൻ ശ്രമിക്കുന്ന രണ്ടുവയസുകാരന്‍റെ ഫോട്ടോകളും വീഡിയോയുമെല്ലാം അന്ന് വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.

ഈ കേസില്‍ മരിച്ച സ്ത്രീയുടെ ഭര്‍ത്താവിനെയോ ബന്ധുക്കളെയോ കണ്ടുകിട്ടുന്നതിനായി ഇവരുടെയും കുഞ്ഞിന്‍റെയും ഫോട്ടോ പൊലീസ് നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പതിച്ചിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. ഇപ്പോള്‍ ഇവരുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കപ്പെടുകയാണ്. ഏറെ വേദനിപ്പിക്കുന്ന ഈ കാഴ്ച തീര്‍ച്ചയായും, ഒരുപാട് ആഴമുള്ള വിഷയങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നത് തന്നെയാണ്.