ആഗോള കത്തോലിക്കാ സഭ മാറ്റത്തിന്റെ പാതയിലാണെന്ന സൂചന നല്‍കിക്കൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച മുതല്‍ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ലൈംഗിക പീഡന നിരോധന ഉച്ചകോടി ആരംഭിക്കുന്നത്. കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക പീഡനങ്ങളാണ് പ്രധാനമായും ഉച്ചകോടിയുടെ വിഷയം.

ഇതിനു മുന്നോടിയായി പുരോഹിതരുടെ മാതൃസംഘടനയായ യൂണിയന്‍ ഓഫ് സുപ്പീരിയര്‍ ജനറലും, കന്യാസ്ത്രീകളുടെ സംഘടനയായ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സുപ്പീരിയര്‍ ജനറലും ചേര്‍ന്നിറക്കിയ സംയുക്ത പ്രസ്താവനയില്‍, ലൈംഗികാതിക്രമങ്ങളെ കൈകാര്യം ചെയ്യുന്നിടത്ത് സഭയ്ക്ക തെറ്റുപറ്റി എന്ന് ഏറ്റുപറയുന്നു. സഭ ഒരു ‘കുടുംബ’മാണ് എന്ന തോന്നലില്‍ ഊന്നി നിന്നപ്പോള്‍ പല അതിക്രമങ്ങള്‍ക്കെതിരെയും കണ്ണടയ്ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നും ഇരകളോട് നീതി പുലര്‍ത്താനായില്ലെന്നും പ്രസ്താവനയില്‍ സംഘടനകള്‍ അംഗീകരിക്കുന്നു.

എന്നാല്‍ ആഗോളതലത്തില്‍ ഇത്തരം മാറ്റങ്ങള്‍ ഉണ്ടാകുമ്പോഴും ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ കത്തോലിക്കാ സഭ ഇത് ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ലെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുര അഭിപ്രായപ്പെടുന്നത്.

“വിദേശത്തുള്ളവര്‍ കുറച്ചുകൂടി ഉള്‍ക്കാഴ്ചയുള്ളവരാണ്. എന്നാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഇതൊന്നും അവര്‍ ഉള്‍ക്കൊള്ളില്ല. ഭൂമി കുലുങ്ങിയാലും ഞങ്ങള്‍ മാറില്ല എന്നു പറഞ്ഞു നടക്കുന്നവരാണ് ഇവിടെയുള്ളവര്‍. വിദേശത്തുള്ളവര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയാണെങ്കിലും, മാര്‍പാപ്പ പറഞ്ഞതിനു ശേഷം നിവൃത്തിയില്ലാത്തതു കൊണ്ട് പറഞ്ഞതായിരിക്കുമല്ലോ, നിര്‍ബന്ധിക്കപ്പെട്ടു പറഞ്ഞതാണോ സ്വമനസാലേ പറഞ്ഞതാണോ എന്ന് അറിയില്ലല്ലോ, എന്തായാലും അതൊക്കെ ഇങ്ങോട്ടെത്തുമ്പോള്‍ എന്താകും എന്ന് നോക്കിയിരുന്നു തന്നെ കാണണം.”

“ഇത്ര നാളിനുള്ളില്‍ ഫ്രാങ്കോയ്‌ക്കെതിരെ സംസാരിക്കാന്‍ ഒരാള്‍ പോലും രംഗത്തെത്തിയില്ല. ആ കന്യാസ്ത്രീകളെ സമൂഹത്തിന്റെ മുന്നില്‍ വന്ന് പിന്തുണയ്ക്കാന്‍ ആരും തയ്യാറായില്ല. റോബിനെ കോടതി ശിക്ഷിച്ചപ്പോള്‍, ഇവിടെയുള്ളവര്‍ പറഞ്ഞത് കോടതി വിധി അംഗീകരിക്കുന്നു എന്നാണ്. മറ്റുള്ളവര്‍ നിരപരാധികളാണെന്നാണ് അപ്പോളും അവര്‍ പറഞ്ഞത്, പ്രോസിക്യൂട്ടര്‍ക്ക് വാദങ്ങള്‍ തെളിയിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് കോടതി അവരെ വെറുതെ വിട്ടത് എന്നാണ്, അല്ലാതെ നിരപരാധികള്‍ ആയതു കൊണ്ടല്ല. അതു കൊണ്ടു തന്നെ എനിക്കിവിടുത്തെ സഭയുടെ കാര്യത്തില്‍ വിശ്വാസമില്ല,” സിസ്റ്റര്‍ ലൂസി വ്യക്തമാക്കി.

