പുതുവർഷത്തിലും ഇടുക്കി ജില്ലയെ വിടാതെ പിന്തുടർന്നു കൊലപാതകങ്ങൾ. 2 മാസത്തിനിടെ ജില്ലയില്‍ റിപ്പോർട്ട് ചെയ്തത് 7 കൊലപാതകക്കേസുകളാണ്

കൊലപാതകങ്ങളിൽ ജില്ല മുങ്ങിയപ്പോൾ ജില്ലയിലെ ശാസ്ത്രീയ പരിശോധന വിദഗ്ധരും വിരലടയാള വിദഗ്ധരും കഴിഞ്ഞ ദിവസം വെള്ളം കുടിച്ചു. ശാസ്ത്രീയ പരിശോധന നടത്തുന്നവരും വിരലടയാള വിദഗ്ധരും തിങ്കളാഴ്ച മാത്രം ഓടിയത് ഒട്ടേറെകിലോമീറ്ററുകൾ. വണ്ടിപ്പെരിയാർ, മറയൂർ, തൂക്കുപാലം, കമ്പംമെട്ട് എന്നിവിടങ്ങളിലെത്തി പരിശോധന നടത്താൻ പാടുപെട്ട സംഘം തിങ്കൾ വൈകിട്ടാണ് മറയൂരിലെ അന്വേഷണം പൂർത്തിയാക്കിയത്.

വണ്ടിപ്പെരിയാറിൽ ഗൃഹനാഥയെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്തു രാവിലെ ശാസ്ത്രീയ പരിശോധനാ വിദഗ്ധരും വിരലടയാള വിദഗ്ധരും എത്തി. മറയൂരിൽ ചാക്കിൽ പൊതിഞ്ഞു കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയ കേസ് അന്വേഷിക്കാനാണ് പിന്നീടു പുറപ്പെട്ടത്. ശരീരമാസകലം വെട്ടും കുത്തും ഏറ്റ നിലയിലാണ് മറയൂരിൽ മൃതദേഹം കണ്ടെത്തിയത്. ഈ കേസിൽ ശാസ്ത്രീയ പരിശോധന നടത്താൻ മണിക്കൂറുകൾ എടുത്തു.

ഈ കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. തുടർന്ന് കമ്പംമെട്ടിൽ വാക്കുതർക്കത്തിനിടെ പരുക്കേറ്റതിനെത്തുടർന്നു മരിച്ച ടോമിയുടെ മൃതദേഹം പരിശോധിക്കാൻ വിദഗ്ധ പരിശോധനാ സംഘം തൂക്കുപാലത്ത് എത്തി.

തുടരെത്തുടരെയുള്ള കൊലപാതകങ്ങളിൽ വിറങ്ങലിച്ച് ജില്ല. 2 മാസത്തിനിടെ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 7 കൊലപാതകക്കേസുകൾ. ജനുവരിയിൽ 3 കേസുകളും ഈ മാസം 4 കേസുകളും റിപ്പോർട്ട് ചെയ്തു. 4 കേസുകൾ കഴിഞ്ഞ 2 ദിവസത്തിനിടെയാണ് റിപ്പോർട്ട് ചെയ്തത്. മറയൂരിൽ 70 വയസ്സ് പ്രായമുള്ള ആളെ വീട്ടിൽ വച്ചു വെട്ടിക്കൊലപ്പെടുത്തി ചാക്കിൽ കെട്ടി വൈദ്യുതി ഓഫിസിന് സമീപം മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് ഇതിലൊന്ന്.

മറയൂർ ബാബുനഗറിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും നിലവിലെ പഞ്ചായത്ത് അംഗവുമായ ഉഷാ തമ്പിദുരൈയുടെ പിതാവ് മാരിയപ്പനെയാണ് (70 മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പംമെട്ട് അച്ചക്കടയിൽ മർദനമേറ്റ് ആറ്റിൻകര കൊല്ലപ്പള്ളിൽ ടോമി (49) മരിച്ചതാണ് അടുത്ത സംഭവം. വണ്ടിപ്പെരിയാർ ഡൈമുക്ക് 24 പുതുവേൽ ഭാഗത്ത് പുന്നവേലി വീട്ടിൽ വിക്രമൻ നായരുടെ ഭാര്യ വിജയമ്മയെ (50) പീഡനശ്രമത്തിനിടെ വെട്ടിക്കൊലപ്പെടുത്തിയതാണ് അടുത്തത്.

ഓട്ടോറിക്ഷ വാങ്ങാൻ പണം നൽകാത്തതിന് പിതാവിനെ മകൻ അടിച്ചുകൊന്ന സംഭവം ആണു മറ്റൊന്ന്. ഉപ്പുതോട് പുളിക്കക്കുന്നേൽ ജോസഫാണ് (കൊച്ചേട്ടൻ–64) മരിച്ചത്. മകൻ രാഹുലിനെ (32) അറസ്റ്റ് ചെയ്തു. കഴിഞ്ഞ 9 ന് ആണ് സംഭവം. മകന്റെ ക്രൂരമർദനമേറ്റ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ജോസഫ് ശനിയാഴ്ചയാണ് മരിച്ചത്.