ന്യൂസ് ഡെസ്ക് മലയാളം യുകെ
സോളിഹൾ : അവർക്ക് ഇനി മറ്റു വഴികളില്ല. തങ്ങളുടെ കുട്ടികളെ പിരിഞ്ഞിരുന്നേ മതിയാവൂ. രോഗാവസ്ഥയിലും മക്കളെ പിരിയുന്ന മനോവേദന കൂടി സഹിക്കേണ്ടി വരികയാണ് സോളിഹൾ സ്വദേശിയായ ആദം ഗ്രേവ്‌ലിയും (38) ഓസ്‌ട്രേലിയൻ സ്വദേശിയായ ഭാര്യ കെയ്‌റ്റ്‌ലും (39). ടെർമിനൽ കാൻസർ ബാധിതരായ ഇരുവരും ചികിത്സയ്ക്കായി കുട്ടികളെ പിരിയേണ്ട അവസ്ഥയിലാണ്. ഇരുവർക്കും സ്റ്റേജ് 4 ക്യാൻസർ ആണ്. കെയ്റ്റ്‌ലിന് കുടലിലാണ് ക്യാൻസർ. ഫെബ്രുവരി 4 നാണ് ആദം സ്റ്റേജ് 4 പാൻക്രിയാറ്റിക് ക്യാൻസർ ബാധിതനാണെന്ന് കണ്ടെത്തിയത്. രണ്ട് വയസുള്ള തിയയും നാല് മാസം മാത്രം പ്രായമുള്ള ഫിയണും ഇനി കഴിയേണ്ടത് മാതാപിതാക്കളുടെ സാമീപ്യം ഇല്ലാതെയാണ്. അതാണ് ഏറ്റവും ദുഃഖകരമായ അവസ്ഥ.
ആദം ഒരു ഗ്രാഫിക് ഡിസൈനറാണ്. സോളിഹളിൽ ജനിച്ചെങ്കിലും വളർന്നത് സർറേയിലെ ഫാർൺഹാമിലാണ്. ഒരു യാത്രക്കിടയിൽ 2009ലാണ് ഓൺലൈൻ ഡേറ്റിംഗിലൂടെ കെയ്റ്റിനെ കണ്ടുമുട്ടുന്നത്. ലാൻഡ്സ്കേപ്പ് ആർക്കിടെക്റ്റ് ആയ കെയ്റ്റ് വെസ്റ്റേൺ ഓസ്‌ട്രേലിയയിലാണ് വളർന്നത്. 2014 ഡിസംബർ 7 ന് പെർത്ത് ടൗൺഹാളിൽ വച്ച് ഇരുവരും വിവാഹിതരായി. കെയ്റ്റ്‌ലിന്റെ ക്യാൻസർ ഇപ്പോൾ കരളിലേക്കും വ്യാപിച്ചിട്ടുണ്ട്. 2020 ഒക്ടോബർ 14 ന് അവൾ തന്റെ രണ്ടാമത്തെ കുട്ടിയായ ഫിയറിന് ജന്മം നൽകി. ശേഷം കഠിനമായ വയറുവേദന അനുഭവപെട്ടു. പിന്നീട് അത് വൻകുടലിൽ മുഴയായി രൂപപ്പെട്ടു.
കെയ്റ്റ്‌ലിന്റെ ട്യൂമർ നീക്കം ചെയ്തു. ഇപ്പോൾ അവളുടെ കരളിലേക്ക് പടർന്ന ക്യാൻസറിനെ ഇല്ലാതാക്കാനുള്ള കീമോതെറാപ്പി നടന്നുവരികയാണ്. ഇവയെല്ലാം ഫിയൻ ജനിച്ച് ആദ്യത്തെ നാല് ആഴ്ചയ്ക്കുള്ളിൽ ആരംഭിച്ചു. ദമ്പതികൾ അവരുടെ പ്രതിവാര കീമോതെറാപ്പി സെഷനുകൾക്കായി ഒരുമിച്ച് യാത്രചെയ്യുന്നു. ഒപ്പം കുടുംബജീവിതം നിലനിർത്താൻ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തെ ആശ്രയിക്കുന്നുമുണ്ട്. ചികിത്സയുടെ ഭാഗമായി ഏപ്രിൽ വരെ അവരെ സന്ദർശിക്കാൻ കഴിയില്ല. ചികിത്സയിലൂടെ കടന്നുപോകുമ്പോൾ കുടുംബത്തെ സഹായിക്കാനായി ഒരു ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.