ബൈബിളിന് നിരവധി പകര്‍ത്തെഴുത്തുകള്‍ ഉണ്ടായിട്ടുണ്ട്. ലെതര്‍ മുതല്‍ പേപ്പര്‍ വരെ മാധ്യമമായി തയ്യാറാക്കപ്പെട്ടിട്ടുള്ളവയും വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്നവ വരെയുണ്ട്. എന്നാല്‍ ലോകത്തെ 52 ഭാഷകളില്‍ കയ്യെഴുത്തിലൂടെ തയ്യാറാക്കപ്പെട്ട ബൈബിള്‍ ഒരു അപൂര്‍വതയാണ്. ദുബായിലെ സെന്റ് മേരീസ് ചര്‍ച്ചിലാണ് ഈ ബൈബിള്‍ കയ്യെഴുത്ത്പ്രതിയുള്ളത്. പള്ളിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2017 ഏപ്രിലിലാണ് ഇത് സ്ഥാപിച്ചത്. 2016 നവംബറിലാണ് പാരീഷ് മീറ്റിംഗില്‍ ചിലര്‍ ഈ ആശയം അവതരിപ്പിച്ചതെന്ന് പള്ളി വികാരി ഫാ. ലെന്നി ജെഎ കോണൂലി ഓര്‍ക്കുന്നു.

വളരെ വെല്ലുവിളി നിറഞ്ഞ ഒരു ജോലിയായിരുന്നു ഇത്. ജനങ്ങളെ ഇക്കാര്യം ഞങ്ങള്‍ അറിയിച്ചു. 52 ഭാഷകള്‍ സംസാരിക്കുന്നവര്‍ മുന്നോട്ടു വന്നു. 52 ഭാഷകളിലുള്ള ബൈബിളുകള്‍ ശേഖരിക്കുകയായിരുന്നു അടുത്ത ജോലിയെന്നും വികാരി പറഞ്ഞു. മൂന്ന് ലക്ഷത്തിലേറെ ഇടവകാംഗങ്ങളുള്ള പള്ളിയാണ് ഇതെന്ന് സംഘാടകരിലൊരാളായ മാത്യു തോമസ് പറയുന്നു. വിവിധ ദേശീയതകളുള്ള ആയിരക്കണക്കിനാളുകളാണ് ഇതിനായി മുന്നോട്ടു വന്നത്. നല്ല കയ്യക്ഷരമുള്ള എഴുത്തുകാരെ തെരഞ്ഞെടുക്കലായിരുന്നു അടുത്ത ജോലി.

2017 മാര്‍ച്ച് 31ന് 2000 ഇടവകാംഗങ്ങളെ ഇതിനായി തെരഞ്ഞെടുത്തു. ഊദ് മേതയിലുള്ള സെന്റ് മേരീസ് കാത്തലിക് ഹൈസ്‌കൂളില്‍ എല്ലാവരും ഒത്തുചേര്‍ന്ന് എഴുത്താരംഭിച്ചു. ഓരോ ഭാഷാ വിഭാഗത്തിന്റെയും പ്രാതിനിധ്യത്തിനനുസരിച്ച് എഴുതാനുള്ള ഭാഗങ്ങളും അനുവദിച്ചു. രണ്ട് മണിക്കൂറിനുള്ളില്‍ എഴുത്ത് പൂര്‍ത്തിയായെന്ന് മാത്യു തോമസ് പറഞ്ഞു. വിവിധ ഭാഷകളിലുള്ള ഭാഗങ്ങള്‍ കൃത്യമായി ചേര്‍ത്തു വെക്കുകയെന്ന കനത്ത ജോലിയായിരുന്നു അടുത്ത വെല്ലുവിളി. ഇതിനായി ഒരു മാസമെടുത്തു. 22 കിലോ ഭാരമുള്ള പുസ്തകം ബൈന്‍ഡ് ചെയ്യാന്‍ ആരും തയ്യാറായിരുന്നില്ലെന്നും മാത്യു ഓര്‍മിക്കുന്നു. പിന്നീട് പോപ്പ് ഫ്രാന്‍സിസിന്റെ ആശീര്‍വാദത്തിന് ഇത് അയക്കുകയും ചെയ്തു. ബൈബിള്‍ എഴുതിയ ഭാഷകള്‍ പുസ്തകത്തിന്റെ സ്‌പൈനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.