ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ഗ്രേസ് വണ്‍ വിട്ടയക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതിയുടെ ഉത്തരവ്. കപ്പല്‍ വിട്ടയക്കുന്നതിനെതിരെ അമേരിക്ക നല്‍കിയ ഉത്തരവ് കോടതി തള്ളി. കപ്പലിലുണ്ടായിരുന്ന മൂന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയും മോചിപ്പിച്ചു. വണ്ടൂര്‍ സ്വദേശി അജ്മല്‍, ഗുരുവായൂര്‍ സ്വദേശി പ്രജിത്ത്‍, കാസര്‍കോട് ബേക്കല്‍ സ്വദേശി റെജിന്‍ എന്നിവരാണ് മോചിതരായ മലയാളികള്‍.
ജൂലൈ നാലിന് ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വെച്ച് ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്റെ ഗ്രേസ് വണ്‍ കപ്പലാണ് കോടതി ഉത്തരവിനെ തുടര്‍ന്ന് മോചിപ്പിക്കുന്നത്. കപ്പല്‍ വിട്ടയക്കാന്‍ ബ്രിട്ടന്‍ നേരത്തെ നീക്കം ആരംഭിച്ചിരുന്നു. ഇതിനെതിരെ അമേരിക്ക അപ്പീല്‍ നല്‍കുകയായിരുന്നു. എന്നാല്‍ അമേരിക്കയുടെ ആവശ്യം കോടതി തള്ളി.
കപ്പലിലെ 28 ജീവനക്കാരും കോടതി ഉത്തരവോടെ മോചിതരായി. ജീവനക്കാരില്‍ 24 പേര്‍ ഇന്ത്യക്കാരാണ്. ജീവനക്കാര്‍ക്കെതിരെ ജിബ്രാള്‍ട്ടര്‍ പൊലീസ് എടുത്ത ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി. ജീവനക്കാരില്‍ നിന്നും പിടിച്ചെടുത്ത സാധനങ്ങളെല്ലാം തിരികെ നല്‍കിയെന്ന് കപ്പലിലുള്ള മലപ്പുറം സ്വദേശി അജ്മല്‍ സ്വാദിഖ് പറഞ്ഞു. “എന്റെ മോചനത്തിന് നിയമസഹായം നൽികിയ എല്ലാവരോടും ഞാൻ നന്ദിയുള്ളവനുമാണ്.” ഗ്രേസ് 1 ടാങ്കറിന്റെ ഇന്ത്യൻ ക്യാപ്റ്റൻ പ്രസ്താവനയിൽ പറഞ്ഞു. മോചിതരായ മുഴുവന്‍ ഇന്ത്യക്കാരും ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു.
Leave a Reply