പ്രമുഖ വ്യവസായി എം.എ.യൂസഫലിയുടെ പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത് റീജന്‍സി വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിൽ പങ്കെടുക്കുമെന്നു ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി അറിയിച്ചു.
ലുലു ഗ്രൂപ്പും രാജ്യാന്തര ഹോട്ടല്‍ ശൃംഖലയായ ഹയാത്ത് ഹോട്ടല്‍സ് കോര്‍പറേഷനും ചേര്‍ന്ന് കേരളത്തിൽ ആരംഭിക്കുന്ന മൂന്നാമത്തെ ഹോട്ടലാണ് അത്യാധുനിക രീതിയിൽ നിർമിച്ച ഹയാത്ത് റീജന്‍സി. കൊച്ചിയിലും, തൃശൂരുമാണ് നേരത്തേ ഹോട്ടല്‍ ഉണ്ടായിരുന്നത്. രാജ്യത്ത് പതിനഞ്ചാമത്തെ ഹയാത്ത് റീജന്‍സിയാണ് തിരുവനന്തപുരത്ത് തുറക്കുന്നത്.
തിരുവനതപുരം നഗരഹൃദയത്തില്‍ വഴുതയ്ക്കാട് 2.2 ഏക്കറിലാണ് ഹയാത്ത് റീജന്‍സി സ്ഥിതി ചെയ്യുന്നത്. 600 കോടി രൂപയാണ് നിക്ഷേപം. ബേസ്മെന്‍റ് കാര്‍ പാര്‍ക്കിങ് മേഖല ഉള്‍പ്പെടെ എട്ട് നിലകളിലായാണ് ഈ ഹോട്ടൽ ഉള്ളത്. നഗരത്തിലെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്‍ററുകളിലൊന്നായി ഹയാത്ത് റീജന്‍സിയിലെ ഗ്രേറ്റ് ഹാള്‍ മാറും. 1000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്നതാണ് ഗ്രേറ്റ് ഹാള്‍. 10,500 ചതുരശ്രടി വിസ്തീര്‍ണത്തില്‍ സ്വിമ്മിങ് പൂളിനു സമീപമായി നിലകൊള്ളുന്ന ഗ്രേറ്റ് ഹാള്‍ പ്രീമിയം ഇന്‍റീരിയര്‍ ഡിസൈന്‍ കൊണ്ടും വിശാലമായ സ്ഥല സൗകര്യം കൊണ്ടും വേറിട്ടതാണെന്നു വേണം പറയാൻ.
ഉയരം കൂടിയ എസ്കലേറ്ററും, ഗ്ലാസ് എലവേറ്ററും ഗ്രേറ്റ് ഹാളിലേക്ക് പോകുന്നതിനായി തയ്യാറാക്കിയിട്ടുണ്ട്. ഗ്രേറ്റ് ഹാളിനൊപ്പം 700 പേര്‍ക്ക് ഒരേസമയം ഇരിക്കാവുന്ന റോയല്‍ ബോള്‍ റൂം, ക്രിസ്റ്റല്‍ എന്നിങ്ങനെ മൂന്നു വേദികളിലായി 20,000 ചതുരശ്രയടി വിസ്തീർണമുള്ള ഡൈനാമിക് ഇവന്റ് സ്‌പേസാണ് ഹോട്ടലിൽ ഒരുക്കിയിരിക്കുന്നത്. ഒരേസമയം ഇൻഡോർ, ഔട്ട്‌ഡോർ ക്രമീകരണങ്ങളിൽ വിവാഹമോ, കോര്‍പറേറ്റ് കോണ്‍ഫറന്‍സോ അടക്കം വലുതും ചെറുതുമായ നിരവധി ഇവന്റുകൾ സംഘടിപ്പിക്കാവുന്ന തരത്തിലാണ് ഹോട്ടൽ രൂപകൽപന ചെയ്തിരിക്കുന്നത്.
ഏറ്റവും വലിയ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടാണ് ഹയാത്ത് റീജന്‍സിയിലെ പ്രധാന ആകർഷണം. 1650 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള പ്രസിഡന്‍ഷ്യല്‍ സ്യുട്ടിൽ അത്യാധുനിക സൗകര്യങ്ങളാണ് ഉള്ളത്. നഗരത്തിന്‍റെ വിശാലമായ കാഴ്ചയൊരുക്കുന്ന രീതിയിലാണ് സ്യൂട്ടിന്‍റെ ഡിസൈന്‍ എന്നതാണ് ശ്രദ്ധേയം. ഇതിന് പുറമേയാണ് ഡിപ്ലോമാറ്റിക് സ്യൂട്ട്, ആറ് റിജന്‍സി സ്യൂട്ടുകള്‍, 37 ക്ലബ് റൂമുകള്‍ ഉള്‍പ്പെടെ 132 മുറികള്‍ ഹോട്ടലിൽ ഉണ്ട്. വൈവിധ്യം നിറഞ്ഞ ഡൈനിങ് അനുഭവങ്ങള്‍ നല്‍കുന്ന മലബാര്‍ കഫേ, ഒറിയന്‍റല്‍ കിച്ചണ്‍, ഐവറി ക്ലബ്, ഓള്‍ തിങ്സ് ബേക്ക്ഡ്, റിജന്‍സി ലോഞ്ച് എന്നിങ്ങനെ അഞ്ച് റസ്റ്റോറന്‍റുകളും ഹോട്ടലിൽ ഉണ്ട്.
Leave a Reply