വിന്ററില്‍ പകല്‍ വെളിച്ചം പരമാവധി ഉപയോഗിക്കുന്നതിനായി സമയത്തില്‍ മാറ്റം വരുത്തുന്ന രീതിയില്‍ യൂറോപ്യന്‍ യൂണിയന്‍ അനാവശ്യമായി കൈകടത്തുന്നുവെന്ന് ലോര്‍ഡ്‌സ് കമ്മിറ്റി. ഡേ ലൈറ്റ് സേവിംഗ് രീതി അവസാനിപ്പിക്കാന്‍ ബ്രസല്‍സ് പുതിയ നിയമ നിര്‍ണാണത്തിന് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇത് യൂറോപ്യന്‍ യൂണിയന് കീഴിലുള്ള എല്ലാ രാജ്യങ്ങളും അനുസരിക്കേണ്ടി വരും. ഇതിനായി നടത്തിയ പഠനത്തില്‍ പങ്കെടുത്തവര്‍ സമയം മാറ്റുന്ന രീതി അവസാനിപ്പിക്കുന്നതിനെ പിന്തുണച്ചുവെന്നാണ് അവകാശവാദം. വിന്റര്‍ ടൈമിലാണോ സമ്മര്‍ ടൈമിലാണോ നില്‍ക്കേണ്ടതെന്ന കാര്യം അംഗരാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വിടും.

യുകെ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു വരുന്ന അടുത്ത മാര്‍ച്ച് വരെ എന്തായാലും ഈ നിയമം നടപ്പാകില്ല. എന്നാല്‍ ബ്രെക്‌സിറ്റ് ഡീല്‍ അനുസരിച്ചുള്ള പരിവര്‍ത്തന കാലയളവില്‍ ഈ നിയമം യുകെയും അനുസരിക്കേണ്ടി വരുമെന്നാണ് ലോര്‍ഡ്‌സിന്റെ വിലയിരുത്തല്‍. രാജ്യങ്ങളുടെ ഭൂമിശാസ്ത്രപരവും മറ്റു വിധത്തിലുള്ള പ്രത്യേകതകളും പരിഗണിച്ച് അവര്‍ക്ക് തീരുമാനമെടുക്കാനുള്ള അവസരം ഇല്ലാതാക്കിയത് ന്യായീകരിക്കാന്‍ ബ്രസല്‍സിന് സാധിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ യൂണിയന്‍ പരാജയപ്പെട്ടെന്നും ലോര്‍ഡ്‌സ് യൂറോപ്യന്‍ യൂണിയന്‍ ഇന്റേണല്‍ മാര്‍ക്കറ്റ് സബ് കമ്മിറ്റി വിലയിരുത്തി.

യൂറോപ്യന്‍ രാജ്യങ്ങള്‍ മൂന്നു ടൈം സോണുകളിലായാണ് നിലകൊള്ളുന്നത്. രാജ്യങ്ങള്‍ക്കിടയിലെ ഇടപാടുകളും ആശയവിനിമയവും സുഗമമാക്കുന്നതിനായാണ് എല്ലാ രാജ്യങ്ങളും വിന്ററില്‍ ഒരു മണിക്കൂര്‍ പിന്നിലേക്ക് സമയം മാറുന്നത്. യൂണിയന്‍ അംഗരാജ്യങ്ങളെല്ലാം ഒക്ടോബറിലെ അവസാന ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്കാണ് ക്ലോക്കുകള്‍ പിന്നിലേക്കാക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ ഇത് പൂര്‍വ്വ സ്ഥിതിയിലാക്കുകയും ചെയ്യും. ഈ രീതിക്കാണ് യൂറോപ്യന്‍ യൂണിയന്‍ അന്ത്യം കുറിക്കുന്നത്.