ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണയുമായി ശാസ്ത്രലോകം യുദ്ധം തുടങ്ങിയിട്ട് 6 മാസത്തിലേറെയായി . ഇതിനിടയ്ക്ക് പലതവണ രോഗത്തിൻറെ ലക്ഷണങ്ങൾ മാറി മറിഞ്ഞു. പലരും ലക്ഷണങ്ങൾ ഇല്ലാതെ കൊറോണ വൈറസിൻ്റെ സംവാഹകരാണെന്നത് ഞെട്ടലോടെയാണ് വൈദ്യശാസ്ത്ര ലോകം മനസ്സിലാക്കിയത്. മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും ഉൾപ്പെടെയുള്ള മുൻകരുതലുകളും ലോക്‌ഡൗണും യാത്ര നിരോധനവും എല്ലാം പരീക്ഷിച്ചെങ്കിലും സമ്പൂർണമായി കൊറോണയെ കീഴടക്കാൻ മിക്ക രാജ്യങ്ങൾക്കും ആയിട്ടില്ല .ഇന്ത്യയുൾപ്പെടെയുള്ള പല രാജ്യങ്ങളിലും നീണ്ടകാലത്തെ ലോക് ഡൗണിനു ശേഷവും അതിതീവ്രമായി കൂടുന്ന രോഗവ്യാപനത്തിന്റെ കണക്കുകളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊറോണയെ പിടിച്ചുകെട്ടാൻ പ്രതിരോധമരുന്ന് വികസിപ്പിക്കാൻ ആദ്യകാലം തൊട്ട് ശാസ്ത്രലോകം കിണഞ്ഞു പരിശ്രമിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് പരീക്ഷണങ്ങൾ വിജയിച്ചാൽ കോവിഡ് – 19 വാക്സിൻ ഒരു വർഷത്തിനുള്ളിൽ ലഭ്യമായേക്കാമെന്ന യു.കെ യിലെ പ്രമുഖ ശാസ്ത്രജ്ഞനായ പ്രൊഫസർ റോബിൻ ഷാട്ടോക്ക് വെളിപ്പെടുത്തിയത്. ഈ വാർത്ത കുറേ ആശ്വാസം പകരുന്നതാണെങ്കിലും ഒരു വർഷത്തെ കാത്തിരിപ്പ് വേണമെന്നുള്ളത് ആശങ്കയോടെയാണ് വൈദ്യശാസ്ത്ര ലോകം ശ്രവിച്ചത്. ലണ്ടനിലെ ഇംപീരിയൽ കോളേജിൽ വാക്സിൻ വികസിപ്പിക്കാൻ പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ടീമിനെ നയിക്കുന്ന പ്രെഫസർ റോബിൻ ഷാട്ടോക്കിന്റെ അഭിപ്രായത്തിൽ പരീക്ഷണങ്ങൾ ഫലപ്രാപ്തിയിൽ എത്തിയാൽ യുകെയിലെ ഓരോ വ്യക്തിയ്ക്കും മതിയായ വാക്സിൻ ലഭ്യമാകും.

വാക്സിൻ വികസിപ്പിക്കപെട്ടാലും ആശങ്കകൾ നിരവധിയാണ്. ഓരോ വ്യക്തിയിലും അതിന്റെ ഫലപ്രാപ്തി രോഗബാധിതരുടെ പ്രതിരോധ ശേഷിക്കനുസരിച്ചായിരിക്കും എന്നതാണ് വൈദ്യശാസ്ത്ര ലോകം നേരിടുന്ന അടുത്ത കടമ്പ.  15  വോളന്റിയർമാർക്ക് ഇതിനകം പ്രൊഫസർ ഷാട്ടോക്കിന്റെ നേതൃത്വത്തിൽ ട്രയൽ വാക്സിൻ നൽകി കഴിഞ്ഞു. വരും ആഴ്ചകളിൽ കൂടുതൽ ആളുകളെ ഉൾപെടുത്തി പരീക്ഷണങ്ങൾ നടത്തും. എല്ലാ വാക്സിനുകളും രോഗപ്രതിരോധശേഷി കൂടുതലുള്ളവരിൽ വിജയം ആയിരിക്കും.  എന്നാൽ തങ്ങൾ കൂടുതൽ രോഗപ്രതിരോധശേഷി കുറഞ്ഞവരിലും വിജയം വരിക്കുന്ന വാക്സിനുകൾക്കു വേണ്ടിയുള്ള പരിശ്രമത്തിലാണെന്ന് പ്രൊഫസർ പറഞ്ഞു .