ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് സംബന്ധിച്ച തീരുമാനം ഫെബ്രുവരി 5-ന് പ്രഖ്യാപിക്കും . എന്നാൽ നിലവിലെ 3.75 ശതമാനം അടിസ്ഥാന പലിശനിരക്ക് മാറ്റമില്ലാതെ തുടരാനുള്ള സാധ്യത ആണ് മിക്ക സാമ്പത്തിക വിദഗ്ധരും പ്രവചിക്കുന്നത് . 2025 ഡിസംബറിൽ 0.25 ശതമാനം പലിശ ബാങ്ക് കുറച്ചിരുന്നു. . റോയിറ്റേഴ്സ് നടത്തിയ സർവേയിൽ പങ്കെടുത്ത സാമ്പത്തിക വിദഗ്ധർ ഭൂരിഭാഗവും ഫെബ്രുവരിയിൽ പലിശനിരക്ക് നിലനിർത്തുമെന്ന അഭിപ്രായമാണ് പങ്കുവെച്ചത്. സമീപകാലത്ത് പണപ്പെരുപ്പം അല്പം ഉയർന്നതും സാമ്പത്തിക വളർച്ച കുറഞ്ഞതുമാണ് ജാഗ്രത പാലിക്കാൻ ബാങ്കിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ.

പണപ്പെരുപ്പം 2022-ലെ സ്ഥിതിയിൽ നിന്നു കുറഞ്ഞെങ്കിലും ഇപ്പോഴും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 2 ശതമാനം ലക്ഷ്യത്തിനു മുകളിൽ തുടരുകയാണ്. 2025 ഡിസംബറിൽ പണപ്പെരുപ്പം 3.4 ശതമാനമായി ഉയർന്നത് വിലവർധന സമ്മർദം ഇപ്പോഴും നിലനിൽക്കുന്നതായി സൂചിപ്പിക്കുന്നു. നവംബറിലെ പണപ്പെരുപ്പം 3.2 ശതമാനമായിരുന്നു. ക്രമാനുസൃതമായി കുറവ് വരുത്തുക എന്ന നയമാണ് നിലവിൽ ബാങ്ക് പിന്തുടരുന്നത് . . അതിനാൽ വിലവർധന സമ്മർദം നിലനിൽക്കുന്ന സാഹചര്യത്തിൽ തുടർച്ചയായ പലിശനിരക്ക് കുറയ്ക്കലുകൾക്ക് ബാങ്ക് ധൃതിപിടിക്കില്ലെന്നാണ് സൂചന.

സാമ്പത്തിക വിദഗ്ദ്ധരും ബാങ്കിംഗ് സ്ഥാപനങ്ങളും പലിശനിരക്കിൽ കുറവ് വരുത്തുന്നത് അടുത്ത മാർച്ച് അല്ലെങ്കിൽ ജൂണിലെ ഉണ്ടാകുകയുള്ളൂ എന്നാണ് പ്രവചിക്കുന്നത് . യു ബി എസ് , ഡോയ്ച്ചെ ബാങ്ക് തുടങ്ങിയവയുടെ കണക്കുകൂട്ടൽ പ്രകാരം 2026 അവസാനത്തോടെ പലിശനിരക്ക് 3 മുതൽ 3.25 ശതമാനം വരെ എത്താനാണ് സാധ്യത. സാമ്പത്തിക സ്ഥിതിഗതികളും പണപ്പെരുപ്പ പ്രവണതകളും ആശ്രയിച്ചാകും ബാങ്കിന്റെ ഭാവി തീരുമാനങ്ങൾ. വീടുവായ്പയും നിക്ഷേപ പലിശയും ഉൾപ്പെടെയുള്ള മേഖലകളിൽ ഈ തീരുമാനങ്ങൾ വലിയ സ്വാധീനം ചെലുത്തും.











Leave a Reply