ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ വിൻറ്റർ ആണ് ഈ വര്ഷം വരാനിരിക്കുന്നതെന്ന് ബ്രിട്ടീഷ് സർക്കാർ മുന്നറിയിപ്പ് നൽകുന്നു. സർക്കാരിന്റെ സയന്റിഫിക് അഡ്‌വൈസർ പ്രൊഫസർ ക്രിസ് വിറ്റിയാണ് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. അടുത്ത നാല് മാസം NHS ന്റെ ചരിത്രത്തിലെ ഏറ്റവും മോശം മരണ നിരക്ക് ആണ് റിപ്പോർട്ട് ചെയ്യപ്പെടുക. ഒക്ടോബർ മാസം രണ്ടാം ഘട്ട കൊറോണ ബാധ ശക്തമായ ശേഷം NHS അടക്കമുള്ള ബ്രിട്ടനിലെ ആരോഗ്യ പരിപാലന സംവിധാനങ്ങൾ വലിയ ബുദ്ധിമുട്ടുകൾ ആണ് നേരിട്ട് കൊണ്ടിരിക്കുന്നത്.
ഡോക്ടർമാർ, നഴ്സ്മാർ, ഹെൽത്ത് കെയർ ജോലിക്കാർ തുടങ്ങി എല്ലാ ആരോഗ്യ പ്രവർത്തകരും വരും മാസങ്ങളിൽ കിണഞ്ഞു ജോലി ചെയ്യേണ്ടി വരുമെന്നും ക്രിസ് വിറ്റി കൂട്ടിച്ചേർത്തു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ ദീർഘ സമയം ജോലി ചെയ്യുന്നത് കടുത്ത മാനസിക സംഘർഷങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയും അദ്ദേഹം പങ്ക് വെച്ചു. ബ്രിട്ടീഷ് മെഡിക്കൽ ജേർണലിന് നൽകിയ അഭിമുഖത്തിലാണ് പ്രൊഫസർ വിറ്റി ഇക്കാര്യം വിശദീകരിച്ചത്.
നവംബർ മുതൽ മാർച്ച് വരെയുള്ള വിൻറ്റർ മാസങ്ങളിൽ യുകെയിൽ വിവിധ രോഗ ബാധകളും മരണ സംഖ്യയും പൊതുവെ ഉയരാറുണ്ട്. എന്നാൽ കൊറോണ ബാധ വീണ്ടും കനത്തതോടെ മരണ സംഖ്യ ഈ വര്ഷം അനിയന്ത്രിതമായി വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊറോണ ബാധ മൂലം വിൻറ്ററിലെ മരണ സംഖ്യ , ഒന്നാം ഘട്ടത്തേക്കാൾ ഉയരുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സർക്കാർ കണക്കുകൾ പ്രകാരം പതിനയ്യായിരത്തോളം പേർ ഇപ്പോൾ NHS ഹോസ്പിറ്റലുകളിൽ ചികിത്സയിലുണ്ട്. അതിൽ 1355 പേർ വെന്റിലേറ്ററിൽ ആണുള്ളത്. വെളളിയാഴ്ച മാത്രം 376 പേർ കൊറോണ ബാധ മൂലം യുകെയിൽ മരണപ്പെട്ടു. ഇതിന് പുറമെ 27,331 പേർക്ക് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു.
Leave a Reply