മാഞ്ചസ്റ്റർ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി – ബേൺലി മത്സരത്തിനിടെ വെള്ളക്കാർക്ക് അഭിവാദ്യമർപ്പിക്കുന്ന ബാനറുമായി സ്റ്റേഡിയത്തിനു മുകളിലൂടെ വിമാനം പറന്നതിനെച്ചൊല്ലി വിവാദം. മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിനു മുകളിലൂടെയാണ് വെള്ളക്കാരെ പിന്തുണയ്ക്കുന്ന ബാനറുമായി വിമാനം പറന്നത്. യുഎസിൽ കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയ്ഡ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനു പിന്നാലെ ലോകവ്യാപകമായി ഉടലെടുത്ത പ്രതിഷേധങ്ങൾക്കിടെയാണ് സംഭവം. മത്സരം മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത അഞ്ചു ഗോളിനു ജയിച്ചിരുന്നു.
കറുത്ത വർഗക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ലോകവ്യാപകമായി നടക്കുന്ന ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ ക്യാംപെയ്ന് ഇരു ടീമുകളിലെയും താരങ്ങൾ സ്റ്റേഡിയത്തിൽ മുട്ടുകുത്തിനിന്നും മൗനമാചരിച്ചും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതേസമയത്താണ് ‘വൈറ്റ് ലൈവ്സ് മാറ്റർ ബേൺലി’ എന്നെഴുതിയ കൂറ്റൻ ബാനറുമായി വിമാനം സ്റ്റേഡിയത്തിനു മുകളില്‍ പ്രത്യക്ഷപ്പട്ടത്. മത്സരം തുടങ്ങിയശേഷവും ഈ ബാനറുമായി വിമാനം സ്റ്റേഡിയത്തിനു മുകളിൽ വട്ടമിട്ടു പറന്നു. വിമാനത്തിന്റെ ശബ്ദം സ്കൈ സ്പോർട്സിന്റെ ലൈവ് സംപ്രേഷണത്തിനിടെ വ്യക്തമായി കേൾക്കാമായിരുന്നുവെന്ന് ‘ദി ഇൻഡിപെൻഡന്റ്’ റിപ്പോർട്ട് ചെയ്തു.
കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്ന ഇംഗ്ലിഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ ശക്തമായ മുൻകരുതലുകളോടെ കഴിഞ്ഞ ബുധനാഴ്ചയാണ് പുനരാരംഭിച്ചത്. അന്നു മുതൽ കറുത്ത വർഗക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എല്ലാ ടീമുകളുടെയും താരങ്ങൾ ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്നെഴുതിയ ജഴ്സിയുമായാണ് കളത്തിലിറങ്ങുന്നത്. ഇതിനിടെയാണ് പ്രകോപനം സൃഷ്ടിച്ച് ‘വൈറ്റ് ലൈവ്സ് മാറ്റർ’ എന്നെഴുതിയ ബാനറുമായി സ്റ്റേഡിയത്തിനു മുകളിൽ വിമാനമെത്തിയത്.
അതേസമയം, മത്സരത്തിനിടെ സ്റ്റേഡിയത്തിനു മുകളിൽ പ്രത്യക്ഷപ്പെട്ട ബാനറുമായി ക്ലബ്ബിന് യാതൊരു ബന്ധവുമില്ലെന്ന് ബേൺലി മാനേജ്മെന്റ് വ്യക്തമാക്കി. ആ ബാനറിലെ എഴുത്ത് ക്ലബ്ബിന്റെ നിലപാടല്ലെന്നും അവർ അറിയിച്ചു. ഈ സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ അധികാരികളുമായി സഹകരിക്കുമെന്നും ക്ലബ് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ഇത്തിഹാദ് സ്റ്റേഡിയത്തിൽ അപമാനകരമായ ബാനറുമായി പ്രത്യക്ഷപ്പെട്ട ആ വിമാനത്തിനു പിന്നിൽ പ്രവർത്തിച്ചവരുടെ പ്രവൃത്തിയെ ഞങ്ങൾ കടുത്ത ഭാഷയിൽ അപലപിക്കുന്നു’ – ക്ലബ് പ്രസ്താവനയിൽ വ്യക്തമാക്കി. അവർക്ക് തങ്ങളുടെ ഹോം ഗ്രൗണ്ടായ ടർഫ് മൂറിലേക്ക് പ്രവേശനമില്ലെന്നും ബേൺലി വ്യക്തമാക്കി.
‘ആ ബാനറിലെ വാചകങ്ങൾ ബേൺലി ഫുട്ബോൾ ക്ലബ്ബിന്റെ നിലപാടുകളെ യാതൊരു വിധത്തിലും പ്രതിഫലിപ്പിക്കുന്നില്ല. ആ പ്രവൃത്തി ചെയ്തവരെ കണ്ടെത്താനും അവർക്ക് തക്കതായ ശിക്ഷ ഉറപ്പുവരുത്താനും ബേൺലി അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കും’ – ക്ലബ് അറിയിച്ചു.
പ്രീമിയർ ലീഗ് അധികൃതരോടും മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിനോടും ‘ബ്ലാക്ക് ലൈവ്സ് ക്യാംപെയ്ന്റെ ഭാഗമായ എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും ക്ലബ് അറിയിച്ചു. മത്സരശേഷം സംസാരിക്കുമ്പോൾ ബേൺലി ക്യാപ്റ്റൻ ബെൻ മീയും സംഭവത്തെ അപലപിച്ചു. അത്തരമൊരു ബാനറുമായി സ്റ്റേഡിയത്തിനു മുകളിലൂടെ വിമാനം പറത്തിയവർ 21–ാം നൂറ്റാണ്ടിലേക്ക് കടന്നുവരണമെന്ന് അദ്ദേഹം പരിഹസിച്ചു. സ്വയം ബോധവൽക്കരിക്കാനും അവരോട് മീ ആവശ്യപ്പെട്ടു.
Leave a Reply