ലണ്ടന്‍: ബ്രെക്‌സിറ്റിന്റെ ഡീലിന്റെ അനുമതി തേടി ഇന്ന് തെരേസ മെയ് പാര്‍ലമെന്റില്‍ വീണ്ടുമെത്തും. ഇത്തവണ എം.പിമാരുടെ പിന്തുണ ലഭിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ പ്രതിസന്ധിയിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ബ്രെക്‌സിറ്റ് പോളിസിക്ക് നിയമത്തിന്റെ കെട്ടുറപ്പുണ്ടാകുമെന്ന് തെരേസ മേയ് വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കറുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞതായും അദ്ദേഹത്തിന്റെ അംഗീകാരം ലഭിച്ചതായും മേയ് വ്യക്തമാക്കി. എന്നാല്‍ കാര്യങ്ങള്‍ അത്ര സുഖകരമാകില്ലെന്നാണ് ജീന്‍ ക്ലോഡ് ജങ്കറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇത്തവണ പാര്‍ലമെന്റിന്റെ അനുവാദം മേയുടെ ബ്രെക്‌സിറ്റ് ഡീലിന് ലഭിച്ചില്ലെങ്കില്‍ മൂന്നാമതൊരു ചാന്‍സ് ലഭിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം ജങ്കര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത് മേയ്ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങളുണ്ടാക്കും.

അതേസമയം ലേബര്‍ നേതാവ് ജെറമി കോര്‍ബന്‍ ഡീലിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനുമായി പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചകള്‍ പൂര്‍ണ പരാജയമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഉറപ്പു തന്ന യാതൊരു കാര്യങ്ങളും നിലവില്‍ പാലിക്കപ്പെടാന്‍ പോകുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതെന്നും കോര്‍ബന്‍ ചൂണ്ടിക്കാണിച്ചു. ഇന്നത്തെ വോട്ടെടുപ്പില്‍ എം.പിമാര്‍ക്ക് ഇടയില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കാന്‍ മേയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിമത വിഭാഗത്തിന്റെ പിന്തുണയില്ലാതെ മേയ്ക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടാന്‍ കഴിയില്ല. പൂതിയ ഡീലിന് നിയമത്തിന്റെ പരിരക്ഷയുണ്ടെന്ന് മേയ് വാദിക്കുന്നുണ്ടെങ്കിലും വിമത വിഭാഗത്തെ കൂടെ നിര്‍ത്താന്‍ അത് മതിയാകില്ല.

ഇന്ന് താന്‍ തന്നെയായിരിക്കും വോട്ടെടുപ്പിന് മുന്‍പുള്ള ചര്‍ച്ചകള്‍ക്ക് പ്രാരംഭം കുറിക്കുകയെന്ന് മേയ് വ്യക്തമാക്കിയിട്ടുണ്ട്. നിര്‍ണായകമാവുന്ന പ്രസംഗമാവും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ തവണ മേയ് ഡീല്‍ വോട്ടെടുപ്പിനെ അഭിമുഖീകരിച്ചപ്പോള്‍ ചരിത്രത്തിലെ തന്നെ വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ വിപരീതമാവുമെന്നാണ് മേയ് അനുകൂലികളുടെ പ്രതീക്ഷ. എന്തായാലും വരും മണിക്കൂറുകളില്‍ വോട്ടെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരും. ഇതോടെ മേയുടെ ഡീലിന്റെ ഭാവി എന്താകുമെന്ന് വ്യക്തമാവും.