മലയാളം യുകെ ന്യൂസ് സ്പെഷ്യല്‍

കേരളത്തില്‍ ഏറ്റവുമധികം ഭൂസ്വത്ത് കൈവശം വച്ചിരിക്കുന്നത് ടാറ്റ കമ്പനിയാണെന്നാണ് നമ്മള്‍ ധരിച്ചിരിക്കുന്നത്. കഴിഞ്ഞ കാലഘട്ടങ്ങളില്‍ ടാറ്റ കമ്പനിയുടെ കൈവശം ഭൂസ്വത്തുമായി ബന്ധപ്പെട്ട് പല രാഷ്ട്രീയ ഭൂകമ്പങ്ങളും ഉണ്ടായിട്ടുണ്ട്. കരം അടക്കുന്നതിന്റെ ഇരട്ടിയിലധികം സ്ഥലം ടാറ്റ കൈവശം വച്ചിട്ടുണ്ടെന്നാണ് വിവാദത്തിന് അടിസ്ഥാനം. എന്നാല്‍ ബ്രിട്ടീഷ് രാജ്ഞിയാണ് കേരളത്തിലെ ഏറ്റവും വലിയ ഭൂവുടമയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒരു ലക്ഷത്തിലധികം ഏക്കര്‍ സ്ഥലത്തിനാണ് ഓരോ വര്‍ഷവും രാജ്ഞിയുടെ പേരില്‍ കേരള സര്‍ക്കാരിന് കരം അടയ്ക്കുന്നത്. ഒരു തുണ്ടു ഭൂമിക്കുവേണ്ടി ആദിവാസികളും സാമൂഹികമായി പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നവരും സമര കോലാഹലങ്ങളുമായി വര്‍ഷങ്ങളായി മാറി മാറി വരുന്ന സര്‍ക്കാരുകളുടെ കാരുണ്യത്തിന് കാത്തു കിടക്കുമ്പോഴാണ് കേരളത്തിന്റെ ഇത്രയധികം മണ്ണ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ റാണി കൈവശം വെച്ചിരിക്കുന്നത്.

ബ്രിട്ടീഷ് കമ്പനിയായ ഹാരിസണ്‍ മലയാളത്തിന്റെ ഭൂസ്വത്തുക്കളാണ് ബ്രിട്ടീഷ് രാജ്ഞിക്ക് സ്വന്തമായിരിക്കുന്നത്. ഹാരിസണ്‍ മലയാളത്തെ കമ്പനീസ് ആക്ട് പ്രകാരം ബ്രിട്ടീഷ് സര്‍ക്കാര്‍ പിരിച്ചു വിട്ടതിനെ തുടര്‍ന്ന് സ്ഥാവര ജംഗമ വസ്തുക്കള്‍ ബ്രിട്ടന്റെ രാഷ്ട്രത്തലവയായ എലിസബത്ത് രാജ്ഞിക്ക് സ്വന്തമാകുകയായിരുന്നു. കമ്പനിയുടെ സ്വത്തുവകകള്‍ ബ്രിട്ടീഷ് രാജ്ഞിയുടെ പേരിലാക്കി കൊണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്ഞിയുടെ പേരിലാണ് കരം അടയ്ക്കുന്നത്.

കേരളത്തിലെ ആദ്യ ഇടതുപക്ഷ മന്ത്രിസഭ ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയപ്പോള്‍ മധ്യവര്‍ഗത്തില്‍പ്പെട്ട ഭൂവുടമകള്‍ നിയമത്തിന്റെ പരിധിയില്‍ വന്നെങ്കിലും കമ്പനി രൂപീകരിച്ച് പ്ലാന്റേഷന്‍ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരുന്ന വന്‍ തോക്കുകള്‍ക്ക് ഒരു പരുക്കു പറ്റാതെ രക്ഷപ്പെടും. ഭൂരഹിതരായ ആയിരങ്ങള്‍ ഉണ്ടെങ്കിലും ഇത്രയധികം ഭൂമി ബ്രിട്ടീഷ് രാജ്ഞിയുടെ പേരില്‍ കിടക്കുന്നതിനെ ഭരണപ്രതിപക്ഷ കക്ഷികളോ കേന്ദ്ര സര്‍ക്കാരോ കണ്ട ഭാവമില്ല. ബ്രിട്ടീഷ് രാജ്ഞിയുടെ പേരിലുള്ള സ്ഥലം തിരിച്ചുപിടിക്കാന്‍ ഉതകുന്ന രാജമാണിക്യം റിപ്പോര്‍ട്ട് ചില തത്പര കക്ഷികള്‍ പൂഴ്ത്തി വച്ചിരിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ഇതിനു പുറമെ ഹാരിസണ്‍ മലയാളത്തിന്റെ പേരില്‍ വിവിധ ബാങ്കുകളില്‍ നിന്ന് അനുവദിച്ച നൂറുകോടിയിലധികം വരുന്ന വായ്പാത്തുക കമ്പനി പിരിച്ചുവിട്ട സ്ഥിതിക്ക് ഇനിയും ആര് തിരിച്ചടയ്ക്കും എന്നതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. നിയമപ്രകാരം ബ്രിട്ടീഷ് രാജ്ഞിയാണ് വായ്പ തിരിച്ചടയ്ക്കേണ്ടത്. കൃത്യമായ രേഖകളോ കരം കെട്ടിയ രസീതോ ഇല്ലാതെയാണ് ബാങ്കുകള്‍ വായ്പകള്‍ അനുവദിച്ചതിനാല്‍ ജപ്തി നടപടികളുമായി മുന്നോട്ടു പോകുക ദുഷ്‌കരമാണ്.