ലണ്ടന്‍: സമ്മര്‍ അവധികള്‍ക്കായി ജനങ്ങള്‍ യാത്ര തുടങ്ങിയതോടെ വ്യോമഗതാഗത മേഖലയില്‍ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി. കഴിഞ്ഞ ദിവസമുണ്ടായ സവിശേഷ സാഹചര്യം മൂലം ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി. ഇതോടെ നിരവധി പേരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്. ഈസിജെറ്റ് മാത്രം ഈ വാരാന്ത്യത്തില്‍ 28 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി. എയര്‍ ട്രാഫിക് കണ്‍ട്രോളുകളില്‍ നിന്ന് താമസം നേരിട്ടതും മോശം കാലാവസ്ഥയും ലണ്ടന്‍ മേഖലയില്‍ വ്യോമഗതാഗതം വര്‍ദ്ധിച്ചതു മൂലമുണ്ടായ തടസങ്ങളുമാണ് കമ്പനി ഇതിന് കാരണമായി പറയുന്നത്. ഹീത്രൂവിലും ഗാറ്റ്വിക്കിലും കൈകാര്യം ചെയ്യാവുന്ന ശേഷിക്കു മേല്‍ യാത്രക്കാരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
ഫ്രാന്‍സ് വ്യോമമേഖല ദിവസവും ഉപയോഗിക്കുന്നത് ഏകദേശം 1000 ബ്രിട്ടീഷ് വിമാനങ്ങളാണ്. എന്നാല്‍ ഇവ കൈകാര്യം ചെയ്യാന്‍ ആവശ്യമായ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാര്‍ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. യൂറോപ്യന്‍ വിമാനത്താവളങ്ങളിലെ കടുത്ത പാസ്‌പോര്‍ട്ട് പരിശോധനകള്‍ നാല് മണിക്കൂര്‍ വരെ നീളുന്ന ക്യൂവിന് കാരണമാകുന്നു. ഇത് വിമാനങ്ങള്‍ വൈകുന്നതിനാണ് കാരണമാകുന്നത്. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് നേരിട്ട താമസം മൂലമാണ് ഇന്നലെ ഗാറ്റ്വിക്കില്‍ നിന്നുള്ള മാര്‍സെയില്‍ വിമാനം റദ്ദാക്കിയതെന്ന് ഈസിജെറ്റ് പറയുന്നു. താമസം നേരിട്ടതോടെ ജീവനക്കാരുടെ പ്രവൃത്തിസമയം കഴിയുകയും സര്‍വീസ് റദ്ദാക്കുകയുമായിരുന്നു.
നീസ് വിമാനത്താവളത്തില്‍ വിമാനം 13 മണിക്കൂര്‍ വൈകിയതോടെ പരാതിപ്പെടാനെത്തിയ യാത്രക്കാരന്റെ മുഖത്ത് ജീവനക്കാരന്‍ ഇടിച്ചു. ലൂട്ടനിലേക്കുള്ള വിമാനം വൈകിയപ്പോള്‍ യാത്രക്കാരെ വേണ്ടവിധത്തില്‍ പരിഗണിച്ചില്ലെന്ന് പരാതിപ്പെട്ട യാത്രക്കാരനാണ് മര്‍ദ്ദനമേറ്റത്. 9 മാസം പ്രായമുള്ള കുഞ്ഞും ഇയാളുടെ കയ്യില്‍ ഉണ്ടായിരുന്നു. ഹീത്രൂവിലും ഗാറ്റ്വിക്കിലും എത്തുന്ന യാത്രക്കാരുടെ എണ്ണം റെക്കോര്‍ഡ് ആണ്. സസെക്‌സ് വിമാനത്താവളം അതിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്ക് കൈകാര്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. ഓഗസ്റ്റ് 13ന് 1,68,000 യാത്രക്കാരായിരിക്കും ഇവിടെ എത്താന്‍ പോകുന്നത്.
Leave a Reply