മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് ശബരീനാഥനെ അറസ്റ്റ് ചെയ്തതില്‍ അസ്വാഭാവികത ആരോപണം. ശബരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ പരിഗണിക്കുന്നത് മുന്‍കൂട്ടി കണ്ടാണ് പൊലീസിന്റെ അറസ്റ്റ് നീക്കം. മജിസ്‌ട്രേറ്റിനെ പോലും കബളിപ്പിച്ചാണ് കേരള പൊലീസ് അറസ്റ്റ് ചെയ്തതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
രാവിലെ 10: 30 നാണ് ശബരീനാഥന്‍ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. അതിന് മുന്നോടിയായി ശബരീനാഥന്‍ മാധ്യമങ്ങളെ കണ്ടിരുന്നു. സമാധാനപരമായിട്ടാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വിമാനത്തില്‍ പ്രതിഷേധിച്ചത്. ഊരിപ്പിടിച്ച വടിവാളുമായല്ല, പേന പോലും പ്രവര്‍ത്തകരുടെ കൈയ്യില്‍ ഉണ്ടായിരുന്നില്ലെന്നുമായിരുന്നു ശബരീനാഥന്റെ പ്രതികരണം.
തുടര്‍ന്ന് 11 മണിക്ക് ശബരീനാഥന്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഇതില്‍ ഹര്‍ജി പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് കോടതി അറിയിച്ചു. എന്നാല്‍ ഇതിനകം ശബരി അറസ്റ്റിലായെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റിന്റെ സമയം അറിയിക്കണമെന്ന് കോടതി സര്‍ക്കാരിനെ അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരായ ശബരിനാഥനെ 10: 50ന് പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് സര്‍ക്കാര്‍ പ്ലീഡര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയ സമയം വ്യക്തമാക്കുന്ന രേഖ ഉടന്‍ ഹാജരാക്കണമെന്ന് കോടതി സര്‍ക്കാര്‍ അഭിഭാഷകന് നിര്‍ദേശം നല്‍കി.
12: 29 നാണ് അറസ്റ്റിലായെന്ന വിവരം ശബരിയെ പൊലീസ് അറിയിച്ചത്. 12: 30 അറസ്റ്റ് രേഖയില്‍ ശബരി ഒപ്പു വെച്ചു. കോടതി ഉച്ചക്ക് ശേഷം കേസ് പരിഗണിക്കും. മൂന്ന് മണിക്ക് ശബരിയെ കോടതിയില്‍ ഹാജരാക്കും. അറസ്റ്റ് ചെയ്യരുതെന്ന് കോടതി ആവശ്യപ്പെട്ട സമയത്ത് ഒന്നും പറയാതിരുന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ 11: 45 നാണ് അറസ്റ്റ് ചെയ്ത വിവരം അറിയിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ കെ എസ് ശബരീനാഥന്റേത് വ്യാജ അറസ്റ്റെന്ന് ഷാഫി പറമ്പില്‍. പൊലീസും പൊലീസ് സംവിധാനങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമകളെ പോലെയാണ് പെരുമാറുന്നതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.10.30നാണ് മൊഴിയെടുക്കാന്‍ വിളിച്ചു വരുത്തിയ ആളെ 10.50ഓടെ അറസ്റ്റ് ചെയ്തു എന്ന് പറയുന്നു. 11 മണിക്കാണ് ബെഞ്ച് അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യം പരിഗണിച്ചത്. സാക്ഷിയായി വിളിച്ചു വരുത്തിയ ആളെ ചോദ്യം ചെയ്യുന്നതിന് മുമ്പ് എങ്ങനെയാണ് അറസ്റ്റു ചെയ്യുന്നതെന്നും ഷാഫി ചോദിച്ചു.
‘മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തിയ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ഇപ്പോള്‍ പറയുന്നു. നാണം കെട്ട ഏര്‍പ്പാടാണിത്, നിയമപരമായി നേരിടും. പൊലീസിന്റെയും സര്‍ക്കാരിന്റെയും ഒരു ഔദാര്യവും ഞങ്ങള്‍ക്ക് വേണ്ട. വിമാനത്തിലെ പ്രതിഷേധത്തെ മുഖ്യമന്ത്രിക്കെതിരായ വധശ്രമമായി ചിത്രീകരിച്ചത് പോലെ ഇതും വ്യാജമായി നിര്‍മ്മിക്കുകയാണ്. പേടികൊണ്ട് ഭാവനയില്‍ ഭീരുത്വം കൊണ്ട് നെയ്യുന്ന കഥകളിലൂടെ യൂത്ത് കോണ്‍ഗ്രസ് സമരങ്ങളെ, പിണറായി വിജയനെതിരായ പ്രതിഷേധങ്ങളെ അട്ടിമറിക്കാമെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും വിചാരിക്കണ്ട. അദ്ദേഹം ഒരു ഭീരുവാണെന്ന് ആവര്‍ത്തിച്ച് പറയാന്‍ ആഗ്രഹിക്കുകയാണ്.
ശബരീനാഥനെ അറസ്റ്റ് ചെയ്തു എന്നാണ് പറയുന്നത് എങ്കില്‍ അത് വ്യാജമാണ്. അതിന് രേഖകള്‍ ഹാജരാക്കിയാല്‍ അത് കൃത്രിമമായുണ്ടാക്കിയതാണെന്നും സംശയമില്ല. പ്രതിഷേധം പ്രതിഷേധം എന്ന് രണ്ട് മുദ്രാവാക്യം വിളിച്ചപ്പോഴേക്കും, എന്നെ കൊല്ലാന്‍ വരുന്നേ എന്ന് കരഞ്ഞു നിലവിളിച്ച് നടക്കുന്ന ഒരു ഭീരുവായ മുഖ്യമന്ത്രിയെയാണ് കേരളം കാണുന്നത്’, ഷാഫി പറമ്പില്‍ ആരോപിച്ചു.
Leave a Reply