എന്‍ഫോഴ്‌സ്‌മെന്റ് കിഫ്ബിയുടെ മസാല ബോണ്ടിനെകുറിച്ചും അന്വേഷണം നടത്തുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആര്‍ബിഐയില്‍നിന്ന് തേടിയതായാണ് സൂചന. മസാല ബോണ്ടുമായി ബന്ധപ്പെട്ട സിഎജി യുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് ഇത്.

മസാലാ ബോണ്ട് വാങ്ങിയ നടപടിയെ സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു. സിഎജിയുടെ നടപടിക്കെതിരെ കേരള സര്‍ക്കാര്‍ രംഗത്തുവന്നതിന് പിന്നാലെയാണ് ഇഡിയുടെ നീക്കം. കേന്ദ്ര ഏജന്‍സികള്‍ കേരള സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും ഇതില്‍ സിഎജി ഭാഗമാകുന്നുവെന്ന വിമര്‍ശനമാണ് കേരള സര്‍ക്കാര്‍ ഉയര്‍ത്തിയത്.

ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചില്‍ നിന്നും മസാലബോണ്ടുകള്‍ വഴി 2150 കോടി രൂപ സമാഹരിക്കുകയും ആ പണം വിവിധ കിഫ്ബി പദ്ധതികള്‍ക്കായി ചിലവാക്കുകയും ചെയ്തിരുന്നു.

ആര്‍ബിഐ അനുമതിയില്ലാതെ കിഫ്ബി വഴി പണം വായ്പ എടുക്കാന്‍ പറ്റില്ലെന്ന ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സിഎജി ഉള്‍പ്പെടുത്തിയത്. ഇതോടെ സിഎജിക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് ധനമന്ത്രി തോമസ് ഐസക് തന്നെ രംഗത്തു വന്നിരുന്നു. എന്നാല്‍ ആര്‍ബിഐ അനുമതിയോടെയാണ് കിഫ്ബി മസാല ബോണ്ടുകള്‍ വാങ്ങിയത് എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ നിരാക്ഷേപ പത്രം മാത്രമാണ് ആര്‍ബിഐ നല്‍കിയതെന്നാണ് മറ്റൊരു വാദം

വിദേശ വിപണിയിലറങ്ങി സര്‍ക്കാരിന് ഫണ്ട് സ്വരൂപിക്കാനാവുമോ ഇത് വിദേശ വിനിമയ ചട്ടത്തിന് എതിരാണോ എന്നീ കാര്യങ്ങളാണ് ഇഡി പരിശോധിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ തുടങ്ങി ലൈഫ് മിഷനിലും കെ ഫോണിലും അടക്കം സംസ്ഥാന സര്‍ക്കാരിന്റെ പല നിര്‍ണായക പദ്ധതികളിലും ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ പരിശോധനയും അന്വേഷണവും നടത്തുന്നുണ്ട്. ഇതിനിടയിലാണ് ഇപ്പോള്‍ പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കിഫ്ബിയിലേക്കും അതിന്റെ പ്രധാന വരുമാനമാര്‍ഗമായ മസാല ബോണ്ടിലേക്കും കേന്ദ്ര ഏജന്‍സികള്‍കളുടെ അന്വേഷണം നീളുന്നത്.