സഞ്ജയ് കന്ദസ്വാമിയെന്ന 23 കാരൻ വരുന്ന ഏപ്രിലിൽ ഡോക്ടറായി പുറത്തിറങ്ങുമ്പോൾ ആരോഗ്യപ്രവർത്തകർക്കൊപ്പം രാജ്യവും സന്തോഷിക്കുകയാണ്. 22 വർഷങ്ങൾക്കു മുൻപ്, 1998 ൽ 20 മാസം പ്രായമുള്ളപ്പോൾ രാജ്യത്ത് ആദ്യമായി പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റിന് വിധേയനായ ആ കുഞ്ഞാണ് ഇനി ഡോക്ടർ കുപ്പായം അണിയാൻ ഒരുങ്ങുന്നത്.
തമിഴ്നാട് കാഞ്ചിപൂരം സ്വദേശിയാണ് സഞ്ജയ്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യത്തെ കുഞ്ഞായിരുന്നു സഞ്ജയ്.
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ ശേഷവും ദീർഘകാലം സുഖകരമായി ജീവിതം തുടരാനാകുമെന്നതിന്റെ ഉദ്ദാഹരണമാണ് സഞ്ജയുടെ ജീവിതമെന്ന് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടറും സീനിയർ ലിവർ സ്പെഷ്യലിസ്റ്റുമായ ഡോ. അനുപം സിബൽ പറഞ്ഞു. സഞ്ജയ്ക്ക് 1998 ൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുമ്പോൾ ആ ശസ്ത്രക്രിയാ സംഘത്തിലെ പ്രധാന ഡോക്ടർമാരിൽ ഒരാളായിരുന്നു ഡോ. സിബൽ.
രണ്ടുമാസത്തോളം ഐ.സി.യുവിലായിരുന്നു കുഞ്ഞ് സഞ്ജയ്. അതിഗുരുതരാവസ്ഥയിലായിരുന്ന സഞ്ജയ്ക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തിയത് ഡോ. എം.ആർ. രാജശേഖറിനൊപ്പം ഡോ. എ.എസ്. സോയിൻ ആയിരുന്നു. ഇപ്പോൾ ഗുരുഗ്രാം മേദാന്ത ഹോസ്പിറ്റലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ട്രാൻസ്പ്ലാന്റേഷൻ ആൻഡ് റീജനറേറ്റീവ് മെഡിസിൻ ചെയർമാനാണ് ഡോ. സോയിൻ. ”അന്നത്തെ എന്റെ കുഞ്ഞ് പേഷ്യന്റ് ഇതാ ഡോക്ടറാകാൻ പോകുന്നു. 28 വർഷത്തെ സേവനത്തിനിടയിലെ ഏറ്റവും അഭിമാനകരമായ മുഹൂർത്തമാണിത്”- ഡോ. സോയിൻ പറയുന്നു.
കുട്ടികളിൽ കരൾ മാറ്റിവയ്ക്കുന്നവരിൽ ദീർഘകാലം ബുദ്ധിമുട്ടുകളൊന്നുമില്ലാതെ മുന്നോട്ടുപോകാനാകും. ഏതാണ്ട് നാൽപതോളം കുട്ടികൾ കരൾ മാറ്റിവെച്ച് 12 വർഷങ്ങൾ കഴിഞ്ഞും സാധാരണ ജീവിതം നയിക്കുന്നുണ്ട്. ആഗോളതലത്തിൽ നോക്കിയാൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം കുട്ടികൾ നാൽപത് വർഷത്തിലധികം ജീവിക്കുന്നുണ്ടെന്ന് കാണാമെന്നും ഡോ. സോയിൻ പറയുന്നു.
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മുൻപായി സഞ്ജയുടെ മാതാപിതാക്കൾക്ക് പലതവണ കൗൺസലിങ് നൽകേണ്ടി വന്നിരുന്നുവെന്ന് ഡോ. സിബൽ പറയുന്നു.
ശസ്ത്രക്രിയക്ക് ശേഷം കുട്ടിക്ക്സ്കൂളിൽ പോകാൻ സാധിക്കുമോ, മറ്റുകുട്ടികളെ പോലെ സ്വാഭാവിക വളർച്ച ഉണ്ടാകുമോ, പെൺകുട്ടിയാണെങ്കിൽ അവൾക്ക് നല്ലൊരു കുടുംബജീവിതം ഉണ്ടാകാൻ സാധിക്കുമോ തുടങ്ങിയ സംശയങ്ങളെല്ലാം കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വരാറുള്ള കുട്ടികളുടെ മാതാപിതാക്കൾക്കുണ്ടായിരുന്നു. അതിനെല്ലാമുള്ള ഉത്തരമാണ് ഇപ്പോൾ സഞ്ജയ് കന്ദസാമിയുടെ ജീവിതം.
	
		

      
      



              
              
              




            
Leave a Reply