ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകത്തിലെ ഏറ്റവും വലിയ പുരാവസ്തുക്കളുടെ ശേഖരമുള്ള മ്യൂസിയമാണ് ബ്രിട്ടീഷ് മ്യൂസിയം. എന്നാൽ കോടികൾ വിലമതിക്കുന്ന നിരവധി സ്വർണം, രത്നങ്ങൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്ലാസ് എന്നിവയുൾപ്പെടെയുള്ള വസ്തുക്കൾ മ്യൂസിയത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ഇതിന് പിന്നാലെ ഒരു ജീവനക്കാരനെ അധികൃതർ ജോലിയിൽ നിന്ന് പുറത്താക്കി. കാണാതായതും കേടുപാടുകൾ സംഭവിച്ചതുമായ വസ്തുക്കളിൽ ബിസി 15-ാം നൂറ്റാണ്ട് മുതൽ എഡി 19-ാം നൂറ്റാണ്ട് വരെയുള്ള സ്വർണ്ണാഭരണങ്ങളും വിലയേറിയ കല്ലുകളുടെ രത്നങ്ങളും സ്ഫടികങ്ങളും ഉൾപ്പെടുന്നുണ്ടെന്ന് മ്യൂസിയം അധികൃതർ വെളിപ്പെടുത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാണാതായവയിൽ ഭൂരിഭാഗം സാധനങ്ങളും മ്യൂസിയത്തിന്റെ ശേഖരത്തിൽ പെട്ട ഒരു സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്നവയായിരുന്നു. ഇവ ഒന്നും തന്നെ അടുത്തിടെ പൊതു പ്രദർശനത്തിൽ വച്ചിരുന്നില്ല. അക്കാദമിക്, ഗവേഷണ ആവശ്യങ്ങൾക്കായി മാത്രം ഇവ ഉപയോഗിച്ച് വരുകയായിരുന്നു. ഇതിന് പിന്നാലെ ഒരു ജീവനക്കാരനെ പിരിച്ചുവിട്ടു. എന്നാൽ ഇയാളുടെ പേര് ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

ബ്രിട്ടീഷ് ജനത എന്നും അഭിമാനത്തോടെ കൊണ്ട് നടക്കുന്ന ഒന്നാണ് ബ്രിട്ടീഷ് മ്യൂസിയം. അതുകൊണ്ടുതന്നെ മോഷണ വാർത്ത പലർക്കും സങ്കടകരമായ വാർത്തയാണ്. എന്നാൽ തങ്ങളുടെ കുറവുകൾ മനസിലാക്കി സുരക്ഷ ശക്തമാക്കാൻ ഈ അവസരം ഉപയോഗിക്കുമെന്ന് ബ്രിട്ടീഷ് മ്യൂസിയം ചെയർമാനായ ജോർജ്ജ് ഓസ്ബോൺ പറഞ്ഞു. പ്രതിവർഷം ആറ് ദശലക്ഷത്തിലധികം ആളുകളാണ് ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയം സന്ദർശിക്കുന്നത്. മനുഷ്യ ചരിത്രത്തിലെ 2 ദശലക്ഷം വർഷത്തോളം വ്യാപിച്ചുകിടക്കുന്ന എട്ട് ദശലക്ഷത്തിലധികം വസ്തുക്കൾ മ്യൂസിയത്തിൽ ഉണ്ട്. മ്യൂസിയത്തിലെ മോഷണം മുൻപും നടന്നിട്ടുണ്ട്. 2002-ൽ മ്യൂസിയത്തിലെ പൊതു ഗാലറിയിൽ നിന്ന് 2,000 വർഷം പഴക്കമുള്ള ഒരു ഗ്രീക്ക് പുരാവസ്തു മോഷ്ടിക്കപ്പെട്ടിരുന്നു. 2017-ൽ, മ്യൂസിയത്തിന്റെ ശേഖരത്തിൽ നിന്ന് ഒരു കാർട്ടിയർ ഡയമണ്ട് മോതിരം നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌.