തിരുവനന്തപുരം :➡️ കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനെത്തുടർന്ന് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കും. പ്രാദേശിക തലത്തിൽ മെഡിക്കൽ വിദ്യാർത്ഥികളെ കൊവിഡ് പ്രതിരോധത്തിനു ഉപയോഗിക്കും. മെഡിക്കൽ വിദ്യാർത്ഥികൾ വാക്‌സിൻ എടുത്തവരാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്തവരും ഇക്കാര്യത്തിൽ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരും വാക്‌സിൻ എടുത്തവരാണ്.

രണ്ടാമത്തെ ഡോസ് വാക്‌സിൻ 3 മാസം കഴിഞ്ഞ് എടുക്കുന്നതാണ് നല്ലതെന്നാണ് പുതിയ പഠന റിപ്പോർട്ട്. ഓക്‌സിജൻ ലഭ്യതയിൽ നിലവിൽ വലിയ പ്രശ്‌നങ്ങളില്ല. സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിനു ഓക്‌സിജൻ ലഭ്യമാക്കും. അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കൽ വിദ്യാർത്ഥികളിൽ പഠനം കഴിഞ്ഞവർക്കു താത്കാലിക രജിസ്‌ട്രേഷൻ നൽകും.എറണാകുളം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 % കടന്ന പഞ്ചായത്തുകൾ ബുധനാഴ്ച മുതൽ അടച്ചിടും. എറണാകുളത്തെ മഞ്ഞപ്ര, പാലക്കുഴ, മുനമ്പം പഞ്ചായത്തുകൾ അടച്ചിടും. മുനമ്പം ഹാർബർ പൂർണമായി അടച്ചിടും.

കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി കുടിശിക പിരിവ് 2 മാസത്തേക്കു നിർത്തും. ബാങ്കുകളുടെ റിക്കവറി പ്രവർത്തനങ്ങൾ തൽക്കാലത്തേക്കു നിറുത്തണമെന്ന് ആവശ്യപ്പെട്ടും. സപ്ലൈക്കോ കൺസ്യൂമർഫെഡ് എന്നിവയ്ക്കു പുറമേ എൻജിഒകൾ രാഷ്ട്രീയ പാർട്ടികൾ അസോസിയേഷനുകൾ എന്നിവയ്ക്ക് അംഗീകൃത ദുരിതാശ്വാസ ഏജൻസികളായി പ്രവർത്തിക്കാൻ അനുമതി നൽകും. നേരിട്ടോ സർക്കാർ ഏജൻസികൾ വഴിയോ സഹായം വിതരണം ചെയ്യാം. വിദേശത്തു പ്രവർത്തിക്കുന്ന സംഘടനകൾക്കു കൂടുതൽ സഹായം നൽകാൻ കഴിയും. അത്തരം ഏജൻസികളെക്കുറിച്ച് നോർക്ക പരിശോധിച്ച് അംഗീകാരം നൽകും. സർക്കാർ ഏജൻസികൾ മുഖേനയായിരിക്കും സഹായ വിതരണം.

കെ എം എസ് സി എൽ , കൺസ്യൂമർഫെഡ്, സപ്ലൈകോ തുടങ്ങിയ സ്റ്റേറ്റ് ഗവണ്മെൻ്റ് ഏജൻസികൾക്ക് പുറമേ സ്വകാര്യ ഏജൻസികൾ, എൻ.ജി.ഒ കൾ, രാഷ്ട്രീയ പാർട്ടികൾ, വിദേശത്ത് രജിസ്റ്റർ ചെയ്ത മലയാളി അസോസിയേഷനുകൾ എന്നിവയ്ക്കും ഈ ഘട്ടത്തിൽ അംഗീകൃത റിലീഫ് ഏജൻസികളായി പ്രവർത്തിക്കാൻ അനുമതി നൽകും.

ദുരിതാശ്വാസ സഹായങ്ങൾ നേരിട്ടോ, സർക്കാർ ഏജൻസികൾ മുഖേനയോ, റവന്യൂ/ആരോഗ്യ വകുപ്പുകൾ മുഖേനയോ വിതരണം ചെയ്യാവുന്നതാണ്.