തങ്ങള്‍ക്ക് പരിവര്‍ത്തനം ആവശ്യമാണെന്നും മാറാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് വത്തിക്കാൻ ഉച്ചകോടിക്ക് മുന്നോടിയായി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞ മറ്റൊരു പ്രധാന കാര്യം. ഇത് ആത്മാര്‍ത്ഥയോടുകൂടി പറഞ്ഞതാണെങ്കില്‍ നല്ല കാര്യമാണെന്ന് സിസ്റ്റര്‍ ജെസ്മി അഭിപ്രായപ്പെട്ടു.

“ഇത്രയും നാള്‍ അവര്‍ കുറ്റകൃത്യങ്ങള്‍ മറച്ചു വയ്ക്കുകയായിരുന്നു. ഇപ്പോള്‍ നടത്തുന്ന ഈ കുറ്റസമ്മതം ആത്മാര്‍ത്ഥമാണെങ്കില്‍ അതൊരു ശുഭസൂചനയാണ്. ഇതൊക്കെ വെറും ഭംഗിവാക്കാണോ എന്നറിയില്ല. അധികാരികള്‍ പറഞ്ഞു പഠിപ്പിച്ചത് ഏറ്റു ചൊല്ലാനാണ് അവരെ ഇതു വരെ പഠിപ്പിച്ചത്. ആത്മാര്‍ത്ഥത എന്നത് വളരെ വലിയൊരു കാര്യമാണ്. അധികാരികള്‍ പറഞ്ഞു പഠിപ്പിച്ചതല്ലെങ്കില്‍ ഈ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്. പ്രായോഗികതലത്തിലേക്ക് വരുമ്പോള്‍ ഇതില്‍ മനംമാറ്റം ഉണ്ടാകരുത്. നാളെ ഒരു കന്യാസ്ത്രീയ്ക്ക് പ്രശ്‌നം വരുമ്പോള്‍ ‘അയ്യോ അച്ചന്‍ കുര്‍ബാന ചൊല്ലിത്തരാനുള്ളതല്ലേ, അച്ചനെതിരെ ഒന്നും പറയരുത്,’ എന്ന പതിവ് പല്ലവി ആവര്‍ത്തിക്കരുത്.”

“സ്ത്രീകളുടെ കാല്‍ കഴുകണം എന്ന് മാര്‍പാപ്പ പറഞ്ഞപ്പോള്‍ ഇവര്‍ പറയുന്ന ന്യായം ഫ്രാന്‍സിസ് പാപ്പ ലത്തീന്‍ പാപ്പയാണ് ഞങ്ങള്‍ സീറോ മലബാര്‍ സഭക്കാരുടെ ആരാധനാക്രമത്തില്‍ കൈവെക്കാന്‍ മാര്‍പാപ്പയ്ക്ക് അധികാരമില്ല എന്നായിരുന്നു. ഞങ്ങള്‍ക്ക് ഒരു മാര്‍പാപ്പ ഇല്ലേയെന്ന് ഞാന്‍ ഞെട്ടിപ്പോയി. അതു കൊണ്ട് ശുഭസൂചനയാകാം, പക്ഷേ റോമില്‍ പോയി തിരിച്ചു വന്നിട്ട് എന്താണ് ചെയ്യുന്നതെന്നുകൂടി കണ്ടിട്ടേ തീരുമാനിക്കാനാകൂ,’ സിസ്റ്റര്‍ ജെസ്മി പറയുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പ വിളിച്ചു ചേര്‍ത്ത ഉച്ചകോടിയും അതിനു മുന്നോടിയായി സഭാ നേതൃത്വം നടത്തിയ കുറ്റസമ്മതവും പ്രതീക്ഷ നല്‍കുന്ന ഒന്നാണെന്നാണ് സേവ് അവര്‍ സിസ്റ്റേഴ്‌സ് (എസ്ഒഎസ്) ആക്ഷന്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ഷൈജു ആന്റണി പറയുന്നത്.

