സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണകാലത്തെ വീരനായകരാണ് ആരോഗ്യപ്രവർത്തകർ. സ്വന്തം ജീവന് സുരക്ഷ ഏകാതെ പോലും രോഗികളെ അവർ ശുശ്രൂഷിക്കുന്നു. നഴ്സിംഗ് ജോലിയുടെ മഹത്വം ഉയർത്തുന്ന വാക്കുകളാണ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സിച്ച ജെന്നി മക്ഗീയിൽ നിന്ന് കേട്ടത്. “ബോറിസ് ജോൺസൻ തങ്ങൾക്ക് ഒരു രോഗി മാത്രം ആയിരുന്നു.” മക്ഗീ വെളിപ്പെടുത്തി. “ഏതൊരു രോഗിയുടെയും ജീവൻ രക്ഷിക്കാൻ പരിശ്രമിക്കുന്നത് പോലെ ജോൺസന്റെ ജീവൻ രക്ഷിക്കുവാനും പരിശ്രമിച്ചു. കാര്യങ്ങൾ കൈവിട്ടു പോകാമായിരുന്നു.” ന്യൂസിലാൻഡ് സ്വദേശി ആയ മക്ഗീ കൂട്ടിച്ചേർത്തു. തന്റെ ജീവൻ രക്ഷിച്ച രണ്ട് നഴ്സുമാരെ ജോൺസൻ പ്രശംസിച്ചിരുന്നു. അതിൽ ഒരാളാണ് മക്ഗീ. പ്രധാനമന്ത്രി തന്റെ പേര് പറയുമെന്ന് അറിയില്ലായിരുന്നെന്നും ശരിക്കും അതൊരു ഞെട്ടലായെന്നും മക്ഗീ പറഞ്ഞു. ജോൺസന് പ്രത്യേക ചികിത്സ ലഭിച്ചിട്ടില്ലെന്നും അവർ അറിയിച്ചു.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ടെലിവിഷൻ ന്യൂസിലാൻഡിനോട് (ടിവിഎൻ‌സെഡ്) സംസാരിച്ച മക്ഗീ, പ്രധാനമന്ത്രിയോട് ഇടപഴകിയതിൽ തനിക്ക് അമ്പരപ്പില്ലെന്നും അത് ഓഫീസിലെ മറ്റൊരു ദിവസം പോലെ ആയിരുന്നെന്നും പറഞ്ഞു. “ഒരു യൂണിറ്റ് എന്ന നിലയിൽ ഞങ്ങൾ പരമാവധി ചെയ്യാൻ ശ്രമിക്കുന്ന മറ്റൊരു രോഗി മാത്രമാണ് അദ്ദേഹം.” അവർ പറഞ്ഞു. 10 വർഷമായി തീവ്രപരിചരണ വിഭാഗത്തിൽ ജോലി ചെയ്യുന്ന മക്ഗീ, ചില രോഗികൾ കുടുംബം അടുത്തില്ലാതെ മരിക്കുന്ന കാഴ്ച ഹൃദയഭേദകമാണെന്നും അത് തന്റെ ജോലിയുടെ ഏറ്റവും ദുഃഖകരമായ നിമിഷമാണെന്നും പറഞ്ഞു.രോഗികളുടെ കുടുംബാംഗങ്ങളെ കൊറോണ വൈറസ് അകറ്റിനിർത്തുമ്പോൾ നഴ്‌സുമാർ അവർക്ക് കൈകോർത്ത് ആശ്വാസം നൽകുന്നതിൽ സന്തോഷമുണ്ടെന്ന് അവൾ അറിയിച്ചു. എൻ‌എച്ച്‌എസ് സ്റ്റാഫിന് നന്ദി പറയുന്ന വീഡിയോ പ്രചരിച്ച ശേഷം സൗത്ത് ഐലൻഡിലെ ഇൻ‌വർ‌കാർ‌ഗിലിൽ നിന്നുള്ള മിസ് മക്ഗീ ആഗോളതലത്തിൽ “ജെന്നി ഫ്രം ന്യൂസിലാന്റ്” എന്നറിയപ്പെട്ടു. ജോൺസന്റെ പ്രശംസ ലഭിച്ചതിനുപിന്നാലെ ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആർഡെർനിൽ നിന്നും മക്ഗീക്ക് അഭിനന്ദന സന്ദേശം ലഭിച്ചു. പകർച്ചവ്യാധിയെത്തുടർന്ന് തൻെറ നാടായ ന്യൂസിലാന്റിലേക്ക് മടങ്ങേണ്ടെന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്, തന്നിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്തം ആണ് പ്രധാനമെന്നും അങ്ങനെയാണ് പോരാടാൻ തയ്യാറായതെന്നും അവൾ ഉത്തരം നൽകി.

അതേസമയം, പ്രധാനമന്ത്രി നന്ദി അറിയിച്ച മറ്റൊരു നഴ്‌സായ ലൂയിസ് പിത്താർമ പറഞ്ഞു ; ജോൺസനെ പരിപാലിച്ചത് തികച്ചും വിചിത്രമായ കാര്യമാണെന്ന് തോന്നുന്നു. കാരണം ഇത്രയും ഉന്നതനായ ഒരാളെ ഞാൻ ഇതിനുമുമ്പ് പരിചരിച്ചിട്ടില്ല.” “ഇത് ഒരു വലിയ ഉത്തരവാദിത്തമാണ്, മറ്റേതൊരു രോഗിയോടും കാണിക്കുന്ന അതേ ബഹുമാനം ഞാൻ അദ്ദേഹത്തിനും നൽകി” പിത്താർമ കൂട്ടിച്ചേർത്തു. 1860 ൽ സെന്റ് തോമസ് ഹോസ്പിറ്റലിൽ ലോകത്തിലെ ആദ്യത്തെ പ്രൊഫഷണൽ നഴ്സിംഗ് സ്കൂൾ സ്ഥാപിച്ച ഫ്ലോറൻസ് നൈറ്റിംഗേലിൽ നിന്ന് തനിക്ക് പ്രചോദനം ലഭിച്ചതായി പിത്താർമ ജോൺസനോട് പറഞ്ഞു. പോർച്ചുഗലിലെ അവീറോ സ്വദേശിയാണ് അദ്ദേഹം. പോർച്ചുഗീസ് പ്രസിഡന്റ് മാർസെലോ റെബലോ ഡി സൂസയിൽ നിന്ന് അദ്ദേഹത്തിന് അഭിനന്ദന സന്ദേശം ലഭിച്ചിരുന്നു. കൊറോണ വൈറസ് ബാധിതനായി ആരോഗ്യ നില വഷളായ ജോൺസനെ ചികിത്സയ്ക്ക് ശേഷം ഏപ്രിൽ 12 ന് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. തീവ്രപരിചരണ വിഭാഗത്തിൽ നിരവധി രാത്രികൾ ചെലവഴിച്ച അദ്ദേഹത്തിന് ഓക്സിജൻ നൽകിയിരുന്നു. “തനിക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാൻ കാരണം ഈ രണ്ട് നഴ്സുമാരും തന്റെ കിടക്കയ്ക്കരികിൽ 48 മണിക്കൂർ ജാഗ്രതയോടെ ഇരുന്നു. ആവശ്യമായ എല്ലാ സഹായങ്ങളും അവർ ചെയ്തുതന്നു.” ഒരു വീഡിയോ സന്ദേശത്തിൽ ജോൺസൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തി. പ്രധാനമന്ത്രി തന്റെ രാജ്യ വസതിയായ ചെക്കേഴ്‌സിൽ ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നു.