സർക്കാർ ഹോസ്പിറ്റലുകളിൽ നിലവിലുള്ളത് 2857 ഐസിയു ബെഡുകളാണ്. അതിൽ 996 ബെഡുകൾ കോവിഡ് രോഗികളുടേയും 756 ബെഡുകൾ കോവിഡിതര രോഗികളുടേയും ചികിത്സയ്ക്കായി ഉപയോഗിക്കുകയാണ്. സർക്കാർ ആശുപത്രികളിലെ 38.7 ശതമാനം ഐസിയു ബെഡുകൾ ആണ് ഇപ്പോൾ ബാക്കിയുള്ളത്. സ്വകാര്യ ആശുപത്രികളിലെ 7085 ഐസിയു ബെഡുകളിൽ 1037 എണ്ണമാണ് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഇപ്പോൾ ഉപയോഗിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സർക്കാർ ആശുപത്രികളിൽ നിലവിൽ ഉള്ള ആകെ വെൻ്റിലേറ്ററുകളുടെ എണ്ണം 2293 ആണ്. അതിൽ 441 വെൻ്റിലേറ്ററുകൾ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായും 185 എണ്ണം കോവിഡേതര രോഗികളുടെ ചികിത്സയ്ക്കായും ഉപയോഗത്തിലാണ്. സർക്കാർ ആശുപത്രികളിലെ മൊത്തം വെൻ്റിലേറ്ററുകളുടെ 27.3 ശതമാനമാണ് ഇപ്പോൾ ഉപയോഗത്തിലുള്ളത്. സ്വകാര്യ ആശുപത്രികളിലെ 1523 വെൻ്റിലേറ്ററുകളിൽ 377 എണ്ണമാണ് നിലവിൽ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

സിഎഫ്എൽടിസികളിലെ ബെഡുകളിൽ 0.96 ശതമാനവും സിഎൽടിസികളിലെ ബെഡുകളിൽ 20.6 ശതമാനവും ബെഡുകൾ ഓക്സിജൻ ബെഡുകളാണ്. മെഡിക്കൽ കോളേജുകളിൽ ആകെയുള്ള 3231 ഓക്സിജൻ ബെഡുകളിൽ 1731 എണ്ണമാണ് കോവിഡ് ചികിത്സയ്ക്കായി നീക്കി വച്ചിരിക്കുന്നത്. അതിൽ 1429 ബെഡുകളിലും രോഗികൾ ചികിത്സയിലാണ്. 546 പേർ കോവിഡേതര രോഗികളാണ്. മൊത്തം 3231 ഓക്സിജൻ ബെഡുകളിൽ 1975 എണ്ണവും ഇപ്പോൾ ഉപയോഗത്തിൽ ആണ്.

ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസിനു കീഴിലുള്ള ആശുപത്രികളിൽ 3001 ഓക്സിജൻ ബെഡുകൾ ആണുള്ളത്. അതിൽ 2028 ബെഡുകൾ ആണ് കോവിഡ് ചികിത്സയ്ക്ക് നീക്കി വച്ചിരിക്കുന്നത്. അവയിൽ 1373 ഓക്സിജൻ ബെഡുകളിൽ ഇപ്പോൾ രോഗികൾ ചികിത്സയിലാണ്. കോവിഡേതര രോഗികളെക്കൂടെ കണക്കിലെടുത്താൽ ഈ ആശുപത്രികളിലെ 51.28 ശതമാനം ഓക്സിജൻ ബെഡുകളിലും രോഗികൾ ചികിത്സിക്കപ്പെടുന്നു.
സ്വകാര്യ ആശുപത്രികളിലെ 2990 ഓക്സിജൻ ബെഡുകളിൽ 66.12 ശതമാനം ഓക്സിജൻ ബെഡുകൾ ഇതിനോടകം ഉപയോഗത്തിലായിക്കഴിഞ്ഞു.

ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കൽ ഓക്സിജനിൽ ചുരുങ്ങിയത് ആയിരം മെട്രിക് ടൺ കേരളത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് കത്തയച്ചിട്ടുണ്ട്.

രണ്ടാം തരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ഓക്സിജന്റെ ആവശ്യം വലിയതോതിൽ വർധിച്ചിരിക്കുകയാണ്. ഓക്സിജന്റെ സ്റ്റോക്ക് വളരെ വേഗം കുറയുന്നു. ഈ സാഹചര്യത്തിൽ മതിയായ കരുതൽശേഖരം ഉണ്ടാക്കുന്നതിന് കേന്ദ്രത്തിന്റെ സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.