ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡ് വാക്സീൻ പാസ്പോർട്ട് സംവിധാനം ഒരുക്കാനുള്ള ശ്രമത്തിൽ ബ്രിട്ടീഷ് സർക്കാർ. കോവിഡ് വാക്സീൻ സ്വീകരിച്ചെന്ന് തെളിയിക്കാൻ കഴിയുന്ന വിനോദസഞ്ചാരികൾക്കുള്ള ക്വാറന്റീൻ നിയമങ്ങൾ ഒഴിവാക്കാൻ ഗ്രീസ് തയാറെടുക്കുന്നതിനാൽ “വാക്സീൻ പാസ്‌പോർട്ടിന്റെ” പ്രവർത്തനം ബ്രിട്ടീഷ് സർക്കാർ ആരംഭിച്ചു. ഒരു സർട്ടിഫിക്കേഷൻ സംവിധാനം ആസൂത്രണം ചെയ്യുന്നതിലൂടെ മറ്റു രാജ്യങ്ങളിലേക്കുള്ള സഞ്ചാരമാണ് സാധ്യമാവുന്നത്. രണ്ട് ഡോസ് ഫൈസർ അല്ലെങ്കിൽ അസ്ട്രാസെനെക്ക വാക്സിനുകൾ സ്വീകരിച്ച ആളുകൾക്ക് സന്ദർശനം നടത്താൻ ആവശ്യമായ പ്രതിരോധശേഷി ലഭിക്കുമെന്ന് ഗ്രീസ് പറയുന്നു. മാരകമായ പകർച്ചവ്യാധിയാൽ തകർന്ന രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ അഞ്ചിലൊന്ന് ടൂറിസമാണ്. ഗ്രീസിൽ എത്തുമ്പോൾ ബ്രിട്ടീഷുകാർക്ക് എന്ത് തരത്തിലുള്ള തെളിവാണ് കാണിക്കേണ്ടതെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നിരുന്നാലും, വിനോദസഞ്ചാരികൾ രാജ്യത്ത് എത്തുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് ആവശ്യമാണ്.
ഗ്രീസിലെ ഹോട്ടൽ ഫെഡറേഷന്റെ ഗ്രിഗോറിസ് ടാസിയോസ് പറഞ്ഞു: “ഗ്രീസ് വളരെക്കാലമായി ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട അവധിക്കാല കേന്ദ്രമാണ്. യുകെയിലെ കുത്തിവയ്പ്പ് നിരക്ക് യൂറോപ്പിലുടനീളമുള്ള മറ്റെല്ലാവരേക്കാളും ഉയർന്നതാണ്. ബ്രിട്ടീഷ് യാത്രക്കാർ ഏറ്റവും സുരക്ഷിതമായവരായി ആവും മെയ് മാസത്തോടെ ഇവിടെ യാത്ര ചെയ്യുക.” വാക്സീനുകൾ വിജയകരമായി പുറത്തിറങ്ങിയതിനാൽ ഇസ്രയേലികൾക്കും യുഎസ് വിനോദ സഞ്ചാരികൾക്കും ഗ്രീസ് സന്ദർശിക്കാൻ അനുവാദമുണ്ട്. വാക്സിൻ പാസ്‌പോർട്ടുകളെക്കുറിച്ച് “പൊതുവായ ധാരണ” ആവശ്യമാണെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്‌സോതാക്കിസ് യൂറോപ്യൻ യൂണിയൻ മേധാവികളോട് ആവശ്യപ്പെട്ടിരുന്നു.
എല്ലാ അംഗരാജ്യങ്ങളിലും അംഗീകരിക്കപ്പെടുന്നതിനായി വാക്സിനേഷൻ സർട്ടിഫിക്കറ്റ് എങ്ങനെ ക്രമീകരിക്കണം എന്നതിനെക്കുറിച്ച് പൊതുവായ ധാരണ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡി ലെയ്‌ന് അയച്ച കത്തിൽ അദ്ദേഹം പറഞ്ഞു. ടൂറിസത്തെ ആശ്രയിക്കുന്ന ഗ്രീസ് പോലുള്ള രാജ്യങ്ങൾക്ക്, വേനൽക്കാല സീസണിന് മുമ്പ് ഈ പ്രശ്നം പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. വാക്‌സിൻ സർട്ടിഫിക്കറ്റിനെക്കുറിച്ച് യുകെ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്നത് ശുഭപ്രതീക്ഷയാണ്.
Leave a Reply