ഗുജറാത്തിലെ ജാംനഗറില്‍ ഹിന്ദുസേന സ്ഥാപിച്ച നാഥുറാം ഗോഡ്‌സെയുടെ പ്രതിമ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ദിഗുഭ ജഡേജയും കൂട്ടാളികളും ചേര്‍ന്നാണ് പ്രതിമ തകര്‍ത്തത്.

ചൊവ്വാഴ്ച്ച രാവിലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിമ തകര്‍ത്തത്. പ്രതിമ തകര്‍ക്കുന്നതിനിടെ അവര്‍ അതിന് ചുറ്റും കാവിത്തുണി കെട്ടിയിരുന്നു.

ജാംനഗറില്‍ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ച കാര്യം ഓഗസ്റ്റില്‍ ഹിന്ദുസേന പറഞ്ഞിരുന്നു. എന്നാല്‍ പ്രാദേശിക അധികാരികള്‍ സ്ഥലം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ‘നാഥുറാം ഗോഡ്സെ അമര്‍ രഹേ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി സംഘടന പ്രതിമ ഹനുമാന്‍ ആശ്രമത്തില്‍ സ്ഥാപിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയെ 1949 നവംബര്‍ 15നാണ് ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റിയത്. അവിടുത്തെ മണ്ണ് കൊണ്ടുവന്ന് അത് ഉപയോഗിച്ച് ഗോഡ്‌സെയുടെ പ്രതിമ നിര്‍മ്മിക്കുമെന്ന് ഹിന്ദു മഹാസഭ പറഞ്ഞിരുന്നു.

കഴിഞ്ഞയാഴ്ചയാണ് ഗോഡ്സെയെയും നാരായണ്‍ ആപ്തെയെയും വധിച്ച അംബാല ജയിലില്‍ നിന്ന് മഹാസഭ പ്രവര്‍ത്തകര്‍ മണ്ണ് കൊണ്ടുവന്നത്. ഈ മണ്ണ് ഉപയോഗിച്ച് ഗോഡ്സെയുടെയും ആപ്തെയുടെയും പ്രതിമകള്‍ നിര്‍മ്മിക്കുകയും അവ ഗ്വാളിയോറിലെ മഹാസഭയുടെ ഓഫീസില്‍ സ്ഥാപിക്കുകയും ചെയ്യുമെന്ന് ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ജൈവീര്‍ ഭരദ്വാജ് പറഞ്ഞതായി വാർത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.