“ഇന്നത്തെ കാലത്തെ മാധ്യമങ്ങളുടെ ഒരു പ്രത്യേകത കൂടിയാണ് അത്. അന്താരാഷ്ട്ര സംഘടനകളിലെ പല രാജ്യങ്ങള്‍ തമ്മിലുള്ള ആളുകള്‍ പരസ്പരം ബന്ധപ്പെടുന്നു. പീഡിപ്പിക്കപ്പെട്ടവര്‍ ഒറ്റയ്ക്കല്ല. ഗുണപരമായ മാറ്റങ്ങള്‍ സാധ്യമാകുന്ന ഒരു നടപടിയാണ് ഇപ്പോള്‍ കാണുന്നത്. ആഗോള കത്തോലിക്കാ സഭയുടെ മാറ്റങ്ങള്‍ ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാര്‍ക്കോ സംഘടനകള്‍ക്കോ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല എന്നതാണ്. പക്ഷേ എത്ര നാള്‍ ഇവര്‍ക്ക് കണ്ണടച്ച് ഇരുട്ടാക്കാന്‍ സാധിക്കും? ഇവര്‍ക്ക് ഈ മാറ്റങ്ങളോട് മുഖം തിരിക്കാന്‍ സാധിക്കില്ല. ആഗോള തലത്തിലുള്ള മാറ്റങ്ങള്‍ ഇവര്‍ക്ക് അംഗീകരിച്ചേ പറ്റൂ. ഇവരുടെ സുപ്രമസി ഇനിയും കാലങ്ങളോളം നിലനിര്‍ത്താമെന്ന് ഇവര്‍ വ്യാമോഹിക്കുകയാണ്. യഥാര്‍ത്ഥ സഭ ഇപ്പോള്‍ രൂപപ്പെടുകയാണ്.”

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന പ്രശ്‌നത്തെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലോകത്തിലെ എല്ലാ ബിഷപ്പുമാരും ഈ ആഴ്ച എത്തിച്ചേരുന്നതിന്റെ ഒരുക്കങ്ങളിലാണ് വത്തിക്കാന്‍. എന്നാല്‍ മാര്‍പാപ്പ പറഞ്ഞ കാര്യങ്ങള്‍ അനുസരിച്ചല്ല ഇന്ത്യയിലും കേരളത്തിലും സഭയും അധികാരികളും പ്രവര്‍ത്തിക്കുന്നതെന്നും ഷൈജു അഭിപ്രായപ്പെടുന്നു. 50 വര്‍ഷം മുമ്പ് ചെയ്ത തെറ്റിന് മാര്‍പാപ്പ കര്‍ദ്ദിനാളിനെ കഠിനമായി ശിക്ഷിച്ചത് സീറോ മലബാര്‍ സഭയും കെസിബിസിയും കാണാതെ പോകരുതെന്നും അത് ഉള്‍ക്കൊള്ളാന്‍ തയ്യാറാവണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

“കുട്ടികളുടെ പീഡനങ്ങളെ കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ച് കെസിബിസി ഒരു മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. അത് ആഗോള കത്തോലിക്കാ സഭയുടെ നിര്‍ബന്ധം കാരണം പുറപ്പെടുവിച്ചതാണ്. ആ മാര്‍ഗ്ഗരേഖ ഏകദേശം ആറ്-ഏഴ് മാസത്തോളം പ്രസിദ്ധീകരിക്കാതെ പൂഴ്ത്തി വയ്ക്കുകയായിരുന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി വര്‍ഗ്ഗീസ് വള്ളിക്കാട്ടില്‍. ബിഷപ്പ് ഫ്രാങ്കോയുടെ കേസ് നടക്കുന്നതു കൊണ്ടാണ് അത് പൂഴ്ത്തി വച്ചത്. ഒരാഴ്ച മുമ്പാണ് ഇത് പ്രസിദ്ധീകരിച്ചത്. കാരണം ഉച്ചകോടി നടക്കാന്‍ പോകുകയാണല്ലോ. അതിനാല്‍ അത് പ്രസിദ്ധീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായതാണ്. ഇങ്ങനെ ഓരോ നിലപാടുകളും മാറ്റാന്‍ അവര്‍ വരും ദിവസങ്ങളില്‍ നിര്‍ബന്ധിതരാകും. കാരണം ആഗോള കത്തോലിക്കാ സഭയില്‍ അത്രയും ശുഭസൂചകമായ കാര്യങ്ങളാണ് നടക്കുന്നത്. ലോകം മാറുന്നതിന് അനുസരിച്ച് കത്തോലിക്കാ സഭയും മാറിയേ പറ്റൂ,” ഷൈജു വിശദീകരിച്ചു.

