വിന്റര്‍ അതിന്റെ യഥാര്‍ത്ഥ രൂപത്തിലേക്ക് കടക്കുന്നുവെന്ന മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്. യുകെയില്‍ പലയിടങ്ങളിലും താപനില മൈനസ് 9 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. മിക്കയിടങ്ങളിലും മഞ്ഞുവീഴ്ചയും കുറഞ്ഞ താപനിലയും അനുഭവപ്പെടുമെന്നും ശീതക്കാറ്റ് ബ്രിട്ടനില്‍ എത്തിയിരിക്കുകയാണെന്നും കാലാവസ്ഥാ മുന്നറിയിപ്പ് പറയുന്നു. വീക്കെന്‍ഡില്‍ നോര്‍ത്തേണ്‍ സ്‌കോട്ട്‌ലന്‍ഡിലായിരിക്കും മൈനസ് 9 വരെ താപനില താഴുക. സൗത്തില്‍ കുറച്ചുകൂടി മെച്ചമായിരിക്കുമെങ്കിലും ശൈത്യം തന്നെയായിരിക്കും തുടരുക.

ഫെബ്രുവരിയിലേക്കും ഇതേ കാലാവസ്ഥ തുടരാനാണ് സാധ്യതയെന്ന് മെറ്റ് ഓഫീസ് ചീഫ് മെറ്റീരിയോളജിസ്റ്റ് ആന്‍ഡി പേജ് പറയുന്നു. നിലവില്‍ അനുഭവപ്പെടുന്ന കാലാവസ്ഥ ഈ വാരാന്ത്യത്തിലും തുടരും. മേഘാവൃതമായ അന്തരീക്ഷവും മഴയും ആലിപ്പഴം വീഴ്ചയും വാരാന്ത്യത്തില്‍ തെക്കന്‍ മേഖലകളില്‍ പ്രതീക്ഷിക്കാം. സെന്‍ട്രല്‍ ഈസ്റ്റേണ്‍ ഇംഗ്ലണ്ടില്‍ മഴയോ ചെറിയ തോതിലുള്ള മഞ്ഞുവീഴ്ചയോ ഉണ്ടാകാനിടയുണ്ട്. ഹൈലാന്‍ഡ്‌സിലും സ്‌കോട്ട്‌ലന്‍ഡിലെ ഗ്രാംപിയന്‍സിലും മഞ്ഞുവീഴ്ചയുണ്ടാകും. പിന്നീട് ഇത് നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ പെനൈന്‍സിലേക്കും വെയില്‍സിലെ സ്‌നോഡോണിയയിലേക്കും വ്യാപിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടുത്തയാഴ്ചയും ശൈത്യം തുടരുമെന്നാണ് മുന്നറിയിപ്പ് പറയുന്നത്. രാജ്യത്തൊട്ടാകെ കനത്ത മഴയും ആലിപ്പഴം വീഴ്ചയും ഉണ്ടാകും. അതായത് ശൈത്യം കുറച്ചു കാലത്തേക്ക് രാജ്യത്ത് തുടരുമെന്ന് തന്നെയാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഒട്ടേറെ അനിശ്ചിതത്വം ഇക്കാര്യത്തില്‍ ഉണ്ടെങ്കിലും കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കുന്നു.