ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്രിമിനൽ റെക്കോർഡുകൾ ഉള്ള വിദേശികൾ യുകെയിൽ പ്രവേശിക്കുന്നതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾക്ക് കിഴക്കൻ യൂറോപ്പിൽ നിന്ന് ശിക്ഷിക്കപ്പെട്ട നൂറുകണക്കിന് കുറ്റവാളികളാണ് രാജ്യത്ത് പ്രവേശിച്ചിരിക്കുന്നത്. ACRO ക്രിമിനൽ റെക്കോർഡ്സ് ഓഫീസിൻ്റെ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. കഴിഞ്ഞ മൂന്ന് വർഷമായി, റൊമാനിയൻ അധികൃതരുമായി നടത്തിയ പരിശോധനയിൽ മാത്രം ഇത്തരത്തിലുള്ള 700 ലധികം കേസുകളാണ് കണ്ടെത്തിയത്. യുകെയിൽ കുറ്റകൃത്യം ചെയ്‌തതിന്‌ അറസ്റ്റിലായ പ്രതികൾക്ക് വിദേശത്ത് മുൻകൂർ ശിക്ഷയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇവയിൽ കൊലപാതകം, നരഹത്യ, ബലാത്സംഗം, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളും ഉൾപ്പെടുന്നു.

വിവരാവകാശ അപേക്ഷകൾക്ക് പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വന്നത്. യുകെയിലെ വിസ സംവിധാനത്തിലെ പോരായ്‌മകൾ ഈ റിപ്പോർട്ട് എടുത്ത് കാണിക്കുന്നു. നിലവിൽ ഗുരുതരമായ ക്രിമിനൽ ചരിത്രമൊന്നുമില്ലെന്ന് സെൽഫ് – ഡിക്ലറേഷൻ നടത്തിയാൽ രാജ്യത്ത് പ്രവേശിക്കാൻ സാധിക്കും. ബ്രെക്‌സിറ്റിനു ശേഷമുള്ള മാറ്റങ്ങൾ അനുസരിച്ച് ഒരു വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന വിദേശ പൗരന്മാർക്ക് പ്രവേശനം നിഷേധിക്കാൻ സർക്കാരിന് സാധിക്കും.

യുകെയിലെ തൻെറ പങ്കാളിയെ കൊലപ്പെടുത്തിയതിന് ലിത്വാനിയൻ പൗരനായ വിറ്റൗട്ടാസ് ജോകുബൗസ്കസിനെ അറസ്റ്റ് ചെയ്‌തപ്പോഴാണ് ലിത്വാനിയയിൽ മുൻപ് നരഹത്യക്ക് ഇയാളെ ശിക്ഷിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഇത്തരത്തിൽ പ്രതികളെ കുറ്റകൃത്യത്തിന് അറസ്റ്റ് ചെയ്യുമ്പോൾ മാത്രമാണ് ഇവരുടെ ക്രിമിനൽ പശ്ചാത്തലം പോലീസ് അറിയുന്നത്. വിസ അപേക്ഷകർ ഏതെങ്കിലും ക്രിമിനൽ ചരിത്രം ഉള്ളവരാണെങ്കിൽ അത് വെളിപ്പെടുത്തണമെന്ന് ഹോം ഓഫീസ് വക്താവ് പറയുന്നു. യുകെയിൽ അറസ്റ്റിലായ വിദേശ പൗരന്മാരെ വിദേശ ശിക്ഷാ നടപടികൾക്ക് വിധേയരാക്കുകയാണ് പതിവ്. പിന്നീട് കുറ്റകൃത്യങ്ങൾക്കനുസരിച്ച് ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെൻ്റിലേക്ക് റഫർ ചെയ്യും. നിയമപാലകരെ പിന്തുണയ്ക്കുന്നതിനായി മറ്റ് രാജ്യങ്ങളുമായി ക്രിമിനൽ റെക്കോർഡുകൾ കൈമാറുന്നതിനുള്ള സംവിധാനങ്ങൾ യുകെ നടപ്പിലാക്കുന്നുണ്ടെന്നും ACRO പറഞ്ഞു.