സ്വന്തം ലേഖകൻ
ബ്രിട്ടീഷ് ജനതയ്ക്ക് മാസ്കിനോടുള്ള വൈമുഖ്യം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് പോലീസും കടയുടമകളും തുറന്നു സമ്മതിക്കുന്നു. മാസ്ക് ധരിക്കൽ അത്യാവശ്യമാണെന്നും അതിനായി വേണ്ടിവന്നാൽ പോലീസിനെ നിയോഗിക്കുമെന്നും കോമൺസിൽ സംസാരിക്കുന്നതിനിടെ മാറ്റ് ഹാൻകോക്ക് പറഞ്ഞു. കോവിഡ് ബാധിക്കുന്ന സാധാരണക്കാരെ അപേക്ഷിച്ച് കട ഉടമകൾ സഹായികൾ എന്നിവർക്ക് 75 ശതമാനം സാധ്യത കൂടുതലാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈ 24 മുതൽ മാത്രമേ ഫെയ്സ് മാസ്ക് ധരിച്ചു കൊണ്ട് വേണം പൊതുനിരത്തിൽ ഇറങ്ങാൻ എന്ന നിയമം പ്രാബല്യത്തിൽ വരികയുള്ളൂ. എന്നാൽ ഇതുസംബന്ധിച്ച് മുതിർന്ന പോലീസ് മേധാവികൾ ഗവൺമെന്റിനോട് അതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ രാത്രിയിലാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയതെങ്കിലും പൂർണമായും നടപ്പിലാക്കാൻ കുറച്ചുകൂടി സമയം വേണ്ടിവരും എന്ന് നാഷണൽ പോലീസ് ചീഫ് കൗൺസിൽ ചെയർമാനായ മാർട്ടിൻ ഹെവിറ്റ് പറഞ്ഞു. നിയമം നടപ്പിൽ വരുത്തണമെങ്കിൽ പൊതു ജനങ്ങളോടൊപ്പം കടയുടമകളുടെയും അകമഴിഞ്ഞ സഹകരണം വേണ്ടിവരും. ഒരുപക്ഷേ പോലീസിനെക്കാൾ അധികമായി അവർക്കായിരിക്കും ഈ വിഷയത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുക. മെട്രോപൊളിറ്റൻ പോലീസ് ഫെഡറേഷൻ ചെയർമാനായ കെൻ മാർഷ് പറയുന്നു ” ഇത് തികച്ചും അസംബന്ധങ്ങൾ നിറഞ്ഞ ഒരു നിയമമാണ്. ഇത് നടപ്പാക്കണമെങ്കിൽ പോലീസിനേക്കാൾ അധികമായി കടയുടമകൾ തന്നെ രംഗത്തിറങ്ങേണ്ടി വരും. ഓരോ കടയുടെ മുന്നിലും ഓരോ പോലീസിനെ നിർത്താൻ ആവില്ലല്ലോ. അത്രയധികം അംഗസംഖ്യ നമ്മുടെ സേനയ്ക്ക് ഇല്ല എന്ന് തന്നെയാണ് കാരണം. മാസ്ക് ധരിക്കാതെ ഒരാൾ കടയിൽ പ്രവേശിച്ചാൽ അയാളെ കയറ്റാതിരിക്കുക എന്നതാണ് കടയുടമകൾക്ക് ചെയ്യാനുള്ളത്, അതിനുപകരം പോലീസിനെ വിളിച്ചു വരുത്താൻ തുടങ്ങിയാൽ കാര്യങ്ങൾ കൈവിട്ടു പോകും”. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നത് 100 പൗണ്ട് വരെ പിഴയടയ്ക്കാൻ കാരണമാവും.
ഇതിനെ സംബന്ധിച്ച് കൃത്യമായ നിർദ്ദേശങ്ങൾ ഒന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും, ഈ വിഷയത്തിൽ തങ്ങളുടെ പരിപൂർണ്ണ സഹകരണം ഉണ്ടാകുമെന്നും വ്യാപാരി വ്യവസായി സമൂഹത്തിന്റെ പ്രതിനിധികൾ പറയുന്നു. നിയമം എങ്ങനെയാണ് നടപ്പിൽ വരുത്തേണ്ടത് എന്ന് കൃത്യമായ നിർദ്ദേശങ്ങളും അതിനനുസരിച്ചുള്ള ഉപകരണങ്ങളും ലഭ്യമാക്കിയാൽ പുതിയ നിയമത്തെ തങ്ങൾ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നുവെന്ന് ഷോപ്പ് കീപേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി പറഞ്ഞു.
എന്നാൽ പുതിയ പോളിസിക്ക് എതിരായി സ്വൈൻ രംഗത്തുവന്നിട്ടുണ്ട്. ടോറി പാർട്ടിയിലെ ചിലരും ജനങ്ങൾക്ക് താല്പര്യമില്ലാത്ത ഒരു നിയമം അടിച്ചേൽപ്പിക്കേണ്ടതില്ല എന്ന അഭിപ്രായക്കാരാണ്. മാസ്കിനെ ഫേസ്നാപ്പീസ് പോലെയുള്ള പരിഹാസപേരുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്ന യുവജനങ്ങളും ബ്രിട്ടണിൽ കുറവല്ല. ലോക് ഡൗൺ ഉയർത്തിയെങ്കിലും, ജനങ്ങൾ ഇപ്പോഴും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടില്ല. ഇപ്പോൾ ഷോപ്പിങ് മാളുകളിലെയും മറ്റ് വ്യാപാര സ്ഥാപനങ്ങളിലെയും തിരക്ക് കോറോണ മഹാമാരിക്ക് മുൻപ് ഉണ്ടായിരുന്നതിന് അപേക്ഷിച്ച് വളരെ കുറവാണ്.
Leave a Reply