വാല്‍ത്സിങ്ങാം തീർത്ഥാടനം നാളെ; മരിയോത്സവത്തിൽ വിശ്വാസി സാഗരം അലയടിക്കും.

വാല്‍ത്സിങ്ങാം തീർത്ഥാടനം നാളെ; മരിയോത്സവത്തിൽ വിശ്വാസി സാഗരം അലയടിക്കും.
July 19 00:58 2019 Print This Article

വാല്‍ത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തിപ്പോരുന്ന യു കെ യിലെ ‘നസ്രത്തിലെക്കുള്ള’ മൂന്നാമത് തീര്‍ത്ഥാടനത്തിലൂടെ മുഴുവൻ മലയാളീ മാതൃ ഭക്തരും മരിയൻ പ്രഘോഷണ ദിനമായി ഒത്തുകൂടുന്ന ആഘോഷം നാളെ. മാതൃ ഭക്ത പങ്കാളിത്തം കൊണ്ടും,സംഘാടക മികവു കൊണ്ടും, ആത്മീയ ഉത്സവ പകിട്ടുകൊണ്ടും, അജപാലന ശ്രേഷ്ട നേതൃത്വം കൊണ്ടും പ്രമുഖ മരിയൻ പുണ്യ കേന്ദ്രത്തിൽ ഈസ്റ്റ്‌ ആംഗ്ലിയായിലെ പ്രമുഖ വിശ്വാസി കൂട്ടായ്മ്മയായ കോൾചെസ്റ്റർ കൂട്ടായ്മ്മ ഏറ്റെടുത്ത് നടത്തുന്ന മൂന്നാമത് വാല്‍ത്സിങ്ങാം മഹാ തീർത്ഥാടനം ചരിത്രം കുറിക്കും.

മാതൃ സമക്ഷം സമർപ്പിച്ച ഈ സുദിനം ഗതാഗത തടസ്സങ്ങളും, യാത്രാ ക്ഷീണവും ഒഴിവാക്കി പൂർണ്ണമായും പ്രയോജനപ്പെടുത്തുവാൻ അടുത്ത സ്ഥലങ്ങളിൽ ഉള്ള ബന്ധു- സുഹൃത്തുക്കളുടെ അടുത്തും, ഹോട്ടലുകളിലുമായി തങ്ങുവാൻ ഉള്ള ഭക്തജന പ്രവാഹമാണ് വാൽസിങാമിന്റെ സമീപ സ്ഥലങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഈസ്റ്റ് ആംഗ്ലിയായിലെ പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ. തോമസ് പാറക്കണ്ടത്തിൽ, ഫാ. ജോസ് അന്ത്യാംകുളം എന്നിവരുടെ ആത്മീയ നേതൃത്വത്തിൽ ഈ മരിയോത്സവത്തിന്റെ അനുഗ്രഹ വിജയത്തിനായി കോൾചെസ്റ്റർ കത്തോലിക്കാ സമൂഹം നടത്തി വരുന്ന അവസാന ഘട്ട ഒരുക്കങ്ങൾ പൂർത്തിയായി.

യു കെ യിലെ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, വാൽസിങ്ങാം തീർത്ഥാടനത്തിൽ മുഖ്യ സംഘാടകനായും, കാർമ്മികനായും പങ്കുചേരുമ്പോൾ തന്റെ അനുഗ്രഹീത സാന്നിദ്ധ്യവും, കർമ്മ തീക്ഷണതയും തീർത്ഥാടകരിൽ ആത്മീയോർജ്ജം പകരും.

നാളെ ജൂലൈ 20 നു ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ തീർത്ഥാടന തിരുക്കർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് പ്രശസ്ത ധ്യാന ഗുരു ജോർജ്ജ് പനക്കൽ അച്ചൻ നയിക്കുന്ന മരിയൻ പ്രഘോഷണ പ്രഭാഷണം തീർത്ഥാടകർക്ക് ആല്മീയ വിരുന്നാവും സമ്മാനിക്കുക.

പ്രഘോഷണത്തിനു ശേഷമുള്ള സമയം കുട്ടികളെ അടിമവെക്കുന്നതിനും, ഭക്ഷണത്തിനുമായിട്ടുള്ള ഇടവേളയായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ പ്രായക്കാർക്കും ഇഷ്‌ടപ്പെട്ട ചൂടുള്ള കേരള വിഭവങ്ങൾക്ക് പ്രശസ്തമായ കേറ്ററിംഗ് സ്ഥാപനത്തെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഉച്ചക്ക് 12:45 ന് മരിയ ഭക്തര്‍ നടത്തുന്ന തീര്‍ത്ഥാടനം മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാല സമർപ്പിച്ച് ,’ആവേ മരിയാ’ സ്തുതിപ്പുകളുമായി മാതൃ പുണ്യ സന്നിധേയത്തെ മരിയഭക്തി സാന്ദ്രമാക്കും

ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ തീര്‍ത്ഥാടന സമൂഹ ബലിയില്‍ സ്രാമ്പിക്കൽ പിതാവ് തിരുന്നാള്‍ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും. വികാരി ജനറാളുമാരും മറ്റു വൈദികരും സഹ കാർമ്മികരായിരിക്കും. വിഷിശ്ടാതിഥികളെയും തീർത്ഥാടകരെയും സ്വാഗതം ചെയ്യുന്നതോടെ തിരുന്നാൾ ദിവ്യബലി ആരംഭിക്കും.

മൂന്നാമത് തീർത്ഥാടനത്തിൽ മലയാളി മാതൃഭക്തരാൽ വാൽസിങ്ങം നിറഞ്ഞു കവിയുമെന്നതിനാൽ മികച്ച സുരക്ഷാ ക്രമീകരണങ്ങളും, സംവിധാനങ്ങളും, സൗകര്യങ്ങളുമാണ് സംഘാടക സമിതി പ്രത്യേകം ഒരുക്കിയിരിക്കുന്നത്.

തീർത്ഥാടനത്തിൽ പങ്കു ചേരുവാൻ എത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ സ്ലിപ്പർ ചാപ്പലിന്റെ കൊമ്പൌണ്ടിലും, തൊട്ടടുത്ത സ്ഥലങ്ങളിലുമായി സൗജന്യമായ പാർക്കിങ് സൌകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കോച്ചുകളിലും, വാഹനങ്ങളിലും എത്തുന്നവർ ഗതാഗത നിയന്ത്രണങ്ങൾ പാലിക്കുകയും, നിർദ്ധിഷ്‌ഠ പാർക്കിങ് സംവിധാനം ഉപയോഗിക്കേണ്ടതുമാണ്.

പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയിൽ അനുഗ്രഹങ്ങളും,ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാൻ ഏറ്റവും അനുഗ്രഹീത മരിയൻ പുണ്യ കേന്ദ്രമായ വാൽസിങ്ങാം തീർത്ഥാടനത്തിലേക്ക് ആതിതേയരായ കോൾചെസ്റ്റർ കമ്മ്യുനിട്ടി ഏവരെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles