വാൽത്സിങ്ങാം: ഇംഗ്ലണ്ടിലെ ‘നസ്രേത്തും’, യുറോപ്പിലെ പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രവുമായ വാല്‍സിങ്ങാമില്‍, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് തീര്‍ത്ഥാടന മരിയോത്സവത്തിലൂടെ മലയാളി മാതൃ ഭക്തർക്കായി അനുഗ്രഹ വാതിൽ വീണ്ടും തുറക്കപ്പെടുന്നു. യേശുവിൻറെ തിരുപ്പിറവിയുടെ ദിവ്യ സന്ദേശം ഗബ്രിയേൽ മാലാഖ നൽകിയ നസ്രത്തിലെ ഭവനം അതേ മാതൃകയിൽ ഇംഗ്ലണ്ടിൽ നിർമ്മിക്കുവാനും, അവിടെ തന്നോടും, ഉണ്ണിയേശുവിനോടും പ്രാർത്ഥിക്കുവാൻ സൗകര്യം ഒരുക്കണമെന്നും ഉള്ള മാതാവിന്റെ ദർശന സന്ദേശം മാനിച്ചാണ് റിച്ചൽഡ്‌സ് എന്ന മാതൃ ഭക്ത വാൽസിങ്ങാം ദേവാലയം പണികഴിപ്പിച്ചത്.

മരിയൻ പുണ്യ കേന്ദ്രമായ വാല്‍ത്സിങ്ങാമിലെ സന്ദർശനത്തിൽ തങ്ങളുടെ പ്രാർത്ഥനകൾക്ക് മറുപടി ലഭിക്കുന്നതായും, അവിടുത്തെ തീർത്ഥ ജലം രോഗ ശാന്തി നൽകുന്നതായുമുള്ള അനുഭവ സാക്ഷ്യങ്ങൾ ലോകമെങ്ങും പ്രചരിച്ച ശേഷം ആഗോളതലത്തിൽ തന്നെ തീർത്ഥാടകരുടെ വൻ തിരക്കാണ് കഴിഞ്ഞ നൂറു കണക്കിന് സംവത്സരങ്ങളായി വാൽസിങ്ങാമിൽ അനുഭവപ്പെടുന്നത്. ഈ വർഷത്തെ വാൽത്സിങ്ങാം തീര്‍ത്ഥാടനത്തിൽ 2019 ജൂലൈ 20 നു പതിനായിരത്തിലധികം മലയാളി മാതൃ ഭക്തരെയാണ് പ്രതീക്ഷിക്കുന്നത്.

ഈ മരിയോത്സവത്തിന്റെ അനുഗ്രഹ സാഫല്യത്തിനായി ഈസ്റ്റ്‌ ആംഗ്ലിയായിലെ പ്രമുഖ സീറോ മലബാർ കുർബ്ബാന കേന്ദ്രവും, മതബോധന പരിശീലനത്തിലും,പ്രാർത്ഥനാ കൂട്ടായ്മ്മയിലും, ആത്മീയ നവോത്ഥാന ധാരയിലെ ശ്രദ്ധേയമായ കോൾചെസ്റ്റർ സീറോ മലബാർ കമ്മ്യുനിട്ടി പ്രാർത്ഥനകളും, ഒരുക്കങ്ങളും, ചിട്ടപ്പെട്ട പ്രവർത്തനങ്ങളും
ആയി തീർത്ഥാടനത്തെ മരിയ ഭക്തി സാന്ദ്രമാക്കുവാനുള്ള ശ്രമത്തിലാണ്.

ജൂലൈ 20 നു ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ സമാരംഭിക്കുന്ന തീർത്ഥാടന ശുശ്രുഷകളിൽ തുടർന്ന് പ്രശസ്ത ധ്യാന ഗുരുവും, ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ജോർജ് പനക്കൽ അച്ചൻ മാതൃ ഭക്തി പ്രഘോഷണം നടത്തും. പ്രഘോഷണത്തിനു ശേഷമുള്ള സമയം കുട്ടികളെ അടിമവെക്കുന്നതിനും, ഭക്ഷണത്തിനുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

12:45 നു മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമർപ്പിച്ചുകൊണ്ട്, വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും, വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ തങ്ങളുടെ മാതൃ ഭക്തി വിളിച്ചോതുന്ന മരിയൻ തീര്‍ത്ഥാടനം ആരംഭിക്കും. തീർത്ഥാടനത്തിനേറ്റവും പിന്നിലായി വാൽസിങ്ങാം മാതാവിന്റെ രൂപവുമേന്തി പ്രസുദേന്തി സമൂഹവും, മുഖ്യ കാർമ്മികൻ മാർ സ്രാമ്പിക്കലും, വൈദികരും അണിചേരും.

തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം അഭിവന്ദ്യ മെത്രാൻ മാർ സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ തീര്‍ത്ഥാടന തിരുന്നാൾ കുർബ്ബാന അർപ്പിക്കും. യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള സീറോ മലബാർ വൈദികര്‍ സമൂഹ ബലിയിൽ സഹ കാർമ്മികരായി പങ്കുചേരും.കുര്‍ബ്ബാന മദ്ധ്യേ തിരുന്നാള്‍ സന്ദേശം നൽകപ്പെടുന്നതാണ്. അടുത്ത വര്‍ഷത്തെ പ്രസുദേന്ധിമാരെ വാഴിക്കുന്നതോടെ തീർത്ഥാടന തിരുക്കർമ്മങ്ങൾ സമാപിക്കും.

മാതൃ ഭക്തർക്കായിമിതമായ നിരക്കിൽ സ്വാദിഷ്ടമായ കേരളീയ ചൂടൻ ഭക്ഷണ വിതരണത്തിന് വിവിധ കൌണ്ടറുകൾ അന്നേ ദിവസം തുറുന്നു പ്രവർത്തിക്കുന്നതാണ്.

ഏറ്റവും ശക്തയായ മദ്ധ്യസ്ഥ പരിശുദ്ധ മാതാവിന്റെ സംരക്ഷണത്തിനായി മാതൃ ഭക്തർ ഏവരും ജൂലൈ 20 നു പ്രാർത്ഥിച്ചൊരുങ്ങി തീർത്ഥാടനത്തിൽ പങ്കു ചേരുവാനും മാതൃ കൃപയും, അനുഗ്രഹങ്ങളും, സംരക്ഷണവും പ്രാപിക്കുവാനും തോമസ് പാറക്കണ്ടത്തിൽ അച്ചൻ, ജോസ് അന്ത്യാംകുളം അച്ചന്‍ എന്നിവർ ഏവരെയും ഹൃദയ പൂർവ്വം സ്വാഗതം ചെയ്യുന്നു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.