“ആരോടാണോ കൂറ് കാണിക്കേണ്ടിയിരുന്നത് അവരോട് നീതി പുലര്‍ത്തിയില്ല, വിലയിരുത്തലില്‍ തെറ്റു പറ്റി, നടപടിയെടുക്കാന്‍ താമസിച്ചു, പലപ്പോഴും കുറ്റങ്ങള്‍ നിഷേധിച്ചു, മൂടിവയ്ക്കാന്‍ ശ്രമിച്ചു,” സംയുക്ത പ്രസ്താവനയില്‍ പറയുന്നുണ്ട്. ”ഞങ്ങള്‍ക്ക് പരിവര്‍ത്തനം ആവശ്യമാണ്. ഞങ്ങള്‍ മാറാന്‍ ആഗ്രഹിക്കുന്നു. താഴ്മയോടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. എവിടെയാണ് ഞങ്ങള്‍ അന്ധരായത് എന്ന് ഞങ്ങള്‍ക്ക് കാണണം. അധികാര ദുര്‍വിനിയോഗത്തെ ചൂണ്ടിക്കാണിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,” അടുത്തകാലത്തായി പുരോഹിതന്മാര്‍ സെമിനാരിയിലെ വിദ്യാര്‍ത്ഥികളെയും കന്യാസ്ത്രീകളെയും ലൈംഗികമായി ചൂഷണം ചെയ്ത കാര്യങ്ങള്‍ തുറന്നു പറഞ്ഞതിനെ അപലപിച്ചു കൊണ്ടാണ് പ്രസ്താവന അവസാനിക്കുന്നത്. ഈ ഇരകള്‍ മുതിര്‍ന്നവരായിരുന്നു എന്ന അക്രമികളുടെ വാദത്തേയും ചോദ്യം ചെയ്തിട്ടുണ്ട്.

എന്നാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ലൈംഗിക ചൂഷണങ്ങള്‍ നടക്കുന്നുണ്ട്. ആഗോള തലത്തില്‍ എന്തു ചെയ്യാന്‍ സാധിക്കും എന്ന് ആലോചിക്കാന്‍ വേണ്ടിയാണ് മാര്‍പാപ്പ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നതെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട് പ്രതികരിച്ചു.

“ലോകത്ത് 130 കോടിയോളം കത്തോലിക്കാ വിശ്വാസികളുണ്ട്. അതില്‍ പലരുടേയും ഇടയില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ട്. അത് ചര്‍ച്ച ചെയ്യാനാണ് മാര്‍പാപ്പ യോഗം വിളിച്ചിരിക്കുന്നത്. സംയുക്ത പ്രസ്താവന ഇറക്കിയവര്‍ക്ക് സഭയ്ക്ക് തെറ്റുപറ്റി എന്ന് അഭിപ്രായമുണ്ടെങ്കില്‍ ആകാം. അവര്‍ക്ക് അഭിപ്രായപ്പെടാം. നമുക്ക് പറയാനുള്ളത് നമ്മള്‍ റോമില്‍ അറിയിക്കാറുമുണ്ട്. കേരളത്തില്‍ നിന്നും രണ്ട് ബിഷപ്പുമാര്‍ നാളെ തുടങ്ങുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്,” ഫാ.വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.

ലോകത്താകമാനം സംഭവിച്ചിട്ടുള്ള അപചയത്തിന്റെ പ്രതിഫലനമാണ് കത്തോലിക്കാ സഭയിലുമുള്ളത്, അതിന് ആരെയും ശിക്ഷിച്ചതു കൊണ്ട് കാര്യമില്ല തിരിച്ചറിവാണ് പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും വിശ്വാസികള്‍ക്കും വേണ്ടതെന്ന് സീറോ മലബാർ സഭയുടെ മുൻ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട് പ്രതികരിച്ചു.

“പതിനായിരക്കണക്കിന് സന്യാസിനിമാരും വൈദികരുമുള്ള സഭയാണിത്. അതില്‍ വളരെ ചെറിയ ശതമാനത്തിന് വീഴ്ചകളുണ്ടാകാം. സെന്റ് പോള്‍ പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്. നില്‍ക്കുന്നവന്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കട്ടെ എന്ന്. അതില്‍ രണ്ടു കാര്യമുണ്ട്. ബ്രഹ്മചര്യത്തില്‍ നില്‍ക്കുമ്പോള്‍ അനിവാര്യമായ അച്ചടക്കവും ആത്മശുദ്ധിയും പാലിക്കണം. അതു പോലെ ദൈവത്തിന്റെ കൃപയില്‍ ആശ്രയിക്കണം. ഇതു രണ്ടും ഉപേക്ഷിച്ചാല്‍ വീഴ്ച സംഭവിക്കും. അത് പരാജയമാണ്. അത് സംഭവിക്കുമ്പോള്‍ മൂടി വയ്ക്കുന്ന സഭയല്ല, ഏറ്റുപറയുന്ന സഭയാണ്. വിശുദ്ധതയിലേക്കുള്ള വഴി ഏറ്റുപറച്ചിലിന്റെ വഴിയാണ്. ഇപ്പോള്‍ മാര്‍പ്പാപ്പയും സന്യാസ സമൂഹവും പറയുന്നതും ഈ വഴിയിലൂടെ നമ്മള്‍ പോകേണം എന്നാണ്. വെറുതേ കുറേ പേരെ ശിക്ഷിച്ചുതു കൊണ്ടോ നിയമങ്ങള്‍ ഉണ്ടാക്കിയതു കൊണ്ടോ പരിഹാരമാകും എന്ന് ഞാന്‍ കരുതുന്നില്ല. അധികാരം ആരെയും അടിച്ചമര്‍ത്താനുള്ളതോ ആധിപത്യം സ്ഥാപിക്കാനോ ഉള്ളതല്ല എന്നുള്ള തിരിച്ചറിവാണ് ഇതിന് പരിഹാരം,” പോള്‍ തേലക്കാട്ട് അഭിപ്രായപ്പെട്ടു.

