അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: സ്റ്റീവനേജ്: പ്രശസ്ത മലയാളി ക്രിക്കറ്റ് ക്ലബ്ബായ സ്റ്റീവനേജ് കൊമ്പൻസ് സംഘടിപ്പിക്കുന്ന രണ്ടാമത് ‘കൊമ്പൻസ് കപ്പ് 2026’ ഓൾ യു.കെ. ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് മറ്റന്നാൾ, ഞായറാഴ്ച സ്റ്റീവനേജിൽ നടക്കും. ഹർട്ട്ഫോർഡ്ഷയറിലെ പ്രമുഖ ക്രിക്കറ്റ് വേദിയായ നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് ക്ലബ് സ്റ്റേഡിയം ആണ് മത്സരങ്ങൾക്ക് വേദിയാകുന്നത്. യു കെ യിലെ പ്രശസ്തരും പ്രഗത്ഭരുമായ ടീമുകൾ തമ്മിൽ മാറ്റുരക്കുന്ന അത്യന്തരം ആവേശകരവും തീപാറുന്നതുമായ മത്സരമാവും സ്റ്റീവനേജിൽ ഒരുങ്ങുക.

ആതിഥേയരായ കൊമ്പൻസടക്കം പന്ത്രണ്ടോളം ടീമുകൾ മത്സരത്തിൽ മാറ്റുരക്കും. പ്രമുഖ മോർട്ടഗേജ് ആൻഡ് ഇൻഷുറൻസ് കമ്പനിയായ ലൈഫ് ലൈൻ പ്രൊട്ടക്ട്, ചായ് ലിങ്ക്, ടി&ടി കാറ്ററിംഗ്സ്, സ്പൈസ് ആൻഡ് ക്രൗൺ, കറി വില്ലേജ്, കൂക്സ് തുടങ്ങിയ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്യുന്ന ‘കൊമ്പൻസ് കപ്പ് 2026’ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കൾക്ക് £1,501 ക്യാഷ് പ്രൈസും ട്രോഫിയും, റണ്ണറപ്പിന് £751 ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. മികച്ച ബാറ്റ്സ്മാൻ, മികച്ച ബൗളർ, മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി സീരീസ്, ബെസ്റ്റ് ഫീൽഡർ തുടങ്ങിയ വിഭാഗങ്ങളിലും പ്രത്യേക പുരസ്കാരങ്ങൾ സമ്മാനിക്കുന്നതാണ്.
മികച്ച സമ്മാനത്തുകയും, പ്രമുഖ ടീമുകളുടെ പങ്കാളിത്തവും, മികച്ച ക്രിക്കറ്റ് വേദിയും ചേർന്ന് ‘കൊമ്പൻസ് കപ്പ് 2026’, ഹർട്ട്ഫോർഡ്ഷയറിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശകരമായ കായിക വിരുന്നായി മാറുമെന്ന് സംഘാടകർ അറിയിച്ചു. ആവേശകരമായ മത്സരങ്ങൾ, തികച്ചും സൗജന്യമായി സാക്ഷ്യം വഹിക്കുവാൻ അവസരം ഒരുക്കുന്ന, കൊമ്പൻസ് ഏകദിന ടൂർണമെന്റിലേക്ക്, എല്ലാ കായിക പ്രേമികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി കോർഡിനേറ്റർമാരായ മെൽവിൻ അഗസ്റ്റിൻ, ബേസിൽ ജോയി എന്നിവർ അറിയിച്ചു.











Leave a Reply