ബര്‍മുഡ ട്രയാംഗിളിലേക്ക് യാത്ര ചെയ്യാന്‍ ആളുകളെ ക്ഷണിച്ചുകൊണ്ടുള്ള നോര്‍വീജിയന്‍ കമ്പനിയുടെ പരസ്യം ചര്‍ച്ചയാകുന്നു. കപ്പല്‍ കാണാതായാല്‍ ടിക്കറ്റ് പൈസ മുഴുവന്‍ തിരികെ നല്‍കാമെന്ന കമ്പനിയുടെ വാഗ്ദാനത്തില്‍ പകച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
കപ്പല്‍ കമ്പനിയായ നോര്‍വീജിയന്‍ ക്രൂസ് ലൈന്‍ എന്ന കമ്പനിയാണ് നിഗൂധതകളൊളിപ്പിച്ച ബര്‍മുഡ ട്രയാംഗിളിലേക്ക് യാത്ര സംഘടിപ്പിക്കുന്നത്. കമ്പനിയുടെ നോര്‍വീജിയന്‍ പ്രൈമ എന്ന കപ്പലിലാണ് യാത്ര. ബര്‍മുഡ ട്രയാംഗിളില്‍പ്പെട്ട കപ്പലുകളോ വിമാനങ്ങളോ ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നിരിക്കെ ഈ കപ്പല്‍ യാത്രാമധ്യേ കാണാതായാല്‍ ടിക്കറ്റ് തുക മുഴുവന്‍ മടക്കി നല്‍കുമെന്നാണ് അധികൃതരുടെ അറിയിപ്പ്.
എന്നാല്‍ കപ്പല്‍ കാണാതായാല്‍ തുക ആര്‍ക്ക് നല്‍കുമെന്നാണ് നെറ്റിസണ്‍സിന്റെ ചോദ്യം. രണ്ട് ദിവസത്തെ യാത്രയ്ക്കാണ് കപ്പല്‍ തയ്യാറെടുക്കുന്നത്. ഈ രണ്ട് ദിവസത്തേക്ക് 1,450 യൂറോ അഥവാ 1.4 ലക്ഷം രൂപയാണ് ഫീസ്. ന്യൂയോര്‍ക്കില്‍ നിന്ന് കപ്പല്‍ യാത്ര തുടങ്ങും.
ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു പ്രദേശമാണ് ബെർമുഡ ത്രികോണം അഥവാ ബെർമുഡ ട്രയാംഗിൾ (Bermuda Triangle). ബെർമുഡ, പോർട്ടോ റിക്കോ, ഫ്ലോറിഡ മുനമ്പ് എന്നീ പ്രദേശങ്ങൾ കോണുകളാക്കിയുള്ള സാങ്കൽപ്പിക ത്രികോണത്തിനുള്ളിലുള്ള പ്രദേശമാണിത്. ഏതാണ്ട് 3,90,000 ച.കി.മീ വിസ്തീർണ്ണമുണ്ട് ഈ പ്രദേശത്തിന്. ഇതുവരെ പതിനാറ് വിമാനാപകടങ്ങളും പതിനേഴ് കപ്പല്‍ അപകടങ്ങളും ബര്‍മുഡ ട്രയാംഗിളില്‍ നടന്നിട്ടുണ്ട്. ഇതില്‍ പകുതിയുടെയും അവശിഷ്ടങ്ങള്‍ പോലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇങ്ങനൊരു ഭീകരപ്രദേശത്തിന്റെ വിവരണം മാനവരാശിക്ക് ആദ്യമായി ലഭിച്ചത് അമേരിക്കൻ തീരത്തിനു സമീപമുള്ള ബഹാമാസ് ദ്വീപിലെത്തിയ ക്രിസ്റ്റഫർ കൊളംബസിന്റെ യാത്രാനുഭവങ്ങളിൽ കൂടിയാണ്. ആ പ്രദേശത്തുകൂടി പോയപ്പോൾ തീഗോളങ്ങൾ കടലിൽ വീഴുന്നത് കണ്ടുവെന്നും വടക്കുനോക്കി യന്ത്രത്തിന്റെ സൂചികൾ ദിക്കറിയാതെ വട്ടം കറങ്ങിയെന്നും അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. പിന്നീട് ഇരുപതാം നൂറ്റാണ്ട് വരെ ഈ പ്രദേശത്തേക്കുറിച്ചുള്ള ഒരു രേഖകളും ലഭിച്ചില്ല.
1918 മാർച്ചിൽ അമേരിക്കൻ നേവിയുടെ യുഎസ്‌എസ് സൈക്ലോപ്സ് എന്ന 542 അടി നീളമുള്ള ചരക്കു കപ്പൽ ഈ പ്രദേശത്ത് കാണാതായി. കാണാതാകുന്ന സമയത്ത് ഈ കപ്പലിൽ 300 ഓളം ജീവനക്കാരും ഏതാണ്ട് 10,000 ടൺ മാംഗനീസുമുണ്ടായിരുന്നു. എന്നാൽ ഇതിനെന്തു സംഭവിച്ചു എന്ന് ആർക്കും മനസ്സിലായില്ല. ഇതിനേക്കുറിച്ച് യാതൊരു വിവരവും പിന്നീട് ലഭിച്ചിട്ടുമില്ല.
ഫ്‌ലൈറ്റ് 19 എന്ന വിമാനത്തിന്റെ തിരോധാനമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും ദുരൂഹമായ സംഭവം. ഇതിനെ തിരഞ്ഞുപോയ അമേരിക്കയുടെ അഞ്ച് ബോംബർ വിമാനങ്ങൾ ദുരൂഹസാഹചര്യത്തിൽ പ്രത്യക്ഷമായതോടെയാണ് ഈ ‘നിഗൂഢതയെ’ കുറിച്ച് ലോകമറിയുന്നത്. വിമാനത്തെ അന്വേഷിച്ചയച്ച വിമാനങ്ങളും കാണാതായി. 27 പേരും ആറു വിമാനങ്ങളും പിന്നീട് തിരിച്ചു വന്നില്ല.
1945 ഡിസംബർ 5നാണ് സംഭവം. കഴിഞ്ഞ 100 വർഷത്തിനിടക്ക് ഏകദേശം ആയിരത്തോളം ജീവനുകൾ ബർമുഡ ത്രികോണം എടുത്തിട്ടുണ്ട്. എല്ലാം നിഗൂഢ കാരണങ്ങളാലല്ല കാണാതായത്. എങ്കിലും കടൽയാത്ര സുഖകരമായ പ്രദേശമല്ല ഈ ഭാഗമെന്നാണ് തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നത്.
പതിറ്റാണ്ടുകളോളം മനുഷ്യനെ കുഴക്കിയ ബർമൂഡ ട്രയാംഗിളിന്റെ നിഗൂഢതയെ പൊളിച്ചടുക്കിയെന്ന അവകാശവാദവുമായി 2017 ൽ ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ കാൾ ക്രുഷേൽനിക്കി രംഗത്ത് വന്നിരുന്നു. മറ്റേത് സമുദ്രത്തിലും കപ്പൽ അപകടത്തിൽപ്പെടാനുള്ള സാധ്യതകൾ മാത്രമേ ബർമൂഡ ട്രയാംഗിളിലും ഉള്ളു എന്നും ഇവിടെ മറ്റ് പ്രത്യേകതകളൊന്നും ഇല്ലെന്നുമാണ് അദ്ദേഹം അന്ന് പറഞ്ഞത്.
Leave a Reply