സമൂഹത്തില്‍ ലൈംഗികതയുടെ അതിപ്രസരം ഉണ്ടെന്നും അത് ഉപഭോഗ സംസ്‌കാരമാണെന്നും അതിന്റെ പ്രതിഫലനമാണ് സഭയിലും കാണുന്നതെന്നും പോള്‍ തേലക്കാട്ട് പറയുന്നു.

“വൈദികരിലും സന്യാസിനികളിലും മാത്രമല്ല സമൂഹത്തിലുടനീളം ഇത് കാണുന്നു. നമ്മുടെ സമൂഹത്തില്‍ ബ്രമചര്യത്തോടെ ജീവിക്കാന്‍ പറ്റാത്ത ഒരു അന്തരീക്ഷം ഉണ്ടാകുമ്പോള്‍ അത് അത്രമാത്രം ഗൗരവമാണെന്ന് തിരിച്ചറിയാന്‍ കഴിയണം. വിളക്കുമരങ്ങളായി ജീവിക്കേണ്ടവരാണ് വൈദികരും കന്യാസ്ത്രീകളും. വ്രതത്തോട് വിശ്വസ്തത പുലര്‍ത്തണം. അത് നമ്മുടെ ജീവിതത്തിന്റെ സംസ്‌കാരമായി മാറേണം. ഇപ്പോളുള്ള പ്രതിസന്ധി സമൂഹം മുഴുവന്‍ നേരിടുന്ന പ്രതിസന്ധിയാണ്. ഇപ്പോള്‍ സന്യാസിനിമാരും മാര്‍പാപ്പയും ചൂണ്ടിക്കാണിക്കുന്നത് നവീകരണമാണ്,” പോള്‍ തേലക്കാട്ട് പറഞ്ഞു.

സംയുക്ത പ്രസ്താവനയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്നും എന്നാല്‍ അതിനര്‍ത്ഥം സഭയ്ക്ക് തെറ്റുപറ്റി എന്നല്ലെന്നുമാണ് തലശ്ശേരി അതിരൂപതാ സഹായമെത്രാൻ ബിഷപ്പ് ജോസഫ് പാംപ്ലാനി അഭിപ്രായപ്പെടുന്നത്.

“പ്രസ്താവനയില്‍ പറയുന്ന കാര്യങ്ങള്‍ വളരെ ശരിയാണ്. എന്നാല്‍ അതിനര്‍ത്ഥം സഭയ്ക്ക് തെറ്റുപറ്റി എന്നല്ല. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ക്ക് തെറ്റുപറ്റിയിട്ടുണ്ട് എന്നാണ് ഉദ്ദേശിക്കുന്നത്. സഭയ്ക്ക് തെറ്റുപറ്റി എന്നു പറയുന്നതാണ് പലപ്പോഴും കത്തോലിക്കാ സഭയ്ക്ക് വിഷമമുണ്ടാക്കുന്നത്. സഭ എന്നതിനെ വിശ്വാസികള്‍ കാണുന്നത് കുറച്ചു കൂടി വിശാലമായ അര്‍ത്ഥത്തിലാണ്. എല്ലാ വിശുദ്ധന്മാരും ഉള്‍പ്പെടുന്ന, ക്രിസ്തുവിന്റെ ശരീരമാണ് സഭ. അതിന് മുറിവേല്‍ക്കുകയാണ്. അതേ സമയം പ്രസ്താവനയില്‍ പറയുന്നത് പൂര്‍ണമായും ശരിയാണ്. ഇത് കൈകാര്യം ചെയ്യുന്ന അധികാരികള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തികള്‍ സഭയില്‍ ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണ്,” ബിഷപ്പ് പറയുന്നു.